രചന : എൻ.കെ അജിത്ത്✍
ഒരു ചുംബനത്തിനായ് ദാഹിച്ചു നിന്നിടും
മൃദുവായ ചെമ്പനീർപ്പൂവുപോലെ
ഒരു പ്രഭാതത്തിന്റെ നിർമ്മല ഭാവമായ്
മനസ്സിൽ വിളങ്ങുന്നു, ഓമലേ നീ
ചെതമുള്ള ചെഞ്ചൊടിപ്പൂവിൽ നിന്നുതിരുന്ന
മൃദുവാണിയെന്നും മൊഴിഞ്ഞു കേൾക്കാൻ
പ്രിയദേ കൊതിപ്പു ഞാനതിനായിയീവഴി
പലവേള നിന്നെത്തിരക്കിയെത്താറുണ്ട്
ഒരു മഞ്ഞുതുള്ളിതൻ പരിശുദ്ധിയാണു നീ
മധുവാഹിവണ്ടുകൾ മോഹിച്ച പൂവ് നീ
പരിലസിക്കുന്നു നീയാരാമമധ്യത്തിലാരും –
കൊതിക്കുന്ന പരിശുദ്ധ പുഷ്പമായ് !
ഒരു കിനാത്തോണിയിൽ വളരെദൂരത്തിലാ-
യൊഴുകാനൊരിക്കൽ നീയണയുമെന്നാൽ
ഋതുഭേദമില്ലാതെ തുഴയാം, നിനക്കെന്റെ
കതിരാർന്ന കേദാര ഭൂവിലായെത്തിടാം…!
തണൽ നല്കുമായിരം കല്പവൃക്ഷങ്ങൾക്ക്
നടുവിലായുള്ളതാമൊരുചെറുപുൽക്കുടില –
വിടെത്തി നിന്നെക്കുടിയിരുത്താൻ പിന്നെ –
കൊതിയായിക്കുറുകലും കേട്ടങ്ങിരിക്കുവാൻ
പ്രണയ വെൺചാമരം വീശുന്ന പവനനോ
മൃദുകോമളാംഗി നിൻ മുഗ്ദ്ധ സുഗന്ധത്തെ-
യറിയാതെനിന്നിൽനിന്നെന്നിലേക്കെത്തിച്ചു
ദിനവും പ്രണയമെൻ മനതാരിലേറ്റവേ…
പറയാതിരിക്കുന്നതെങ്ങനെ ഞാൻ നിന്നെ –
യറിയാതെ മോഹിച്ചു പോകുന്ന ദൂതുകൾ
അരുതേ -യരുതെന്ന് പറയാതിരിക്കയീ
പ്രണയാക്ഷരങ്ങളെത്തഴയാതിരിക്കുക!
കവികൾ കുറിക്കുന്ന കല്പനയ്ക്കപ്പുറം
നിറമുള്ള ജീവിത വാസന്തവാടിയിൽ
ഇരുപൂക്കൾളൊന്നിച്ചുവിരിയുന്നപോലിനി
മരുവാനെനിക്കു നീ സമ്മതം നല്കുമോ…
അറിയാതെയെന്തോ കുറിച്ചതല്ലോമലേ
പല നാളു ചിന്തിച്ചെഴുതുമീ കത്തിന്നു –
പ്രതികൂലമല്ലാതിരിക്കുമല്ലോ മനം?
പ്രിയമേ, പ്രതീക്ഷയാണേറെയേറെ…