രചന : ശങ്കൾ ജി ടി ✍
അകലെനിന്നേ
രാത്രി വരുന്നതു കണ്ട്
വെയില്‍ തൂവലുകള്‍
കൂട്ടിച്ചേര്‍ത്തൊരു
പകല്‍വീടുണ്ടാക്കുന്നു
അകത്ത് മൊണാലിസയുടെ
പുഞ്ചിരി തൂക്കിയിട്ട്
പുറംഭിത്തിമേല്‍
ട്രോജന്‍കുതിരയെ തൂക്കുന്നു
ഇണയേം കിടാങ്ങളേം
അവിടെ പാര്‍പ്പിച്ച്
പുറത്തുകാവലിരിക്കുന്നു
ഒന്നും രണ്ടും പാദങ്ങളില്‍നിന്നും
വാര്‍ന്നുപോകുന്ന
നൃത്തത്തെ മൂന്നും നാലും
പിന്നെ അഞ്ചും ആറും
പാദങ്ങളിലേക്ക്
വിന്ന്യസിപ്പിക്കുന്നു
ഒരുതോല്‍വി
ഒരിക്കലുമെന്നാല്‍
പാടില്ലന്നുറക്കും
തളരാതെ
ശിഖരങ്ങള്‍തോറും
അണ്ണാനോട്ടമോടി
തളിരിലകളെ
വീണ്ടും വീണ്ടും നിര്‍മ്മിച്ച്
അവിടേക്കു ചേക്കേറുന്നു…
തിരയൊടുങ്ങാത്ത
ശത്രുഭയത്താല്‍
പിതാവിനെപോലും വധിച്ച്
നിലകിട്ടാത്ത
വിധിതീര്‍പ്പുകളില്‍
മാതാവിനേയും വരിച്ച്
ജീവിതത്തോളം
ഉയര്‍ന്നുപൊങ്ങിയ തിരമാലകളെ
മരണത്തോളം ചാടിയുയര്‍ന്ന്
അതിജീവിക്കുന്നു
അങ്ങനെ
ജീവിതമെന്ന യുദ്ധത്തിലും
ജീവിതമെന്ന പ്രണയത്തിലും
ഒന്നും തെറ്റല്ലായെന്ന്
അടിവരയിടുന്നു…..