രചന : രാജശേഖരൻ ✍

ആരാണു ഗാന്ധി ?
ആരാണു ഗാന്ധി?
നേരിന്റെ പേരാണു ഗാന്ധി.

ഇരുളിൽ കാരുണ്യ ദീപ്തി
നിറയൻപിൻ രൂപം ഗാന്ധി
നിരാശ്രയർക്കത്താണിയങ്ങ്
നിർമ്മല ചിത്ത സ്വരൂപം.

നിഷ്കളങ്ക ബാല്യസ്മേര –
നിലാവുതിരും വദനം
ആയുഷ്മാനണയാ ദീപം
മനുഷ്യാവകാശ ശൃംഗം.

പ്രസംഗമന്വർത്ഥമാക്കി
പ്രവർത്തനാശ്ചര്യം ഭവാൻ
ഗാന്ധി ദീർഘദർശിയിന്ത്യൻ
ശാന്തിവേദ ശാരദാംശു.

ഗാന്ധി തൻ വാക്കുകളിലെ –
ന്തു കേൾപ്പൂ, സ്നേഹമൊഴികെ
സ്വയം ത്യാഗ പീഠമേറി
ശയിച്ചാത്മബലിയായോൻ.

അഹിംസയോളമില്ലൊരു
മനുഷ്യത്വ വേദസാരം
ഉലകിലില്ല വേദാന്തം
വെല്ലാനഹിംസയെ തെല്ലും.

ഗ്രാമങ്ങളിലിന്ത്യതൻ ഹൃദ്-
രാഗാലാപനം കേട്ടൊരാൾ
ഭാരതാഭിവൃദ്ധിക്കു നാം
ഗ്രാമോദ്ധാരകരാവണം.

ഇമ്മട്ടിലെത്രയോ പാഠം
നിർമ്മിച്ചീടാൻ നവയിന്ത്യ
കർമ്മയോഗിയാം മഹാത്മൻ
ധർമ്മസൂത്രമുരച്ചില്ലെ?

പാരതന്ത്ര്യ കയ്പറിഞ്ഞ
സഹസ്രാബ്ദ പീഡിതരാം
ഭാരതീയർക്കേകി ഗാന്ധി
സ്വാതന്ത്ര്യ സമരവീര്യം.

അർക്കനണയാശക്തിയെ
മൂക്കു കയറിട്ടാധീരൻ
സ്വാതന്ത്ര്യാമൃതപ്രസാദം
ഭാരതാംബയ്ക്കവനേകി.

അഭിനവ ക്രിസ്തു ഗാന്ധി
അനുകമ്പദേവൻബുദ്ധൻ
അരചശ്രേഷ്ഠനാം അക്ബർ
അഹിംസാരാജൻ അശോകൻ

ആകില്ല ഗാന്ധി കൃഷ്ണനോ
ആയുധമേന്തും രാമനോ
അഖിലേശാവതാരങ്ങൾ
അങ്ങയ്ക്കുമുന്നിൽ നിസ്സാരർ.

പുത്തനിന്ത്യക്കു വിത്തായി
ഗാന്ധി വിശ്വ ഗുരുവായി
സർവ്വ ലോകാരാധ്യനായി
സർവ്വാദർശ ബിംബമായി

ശ്രീരാമഭക്തൻ ഗാന്ധിയെ
ക്രൂരനിഗ്രഹം ചെയ്തവൻ
ഹിന്ദുവെന്നോ, നിന്ദ്യനവൻ
ഹിന്ദുത്വ രക്ഷകനെന്നോ!

രാവണാസുരപ്രാകൃതൻ
ഭാരതാസുരവൈകൃതം
അസംസ്കൃത ഹിന്ദു ഭ്രാന്തൻ
അനുചരർ ഭീരു ശ്വാനർ

അർക്കനെ മുക്കിക്കെടുത്താൻ
ശ്രമിക്കും അന്തിക്കടലേ,
അർക്ക പ്രകാശം തടുക്കാൻ
ശ്രമിക്കും മിന്നാമിനുങ്ങേ,

അർക്കനെ ഊതിയണയ്ക്കാൻ
ശ്രമിക്കും മൂഢോദ്യമം, നീ
ഇന്ത്യ തൻ ആത്മാവുടപ്പോർ
ഹിന്ദുവിദ്രോഹി സംഘികൾ .

ആരാണു ഗാന്ധി
ആരാണു ഗാന്ധി
ഇന്ത്യ തൻ ആത്മാവു ഗാന്ധി

ആരാണു ഗാന്ധി
ആരാണു ഗാന്ധി
ഇന്ത്യ തൻ സ്വത്വവും ഗാന്ധി.


രാജശേഖരൻ

By ivayana