രചന : മായ അനൂപ് ✍

പ്രണയപരാഗം നുകരുവാനായെന്നിൽ
വന്നണഞ്ഞോരു ശലഭമോ നീ
മായ്ക്കുവാനാകാത്തൊരായിരം
വർണ്ണങ്ങൾ ചാലിച്ച വാർമഴവില്ലഴകോ
സ്വപ്നമായ് രാവിലെൻ
ചാരത്തണഞ്ഞെന്നെ
വാരിപ്പുണരുന്ന ഗന്ധർവ്വനോ
ദൂരെയെന്നാകിലും കിരണങ്ങളാലെന്നേ
തഴുകുന്ന രാഗത്തിൻ പൂർണേന്ദുവോ
ചെഞ്ചുണ്ടിൽ പുഞ്ചിരിപ്പൂവു പോൽ രാവിനേ
മായ്ക്കുവാനെത്തുന്ന പൊന്നുഷസ്സോ
എന്റെ പകലുകൾക്കിന്നു വെളിച്ചം
പകരുവാനെത്തും ദിവാകരനോ
വാടിത്തളർന്ന് പോയെന്നാകിലെന്നേ
തഴുകിയുണർത്തുന്ന പൂന്തെന്നലോ
ദുഃഖമാമഗ്നിയണയ്ക്കുവാനായെന്നിൽ
പെയ്തൊരു സ്നേഹത്തിൻ പൂമാരിയോ
പൊൻപാദസ്പർശത്താൽ ശാപമോക്ഷം
തരാനെത്തിയ ദേവനാം ശ്രീരാമനോ
അഞ്ചിതൾ പൂക്കളാൽ അമ്പുകൾ
തീർത്തൊരു സുന്ദരനാം കാമദേവനാണോ
എൻ മനമാകും മരുഭൂവിലായിന്നു
പൂത്തു വിടർന്നൊരു വാസന്തമോ
ആരാണ് നീ ഒന്നു ചൊല്ലുമോ എന്നുടെ
മാനസം കട്ടൊരു ചോരനാണോ

മായ അനൂപ്

By ivayana