രചന : ശ്രീകുമാർ എം പി✍

ഇനിയൊരുനാൾ വരും
അന്നെന്റെ കവിതതൻ
ഇതളുകളൊക്കെ
കൊഴിഞ്ഞു പോകും
ഇളംവെയിൽപോലെ
തിളങ്ങുന്ന കാന്തിയും
ഇമയടച്ചു വെട്ടം
മറഞ്ഞു പോകും
ഇടറാതെ കാത്തൊ-
രീണങ്ങളൊക്കെയും
പലവഴി ചിതറി
പിരിഞ്ഞുപോകും
ഉലയാതെ നോക്കിയ
രൂപലാവണ്യങ്ങൾ
ഊർന്നുവീണെങ്ങൊ
മറഞ്ഞുപോകും
ഊതിവിളക്കിയ
കണ്ണികളോന്നായ്
ഉടഞ്ഞവയെങ്ങൊ
ചിതറിപ്പോകും
ഇനിയൊരുനാൾ വരും
അന്നീ മനസ്സിലെ
മൺതരിയൊക്കെയും
വരണ്ടുപോകും
നീരറ്റുണങ്ങിയാ
ഭൂമിയിൽ പിന്നൊരു
പുൽനാമ്പു പോലും
മുളയ്ക്കുകില്ല
പിന്നൊരു നാൾവരും
അന്നേയ്ക്കു ഞാനുമെൻ
കവിതയെപ്പോലെ
ശുഷ്ക്കമാകും
കണ്ണിന്റെ വെട്ടവും
കാതിന്റെയിമ്പവും
കരളിന്റെ കാന്തിയു-
മകന്നുപോകും
വേരറ്റുപോയയെൻ
കാവ്യലതയുടെ
വേർപാടു പോലു-
മറികയില്ല
പിന്നൊരുനാൾവരും
അന്നേയ്ക്കു ഞാനുമെൻ
കവിതയെപ്പോലെ
പറന്നുപോകും
അറിയാത്തൊരാ മഹാ-
കാവ്യലോകത്തിലേ-
യ്ക്കാനന്ദമോടെ
പറന്നുപോകും
അറിയാത്തൊരാ മഹാ-
കാവ്യലോകത്തിലേ –
യ്ക്കാനന്ദമോടെ
ലയിച്ചുചേരും.

ശ്രീകുമാർ എം പി

By ivayana