രചന : ഒ.കെ.ശൈലജ ടീച്ചർ✍

അച്ഛന്റെ മരണം ഏറ്റവും കൂടുതൽ തളർത്തിയത് അവളെയായിരുന്നു. അമ്മയും രണ്ട് അനിയന്മാരും അടങ്ങുന്ന ആ കൊച്ചു കുടുംബത്തെ പട്ടിണിയറിയാതെ സംരക്ഷിച്ചിരുന്ന കുടുംബസ്നേഹിയായ അച്ഛന്റെ പെട്ടെന്നുള്ള വിയോഗത്തിന്റെ തളർച്ചയിൽ നിന്നും കുടുംബത്തെ രക്ഷപ്പെടുത്തേണ്ട ചുമതല തനിക്കാണെന്നവൾ മനസ്സിലാക്കി.


അച്ഛന്റെ സ്ഥാനം അവൾ സ്വയം ഏറെറടുക്കുകയായിരുന്നു.
പി.ജി കഴിഞ്ഞതിനു ശേഷം ജോലിക്കു വേണ്ടി പി.എസ്.സി കോച്ചിംഗിന് പോയ്ക്കൊണ്ടിരിക്കുകയായിരുന്നു.
അച്ഛന്റെ സുഹൃത്തായ രമേശേട്ടൻ ശുപാർശ ചെയ്തതനുസരിച്ച് അടുത്തുള്ള ഒരു കമ്പനിയിൽ ജോലി കിട്ടി. അത് ആ കുടുംബത്തിനൊരാശ്വാസമായി.
അനിയന്മാർ രണ്ടു പേരും വളർന്നു. പഠിക്കാൻ മിടുക്കരായ അവരെ പഠിപ്പിക്കാനായിട്ട് അവൾ ബാങ്കിൽ നിന്നും ലോണെടുത്തു. കിടപ്പാടം പണയപ്പെടുത്തിയിട്ടാണ് എടുത്തതെന്ന് അമ്മയോട് മാത്രം പറഞ്ഞു.


പതിവ് പോലെ കമ്പനിയിൽ നിന്നും ജോലി കഴിഞ്ഞ് തിടുക്കത്തിൽ നടക്കുകയായിരുന്നു അവൾ.
‘ഈശ്വരാ ഇന്നെങ്കിലും ഇരുട്ടുന്നതിനു മുൻപേ വീടെത്താൻ കഴിയണേ .”
നടക്കുന്നതിനിടയിൽ സുധ വാനിലേക്ക് നോക്കി. കരവിരുതുള്ള ഭാവനാസമ്പന്നനായ ഒരു ചിത്രകാരന്റെ ക്യാൻവാസ് എന്നപോലെ പടിഞ്ഞാറൻ ചക്രവാളം വിവിധ ചായക്കൂട്ടുകളാൽ മനോഹരങ്ങളായ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. പകലോൻ ചക്രവാള സീമയിലേക്ക് പതുക്കെ മറഞ്ഞുകൊണ്ടിരിക്കുന്നു.
പകലിനോട് വിട പറഞ്ഞു സന്ധ്യാദേവിക്ക് സ്വാഗതമരുളിക്കൊണ്ടുള്ള സൂര്യന്റെ വിടവാങ്ങൽ ….


പ്രകൃതി എല്ലാം അതിന്റെ മുറയ്ക്ക് കൃത്യമായും ഭംഗിയായും ചെയ്യുന്നു. ബുദ്ധിമാനെന്ന് അഹങ്കരിക്കുന്ന മനുഷ്യർക്ക് ഇത്ര കൃത്യമായും ഭംഗിയായും കാര്യങ്ങൾ ചെയ്യാൻ പറ്റുന്നുണ്ടോ ?”
” എനിക്ക് പറ്റുന്നുണ്ടോ എന്റെ കുടുംബത്തിന്റെ കാര്യങ്ങൾ ഇത്ര ഭംഗിയായും കൃത്യമായും ചെയ്യുവാൻ . ഇനി അതിനാവുമോ. ചെറിയ വരുമാനമല്ലേ ഈ
ജോലിയിൽ നിന്നും കിട്ടുന്നുള്ളൂ. നല്ലൊരു ജോലി കിട്ടാൻ ശ്രമിക്കണം അല്ലാതെ പറ്റില്ല”
ഇങ്ങനെ പലവിധ ചിന്തകളാൽ നടന്നു നടന്നു ബസ്സ്സ്റ്റോപ്പിൽ എത്തി. അവിടെ അവളുടെ ചങ്ങാതി ഗോപാലൻ ഇരിക്കുന്നുണ്ടായിരുന്നു.
” മോളേ സുധേ നീ ജോലി കഴിഞ്ഞു വരുകയാണോ .”


ഗോപാലേട്ടന്റെ വാക്കുകൾ കേട്ടപ്പോൾ ചിരിച്ചു കൊണ്ട് അതെ എന്ന് പറഞ്ഞു.
” ഞാൻ മോളെ ഒന്ന് കാണണമെന്നും ഒരു കാര്യം പറയണമെന്നും കരുതിയിട്ട് കുറച്ചു ദിവസമായി.”
” ഗോപാലേട്ടൻ പറഞ്ഞോളൂ. ബസ്സ് വരാറായി.”
“മോൾക്കൊരു വിവാഹക്കാര്യം ആണ് .”
“എനിക്കോ !! എനിക്കതിനൊന്നും സമയമായിട്ടില്ല. അങ്ങനെയൊരു മംഗല്യഭാഗ്യം എനിക്കുണ്ടാവുകയുമില്ല.”
“അങ്ങനെയങ്ങ് തീർത്തു പറയല്ലേ . നമ്മളാണോ എല്ലാം തീരുമാനിക്കുന്നത്. ഓരോന്നും അതാത് സമയത്ത് വന്നുചേർന്നു കൊള്ളും പ്രത്യേകിച്ച് മോളെപ്പോലെ നന്മയും സൗന്ദര്യവും വിദ്യാഭ്യാസവുമുള്ള പെൺകുട്ടികൾക്ക് .”
“ദാ… ബസ്സ് വരുന്നു ഞാൻ പോകട്ടെ ഗോപാലേട്ടാ …”


“ശരി മോളെ ഞാൻ വീട്ടിലോട്ടു വരുന്നുണ്ട്. സരസ്വതിയമ്മയുമായിട്ട് സംസാരിച്ചോളാം”
പറഞ്ഞത് പോലെ രണ്ടു ദിവസം കഴിഞ്ഞ് ഗോപാലൻസുധയുടെ വീട്ടിലെത്തി സരസ്വതിയമ്മയുമായി സുധയ്ക്കു വേണ്ടി കല്യാണാലോചന നടത്തി. പയ്യൻ വലിയ പണക്കാരനും സുന്ദരനും സൽസ്വഭാവിയുമാണ്. വിദേശത്താണ് ജോലി. പക്ഷേ രണ്ടാം വിവാഹമാണ്. ആദ്യഭാര്യ പ്രസവത്തിൽ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. മകനെ അമ്മ വീട്ടുകാരാണ് നോക്കുന്നത്. രണ്ടാം കല്യാണമാണെന്നും മോനുണ്ടെന്നും കരുതി വിഷമിക്കേണ്ട. ഇങ്ങനെയൊരു പയ്യനെ കിട്ടാൻ ഭാഗ്യം ചെയ്യണം. നിങ്ങളുടെ കുടുംബം രക്ഷപ്പെടാനായിട്ട് ദൈവം കൊണ്ടു തന്നതാണ് ഈ സൗഭാഗ്യമെന്ന് മാത്രം കരുതിയാൽ മതി.”


കേട്ടയുടനെ സരസ്വതിയമ്മയ്ക്ക് ഇഷ്ടമായില്ല. ഗോപാലൻ വീണ്ടും ഓരോ കാര്യങ്ങൾ പറഞ്ഞപ്പോൾ അവരുടെ മനസ്സ് സമ്മതം മൂളി.
“എന്തായാലും സുധയുടെ അഭിപ്രായം കൂടി അറിഞ്ഞിട്ടു പറയാം.”
“അത് മതി സരസ്വതിയമ്മേ സുധയുമായി നിങ്ങൾ സംസാരിച്ചോളൂ. എന്തായാലും ഞാൻ പയ്യനേയും കൂട്ടി ഞായറാഴ്ച വരുന്നുണ്ട്”
പിന്നെയെല്ലാം ഗോപാലൻ മനസ്സിൽ വിചാരിച്ചത് പോലെ പെട്ടെന്ന് തന്നെ നടന്നു. കുടുംബം രക്ഷപ്പെടുമല്ലോ എന്നോർത്തപ്പോൾ സുധയും മറുത്തൊന്നും പറഞ്ഞില്ല.
ലളിതമായി വിവാഹം നടന്നു. അധികനാൾ കഴിയുന്നതിനു മുമ്പേ ജയരാജ് തന്റെ മകനെ അവന്റെ അമ്മ വീട്ടിൽ നിന്നും അവർ താമസിക്കുന്ന വീട്ടിലേക്കു കൊണ്ടുവന്നു.


“സുധേ നമ്മുടെ മോനാണ് അഭിജിത്ത്. ഇനി നീയാണ് അവന് അമ്മ. അമ്മയുടെ സ്നേഹവും വാത്സല്യവും പരിചരണവും നല്കി മിടുക്കനായി അവനെ വളർത്തണം.”
തന്റെ ഭർത്താവിന്റെ വാക്കുകൾ ശിരസാ വഹിച്ചു കൊണ്ട് അഭി മോനെ തന്റെ നെഞ്ചിൽ കിടത്തിയവൾ ഉറക്കി.
കാലചക്രം ആരേയും കാത്തു നിലക്കാറില്ലല്ലോ. ഋതുക്കൾ മാറി വന്നുകൊണ്ടിരുന്നു.
അഭിക്ക് അഞ്ച് വയസ്സ് തികഞ്ഞപ്പോൾ അവനെ ഏറ്റവും മികച്ച സ്ക്കൂളിൽ ചേർക്കണമെന്ന ജയരാജിന്റെ അഭിപ്രായം തന്നെയായിരുന്നു സുധയ്ക്കും. പക്ഷേ അവളിലെ സ്ത്രീയുടെ മോഹം . സ്വന്തം കുഞ്ഞിനെ പ്രസവിച്ചു മുലയൂട്ടാനുള്ള സ്വപ്നം പൂവണിയാതെ നില്ക്കുന്നു. അതവളെ വല്ലാതെ വേദനിപ്പിക്കുന്നു.
അഭിമോനെ സ്നേഹിച്ചും ലാളിച്ചും പരിചരിച്ചും അവളുടെ ദിനങ്ങൾ കൊഴിഞ്ഞു പോകുന്നുണ്ടെങ്കിലും” അമ്മേ” എന്ന മോന്റെ വിളിയിൽ മനസ്സ് സന്തോഷിക്കുന്നുണ്ടെങ്കിലും പൂത്ത് വിടർന്നു കായ്ഫലമുണ്ടാകുമ്പോഴാണല്ലോ ഒരു മരമായാലും മനുഷ്യനായാലും ആ ജന്മം സഫലമാകുന്നത്.


ജയരാജ് ആണെങ്കിൽ എപ്പോഴും അഭിയുടെ കാര്യം മാത്രമാണ് മനസ്സിൽ. അവനൊരു കുറവും വരാതെ നോക്കാനുള്ള ഒരു ആയമാത്രമാണ് സുധ എന്ന് തോന്നിപ്പോകും അയാളുടെ വാക്കും പ്രവൃത്തിയും കണ്ടാൽ.
സുധ അയാളുടെ ഭാര്യയാണെന്നും അവൾക്കും മോഹങ്ങളും സ്വപ്നങ്ങളുമുണ്ടെന്നും ചിന്തിക്കുകയോ, മനസ്സിലാക്കുകയോ ഉണ്ടായില്ല.
ഒരു ദിവസം സുധ ജയരാജിനോട് തന്റെ ആഗ്രഹം ചെറുതായി സൂചിപ്പിക്കാനൊരു ശ്രമം നടത്തിയതേ ഉള്ളൂ.


“നീ അഭിമോന്റെ അമ്മയാണ് നമുക്ക് അവൻ മതി. അവൻ വളർന്ന് വലുതാകട്ടെ .അതാണ് നിന്റെ കടമ. അതിൽ ക്കവിഞ്ഞൊരു മോഹ മോ, സ്വപ്നമോ വേണ്ട. അമ്മയില്ലാത്ത മകനായിട്ടല്ല അവൻ വളരേണ്ടത്. അതിനല്ല ഞാൻ നിന്റെ കൊച്ചുപുരയിൽ വന്ന് ഗതിയില്ലാത്ത നിന്നെ വിവാഹം ചെയ്തത്. നിന്റെ കുടുംബം രക്ഷപ്പെട്ടില്ലേ?
അവിടെ ഇപ്പോൾ വലിയ കോൺക്രീറ്റ് വീട് വന്നില്ലേ?
നിന്റെ സഹോദരങ്ങൾക്ക് ജോലി ആയില്ലേ?
നിന്റെ അമ്മയ്ക്ക് മാസാമാസം നല്ലൊരു തുക നല്കുന്നില്ലേ?
ഇത്രയൊക്കെ നിനക്കു വേണ്ടി ചെയ്തത് എന്റെ മകനെ നീ സ്വന്തം മകനായി സ്നേഹിച്ചു വളർത്തുമെന്ന വിശ്വാസം കൊണ്ടുമാത്രമാണ്.”


” ഏട്ടൻ പറഞ്ഞത് മുഴുവൻ സത്യമാണ് ഞാനത് മനസ്സിലാക്കുന്നു. എന്റെ സ്വന്തം മകനായിട്ട് തന്നെയാണ് അഭി മോനെ ഞാൻ വളർത്തുന്നതും സ്നേഹിക്കുന്നതും. പക്ഷേ എന്നിലെ സ്ത്രീയുടെ വേദന …. ഗർഭം ധരിക്കാനും പ്രസവിച്ചു മൂലയൂട്ടി വളർത്താനുമുള്ള മോഹം ….അതെനിക്ക് സഫലമാക്കിത്തരണം. ഇതെന്റെ അവകാശമാണ് ! അപേക്ഷയാണ്”
“സുധേ……..”
അതൊരലർച്ചയായിരുന്നു. അത്വരെ കാണാത്ത ജയരാജിനെയായിരുന്നു ആ നിമിഷം അവൾ കണ്ടത്.
“നിന്റെ ഒരവകാശവും നടക്കില്ല.” ജയരാജിന്റെ കടുത്ത വാക്കുകൾ കേട്ട് ഒന്ന് പകച്ചുപോയെങ്കിലും ധൈര്യം വീണ്ടെടുത്ത് സുധ പറഞ്ഞു.” എന്റെ ന്യായമായ ആഗ്രഹം , ഒരു ഭാര്യയുടെ അവകാശം നിഷേധിക്കുകയാണെങ്കിൽ എനിക്ക് എന്റേതായൊരു തീരുമാനം എടുക്കേണ്ടിവരും.”


അവളുടെ ഉറച്ച ശബ്ദത്തിലുള്ള വാക്കുകൾ ജയരാജിനെ ശാന്തനാക്കി. അയാൾ അല്പനേരം മൗനം ഭജിച്ചു. കുറച്ചു കഴിഞ്ഞ് സൗമ്യനായി പറഞ്ഞു.
“ശരി നിന്റെ വേദന ഞാൻ മനസ്സിലാക്കുന്നു. നമുക്കാലോചിക്കാം. എനിക്ക് കുറച്ചു സമയം കൂടി വേണം. ഒരു രണ്ടോ, മൂന്നോ വർഷം കൂടി നീ ക്ഷമയോടെ കാത്തിരിക്കണം. അഭി മോന്റെ കണ്ണ് നിറയുന്നത് എനിക്ക് സഹിക്കാനാകില്ല.”
“സാരമില്ല. ഞാൻ കാത്തിരിക്കാം. എന്നെ മനസ്സിലാക്കിയല്ലോ. അഭിമോനാണ് എന്റെ മൂത്ത കുഞ്ഞ്. അത് ഓർത്ത് ഏട്ടൻ വിഷമിക്കേണ്ട . ഞാനുറപ്പ് തരുന്നു. മോൻ ഒരിക്കലും സങ്കടപ്പെടില്ല.”


സുധ ജയരാജിന്റെ അടുത്തു വന്നു ഇരുന്നിട്ട് അയാളുടെ കൈത്തലമെടുത്ത് മടിയിൽ വെച്ചിട്ടു പറഞ്ഞു.
ജയരാജിന്റെ കണ്ണിൽ നിന്നും അടർന്നു വീണ കണ്ണീർത്തുള്ളികൾ സുധയുടെ കൈകളിൽ വീണപ്പോൾ അവളുടെ എല്ലാ സങ്കടങ്ങളും പെയ്തൊഴിഞ്ഞു പോയി. അവളിലെ സ്വപ്നങ്ങൾക്ക് ചിറക് മുളച്ചു തുടങ്ങി.

ഒ.കെ.ശൈലജ ടീച്ചർ

By ivayana