രചന : സെഹ്റാൻ✍

എന്തിനായിരുന്നു ഇന്നേരം
പട്ടണത്തിൽ വന്നത്?
ഓർത്തെടുക്കാൻ കഴിയുന്നില്ല.
മറവിയുടെ പൊടിപടലങ്ങൾ.
വിളറിയ പകലിന്റെ അന്ത്യം.
കെട്ടടങ്ങാൻ മടിക്കുന്ന
ഉഷ്ണക്കാറ്റ്. തിരക്കേറിയ പാത.
ലക്ഷ്യബോധമില്ലാത്ത ചുവടുകൾ.
കാഴ്ചകളുടെ കലക്കങ്ങൾ.
തെരുവിലൊരു കോണിൽ
മർദ്ദനമേറ്റ് നീലിക്കുന്നൊരാൾ.
കാർമേഘനിറമാർന്ന ദേഹമാകെ മുറിവുകൾ. ചതവുകൾ.
വാർന്നൊഴുകുന്ന രക്തം!
മനസ്സിൽ നിന്നും പുറത്തേക്ക് പറക്കുന്ന
അസ്വസ്ഥതയുടെ കറുത്ത പക്ഷികൾ.
“എന്തായിരുന്നു അയാൾ ചെയ്ത കുറ്റം?”
“മോഷണം!”
ആരുടെയോ നിസംഗമായ മറുപടി.
എന്തായിരിക്കാം അയാൾ മോഷ്ടിച്ചത്?
നെഞ്ഞിൽ തിങ്ങുന്ന ഭാരത്തിന് പേരില്ല.
ഇരുൾ പരക്കുന്നു.
ആൾക്കൂട്ടം ചിതറുന്നു.
നിശ്ചലമായ അയാളുടെ ദേഹം
തെരുവിൽ ഉറുമ്പരിക്കുന്നു.
വാ പിളർന്ന പാമ്പുപോൽ
തുറന്നൊരു പഴ്സ് അയാൾക്കരികിൽ.
അതിനകത്തെ നരച്ച ഫോട്ടോയിലൊരു
നാലുവയസ്സുകാരിയുടെ ആഹ്ളാദച്ചിരി!
ഓ! ഇപ്പോൾ ഓർക്കുന്നു. ഇന്നേരത്തീ പട്ടണത്തിൽ വന്നത് മകൾക്ക്
ചായപ്പെൻസിലുകൾ വാങ്ങാനായിരുന്നു.
പുല്ലുകൾ വളർന്ന മൈതാനം പോൽ
കോറിവരച്ചിട്ട ഭിത്തികൾ.
അപ്രത്യക്ഷമാകുന്ന തെരുവ്.
ആളുകൾ.
നിശ്ചലമായൊരു ദേഹം.
പിന്നോട്ട് തിരിഞ്ഞില്ല.
മുന്നോട്ടു നടന്നു.
പേപ്പർ മാർട്ടുകൾ ഏഴുമണിക്ക്
മുൻപേ അടയ്ക്കും.
അതിനും മുൻപേ….
🔵

സെഹ്റാൻ

By ivayana