രചന : സഫൂ വയനാട് ✍

ഖൽബ് നിറയെ വേദനകളാൽ
ചോരചാലു കീറിയിരുന്നുവെങ്കിൽ
സ്വലാത്തെനിക്ക് പൂമെത്തയായ്
തീർന്നേനെ….
ഇരുളിന്റെ അഗാധ ഗർത്തങ്ങളിലേക്ക്
ചിറകറ്റ് വീഴവേ അങ്ങയുടെ
ചെറുവിരൽ തുമ്പിനായ്
ഞാൻ അതിയായ് മോഹിച്ചേനെ..
ഹയാത്തിലുടനീളം
ഹബീബിന്റെ പോരിശയോതുവാൻ
ഭാഗ്യം സിദ്ധിച്ചിരുന്നുവെങ്കിൽ
പ്രണയത്തിന്റെ പരകോടിയിൽ
ഞാൻ ഉന്മാദിയായ് മാറിയേനെ
ഖൽബിലെ അന്ധകാരമൊന്നു പെയ്തു തീർന്നിരുന്നുവെങ്കിൽ
ഫിഖ്റുകളിൽ സദാ അങ്
വർണ്ണപ്രഭയാൽ ഒളിലെങ്കി മറിഞ്ഞേനെ…
ഇന്നീ പ്രപഞ്ചമാകെയും
തങ്ങളോടുള്ള ഇഷ്‌ക്
കരകവിഞ്ഞൊഴുകുന്നു.
അർശും കുർശും
കോരിത്തരിക്കുന്നു.
അതുകാണുവാനുള്ള കാഴ്ച
തിന്മയുടെ തിമിരം ബാധിച്ച
കണ്ണുകൾക്കന്ന്യമാകുന്നു.
ഏത് വസന്തമെന്നെ
വാരിപുതക്കുമ്പഴും
അങ്ങയോടുള്ള
ഹുബ്ബെഴുതിയെൻ കൈകൾ
കുഴഞ്ഞിരുന്നുവെങ്കിൽ,
ഹൃദയമൊരു പൂവാടിയായ്
തീർന്നേനേ.
ഏതിരുളിലും പാപക്കറയുടെ
പടിവാതിൽക്കലെത്തുമ്പോൾ
നറു നിലാവ്പോലെ
അങ്ങയുടെ തേജസെനിക്ക്
ദർശിക്കുവാൻകഴിഞ്ഞിരുന്നുവെങ്കിൽ,
എനിക്ക് ചുറ്റും ആകാശത്തിലെ മാലാഖമാർ തിരു മദ്ഹ് പാടിയേനെ.
പ്രപഞ്ച ചരാചരങ്ങളുടെ
നിശ്വാസത്തിനു കാരണദൂതരായ
അങ്ങ്‌ പിറന്ന റബീഹിന്റെ രാവിനെ വരവേൽക്കാൻ ഇന്ന് ഏത്
കവിതയെഴുതി ഞാൻ മർഹബ പാടും?
ഹബീബിന്റെ വസ്ഫുകൾ കോർത്ത
നശീദകൾ കൊണ്ട് റൗളയുടെ
പച്ച കുബ്ബകയിലൂടെ ഇഷ്ലിൻ
ശീലുകൾ കര കവിഞ്ഞൊഴുകട്ടെ…
അധരമാൽ
മദ്ഹുരുവിടുമ്പോൾ ഹൃത്തിൽ
ഹബീബാരോടുള്ള തീവ്ര സ്നേഹം അണപൊട്ടി ഒഴുകട്ടെ…
പാപക്കറകൾ ഉരുകിയൊലിക്കട്ടെ
മർഹബൻ അഹ്‌ലൻ വ സഹ്‌ലാ
യാറസൂൽ,ഹിറാ ഗഹ്വരത്തിൽ അങ്ങയുടെ പാദസ്പർശമേറ്റ
നൂർ പർവ്വതം റബീഹിന്റെ ദിവ്യപ്രകാശത്താൽ
പൂരിതമാവുന്നത് എനിക്ക്‌ കാണുവാനാകുന്നുണ്ട്‌.
തിരു ദൂതരുദയം കൊണ്ട പുണ്ണ്യ മാസമേ
ഓഹ് റബീഹ് നീ എത്ര ഭാഗ്യവാൻ!

സഫൂ വയനാട്

By ivayana