മൻസൂർ നൈന✍

മട്ടാഞ്ചേരിയിലെ പാലസ് റോഡിൽ നിന്നു ഗുജറാത്തി റോഡിലേക്ക് തിരിയുമ്പോൾ ആയിരുന്നു ആദ്യ കാലത്ത് സ്ക്കൂളിന്റെ കവാടം . ഗുജറാത്തിലെ കച്ചിൽ നിന്നെത്തിയ ഒരു മുസ്ലിം കുടുംബമാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്.

ഗുജറാത്തിലെ കച്ചിൽ നിന്നും ആദ്യ കാലത്ത് കൊച്ചിയിൽ കപ്പലിറങ്ങിയവരിൽ വലിയ ധനാഡ്യനും വ്യവസായിയുമായ ഒരാളാണ് മൂസ സേട്ട് . അദ്ദേഹത്തിന്റെ മകനായ ഹാജി ഈസ്സ സേട്ട് 1920 – ൽ സഹോദരൻ അബ്ദുൽ സത്താർ സേട്ടുവിനെയും മറ്റു മൂന്നു പേരേയും ചേർത്തു ഒരു ട്രസ്റ്റുണ്ടാക്കി . ഈ ട്രസ്റ്റിന് കീഴിൽ
ഹിമായത്തുൽ ഇസ്ലാം മദ്രസ്സ എന്ന നാമധേയത്തിൽ ഒരു സ്ഥാപനം തുടങ്ങി…
ഒരു പ്രൈമറി സ്ക്കൂളായിട്ടായിരുന്നു തുടക്കം . പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് സൗജന്യ വിദ്യഭ്യാസം നൽകുക എന്നതായിരുന്നു ലക്ഷ്യം. ഹാജി ഈസ്സ സേട്ട് വിവാഹം ചെയ്തത് മതിലകത്ത് നിന്നാണ് .
ഹാജി ഈസ്സ സേട്ടിന് 5 മക്കളായിരുന്നു ഒരു ആണും നാല് പെണ്ണും .
ഇസ്മായിൽ ഹാജി ഈസ സേട്ട് ,
റോമി ബായി , ഹവ്വാ ബായി , ജിമ്പു ബായി ( സൈനബ് ) , സഫിയ ബായി .
മൂത്ത മകളായ റോമി ബായിയെ വിവാഹം ചെയ്തത് അയ്യൂബ് ഗുൽ മുഹമ്മദ് സേട്ടാണ് .ഇതിൽ രണ്ടു മക്കളാണ് ഹേമാ ബായി എന്നു വിളിക്കുന്ന ആമിന ബായിയും , കിക്ക സേട്ടും . അയ്യൂബ് ഗുൽ മുഹമ്മദ് രണ്ടാമത് വിവാഹം ചെയ്തതിൽ നാല് ആൺകുട്ടികളും ഒരു മകളുമാണ് . ഇതിൽ ഒരു മകൻ വ്യവസായി അമിസൺസ് ബാബുവിന്റെ പിതാവായ അബ്ദുൽ ഹമീദ് അയ്യൂബ് സേട്ടാണ്.


രണ്ടാമത്തെ മകൾ സഫിയ ബായി എന്ന പെൺക്കുട്ടിയെ പറവാന സേട്ട് എന്നറിയപ്പെട്ടിരുന്ന ഇബ്രാഹിം മുഹമ്മദ് ഹാഷിം സേട്ടും വിവാഹം ചെയ്തു .
മൂന്നാമത്തെ മകൾ ഹവ്വാ ബായിയെ വിവാഹം ചെയ്തത് ഫക്കീര സേട്ടാണ് ഇവരുടെ മകളാണ് കൊച്ചിയിലെ വലിയ ഭൂവുടമയായിരുന്ന ആമിനാ ബായി എന്ന സ്ത്രീ ,
നാലാമത്തെ മകൾ ജിമ്പു ബായി എന്ന് വിളിക്കപ്പെടുന്ന സൈനബ് – നെ സിദ്ദീഖ് സേട്ട് വിവാഹം ചെയ്തു ,
സ്ക്കൂളിന്റെ സ്ഥാപകൻ ഇസ്മായിൽ ഹാജി ഈസ്സ സേട്ട് ….
ഇസ്മായിൽ ഹാജി ഈസ്സ സേട്ട് 1902 -ൽ ഹാജി ഈസ്സ സേട്ടിന്റെ മകനായി ജനിച്ചു.
ഇസ്മായിൽ ഹാജി ഈസ്സ സേട്ട് ആദ്യ ഭാര്യ മരണപ്പെട്ട ശേഷം ആലപ്പുഴയിലെ പുളിക്കലകത്ത് കുടുംബത്തിലെ അസ്മ എന്ന പെൺക്കുട്ടിയെ വിവാഹം കഴിച്ചു. ഇതിൽ നാല് മക്കളാണ് ഈസ്സ ഇസ്മായിൽ സേട്ട് ( കൺമണി ബാബു ) , അബ്ദുൽ സത്താർ ഇസ്മായിൽ സേട്ട് ( ഇഖ്ബാൽ സേട്ട് ) , സുലേഖ ബായി (ജില്ലു ബായി ) , സൽമ ബായി എന്നിവർ . 1946 നവംബർ 17 ന് ഇസ്മായിൽ ഹാജി ഈസ്സ സേട്ടിന്റെ മരണപ്പെട്ടു . കുറച്ചു വർഷങ്ങൾക്ക് ശേഷം ഭാര്യ അസ്മ പണ്ഡിതനായ സൈയ്ത് കുഞ്ഞു ഹാജി എന്ന ചേക്കുഞ്ഞി ഹാജി എന്ന വ്യക്തിയെ വിവാഹം ചെയ്തുവെങ്കിലും പക്ഷെ ഈ ബന്ധം അധികനാൾ
നീണ്ടുനിന്നില്ല , ഈ ബന്ധത്തിൽ മക്കളുണ്ടായിരുന്നില്ല .
മക്കളെ കുറിച്ചൊരൽപ്പം ……
കൺമണി ബാബു , ചെമ്മീൻ ബാബു എന്നൊക്കെയുള്ള പേരുകളിൽ പ്രശസ്തനായി തീർന്ന ഈസ്സ ഇസ്മായിൽ സേട്ട് ,രാമു കാര്യാട്ടിന്റെ സംവിധാനത്തിൽ , സലീൽ ചൗധരി സംഗീത സംവിധാനം നിർവ്വഹിച്ച തകഴിയുടെ കഥയായ
‘ ചെമ്മീൻ ‘ കൺമണി ഫിലിംസ് എന്ന പേരിൽ സിനിമയാക്കി. തന്റെ ഇരുപത്തിനാലാമത്തെ വയസ്സിൽ ബാബു സേട്ട് രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ കരസ്ഥമാക്കി . തെന്നിന്ത്യയിൽ ആദ്യമായി രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടിയ ചിത്രമാണിത് .


കൊടുങ്ങല്ലൂരിലെ വെംബല്ലൂർ എന്ന പ്രദേശത്ത് ബാബു സേട്ട് (ചെമ്മീൻ ബാബു) സംഭാവന നൽകിയ സ്ഥലത്താണ് പ്രശസ്തമായ MES അസ്മാബീ കോളേജ് . സ്ഥിതി ചെയ്യുന്നത് .
ബാബു സേട്ടിന്റെ സഹോദരി ജില്ലു എന്നു വിളിക്കുന്ന സുലേഖ ബായിയെ പാർലിമെന്റ് അംഗവും , വ്യവസായിയും Indo Marine Agencies ( IMA ) എന്ന സീഫുഡ് കമ്പിനിയുടെ ഉടമയുമായിരുന്ന സാലെ മുഹമ്മദ് ഇബ്രാഹിം സേട്ട് വിവാഹം ചെയ്തു . മറ്റൊരു സഹോദരിയായ സൽമ ബായിയെ സാലെ മുഹമ്മദ് ഇബ്രാഹിം സേട്ടിന്റെ സഹോദരനായ മഹമ്മൂദ് ഇബ്രാഹിം സേട്ടും വിവാഹം ചെയ്തു . രണ്ട് പെൺമക്കളെയും വിവാഹം ചെയ്ത ഈ സഹോദരങ്ങൾ പ്രശസ്തനായ പറവാന സേട്ടിന്റെ ( ഇബ്രാഹിം മുഹമ്മദ് ഹാഷിം സേട്ട് ) മക്കളാണ്. ഈ പറവാന സേട്ടാണ് ഇസ്മായിൽ ഹാജി ഈസ്സ സേട്ടിന്റെ ഒരു സഹോദരിയെ വിവാഹം ചെയ്തതെന്ന് മുകളിൽ പറഞ്ഞിരുന്നു .
ഇസ്മായിൽ ഹാജി ഈസ്സ സേട്ടിന്റെ മൂന്നാമത്തെ സഹോദരിയെ വിവാഹം ചെയ്ത സിദ്ദീഖ് സേട്ടാണ് കോഴിക്കോട് ഫറൂഖ് കോളേജിനായി കുഴുപ്പിള്ളി വില്ലേജിൽപ്പെട്ട ചെറായിയിൽ 404 ഏക്കർ ഭൂമി വഖഫ് ചെയ്ത് നൽകിയത്. കോളേജിന്റെ തുടക്കത്തിൽ മദ്രാസ് സർവ്വകലാശാല ഭൂസ്വത്ത് കുറവെന്ന പ്രശ്നം ഉന്നയിച്ചു കോളേജിന് അഫിലിയേഷൻ നൽകാൻ തടസ്സം പറഞ്ഞപ്പോഴാണ് സിദ്ദീഖ് സേട്ട് ഭൂമി വഖഫ് ചെയ്ത് നൽകിയത് . വെല്ലിങ്ങ്ടൺ ഐലന്റിൽ ബാബു സേട്ട് ( ഈസ ഇസ്മായിൽ സേട്ട് ) പള്ളി നിർമ്മിച്ചപ്പോൾ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത് സിദ്ദീഖ് സേട്ടാണ് .
ധനാഡ്യനും വൻ ഭൂവുടമയുമായിരുന്ന ഇസ്മായിൽ ഹാജി ഈസ്സ സേട്ടിന് കൊടുങ്ങല്ലൂർ മുതൽ തിരുവതാംകൂർ വരെ ഏക്കറ് കണക്കിന് സ്ഥലമുണ്ടായിരുന്നു . ഇവിടെയുള്ള
തെങ്ങിൻ തോപ്പുകളിൽ നിന്നും ഒരേ സമയം ലക്ഷക്കണക്കിന് നാളികേരം ലഭിച്ചിരുന്നു . കൊച്ചീ രാജ്യത്ത് സാമ്പത്തിക കമ്മി നേരിടുമ്പോൾ ഇസ്മായിൽ ഹാജി ഈസ്സ സേട്ട് രാജാവിന് സാമ്പത്തിക സഹായം നൽകുമായിരുന്നു എന്ന് പറയപ്പെടുന്നു . ജോർജ്ജ് ചക്രവർത്തി അഞ്ചാമന്റെ സിൽവർ ജൂബിലി മെഡൽ , ജോർജ്ജ് ആറാമന്റെ കോറണേഷൻ മെഡൽ , കൊച്ചി മഹാരാജാവിന്റെ വീരശൃംഗല സ്വർണ്ണ മെഡൽ എന്നിവ ലഭിച്ചു . 1943 -ൽ ഖാൻ സാഹിബ് പദവി നൽകി ഇദ്ദേഹത്തെ ആദരിച്ചു .
കൊട്ടാരം പോലൊരു സ്ക്കൂൾ ……


വിശാലമായ പ്രദേശത്ത് തലയുയർത്തി നിൽക്കുന്ന ഒരു കൊട്ടാരം പോലെ തോന്നും ഹാജി ഈസ ഹാജി മൂസ മെമ്മോറിയൽ ഹൈസ്ക്കൂൾ കണ്ടാൽ . തന്റെ പിതാവിന്റെയും , ഗ്രാന്റ് ഫാദറിന്റെയും നാമധേയത്തിൽ ഇസ്മായിൽ ഹാജി ഈസ സേട്ട് നിർമ്മിച്ച ഈ സ്ക്കൂൾ 1936 – ൽ ആരംഭിച്ചു . ആദ്യത്തെ മാനേജറും ഇദ്ദേഹം തന്നെ 1936 മുതൽ 1947 വരെ മാനേജർ പദവിയിലിരുന്നു . സ്ക്കൂളിന്റെ ആദ്യ പ്രധാനാധ്യാപകൻ ശ്രീ V.L. ജോസഫ് B.A.L.T ആയിരുന്നു 1936 മുതൽ 1940 വരെ നാല് വർഷത്തോളം ഇദ്ദേഹം ഹെഡ്മാസ്റ്ററായി .
ഇങ്ങനെയൊരു സ്ക്കൂൾ വന്നപ്പോൾ മുസ്ലിംകൾക്ക് മാത്രമായൊരു സ്ക്കൂളാണിത് എന്ന ആരോപണം ഉന്നയിച്ചവർക്ക് മറുപടിയായി മുസ്ലിം അധ്യാപകരേക്കാൾ ഇതര മതസ്ഥരായ അധ്യാപകരെ പ്രത്യേകിച്ച് ഹൈന്ദവ മത വിഭാഗത്തിൽപ്പെട്ട സഹോദരന്മാരായ അധ്യാപകരെ കൂടുതലായി നിയമിച്ചു . എല്ലാ കുട്ടികൾക്കും പ്രവേശനം നൽകുകയും ചെയ്തു .
കൊച്ചി നിയമസഭംഗം , മട്ടാഞ്ചേരി ബഞ്ച് മജിസ്ട്രേറ്റ് , ഇന്ത്യൻ ചേമ്പർ ഓഫ് കൊമേഴ്സ് വൈ. പ്രസിഡന്റ് , മട്ടാഞ്ചേരി കോർണേഷൻ ക്ലബ് വൈ. പ്രസിഡന്റ്, കൊച്ചിൽ സ്റ്റേറ്റ് കൗൺസിൽ എം.എൽ.സി. , 1936 -ൽ സ്ഥാപിതമായ മട്ടാഞ്ചേരി ഇഖ്ബാൽ ലൈബ്രറിയുടെ സ്ഥാപകരിൽ ഒരാളും ലൈബ്രറിയുടെ പ്രസിഡന്റുമായിരുന്നു . ഇങ്ങനെ ഇസ്മായിൽ ഹാജി ഈസ്സ സേട്ട് വഹിച്ച പദവികൾ നിരവധിയാണ് . 1938-ൽ അദ്ദേഹം തിരുവിതാംകൂർ മഹാരാജാവും മഹാറാണിയുമായി കൂടിക്കാഴ്ച നടത്തി.
1948 ലാണ് സ്ക്കൂളിനു എയിഡഡ് അംഗീകാരം ലഭിക്കുന്നത് .
വലിയൊരു ദുരന്തം ഒഴിഞ്ഞു പോയത് തലനാരിഴയ്ക്ക്…….
സ്ക്കൂളിന്റെ ഒന്നാം നിലയുടെ മേൽക്കൂരയ്ക്കും ഭിത്തിക്കും മൂന്ന് നിലകളുടെ ഉയരമുണ്ട് . ഭിത്തി ചെങ്കല്ലിന്റെ നല്ല കനമുള്ള കെട്ടാണ് . ഭീമാകാരമായ മരത്തടികൾ കൊണ്ടു നിർമ്മിച്ച ഓടിട്ട മേൽക്കൂര . 1997 ജനുവരിയിലെ ഒരു രാത്രി മട്ടാഞ്ചേരി ഗാഡ നിദ്രയിലാണ് . ഒരു ദുരന്തത്തിന് മുന്നോടിയെന്നോണം തികഞ്ഞ നിശബ്ദത . രാത്രിയുടെ എല്ലാ നിശബ്ദതയേയും ഭേദിച്ച് വലിയൊരു ശബ്ദത്തോടെ സ്ക്കൂളിന്റെ മേൽക്കൂര തകർന്നു വീണു . രാത്രിയിലായിരുന്നു സംഭവിച്ചത് എന്നതിനാലും സ്ക്കൂളിന് അകത്തേയ്ക്ക് തന്നെയാണ് തകർന്നു വീണത് എന്നതിനാലും വലിയൊരു ദുരന്തമാണ് ഒഴിഞ്ഞു പോയത് .
മാനേജർ ഇഖ്ബാൽ സേട്ടും , അധ്യാപകരും, രക്ഷിതാക്കളും ഉണർന്നു പ്രവർത്തിച്ചു . അതിവേഗം തന്നെ ക്ലാസ്സുകൾക്കായി താത്ക്കാലിക സംവിധാനമൊരുക്കി . ഒരാഴ്ച്ച മാത്രമെ സ്കൂളിന് അവധി നൽകേണ്ടതായി വന്നുള്ളു . പഴയ സ്ക്കൂൾ കെട്ടിടത്തിന്റെ തകർച്ചയോടെ സ്ക്കൂളിനായി പുതിയ കെട്ടിടം പണിയാൻ തുടങ്ങി . 2010 -ൽ പുതുതായി നിർമ്മിച്ച സ്ക്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി നിർവ്വഹിച്ചു .
ചിലപ്പോഴൊക്കെ പത്താം തരം റിസൽറ്റ് സ്ക്കൂളിനെ സങ്കടത്തിലാഴ്ത്തിയിരുന്നു . ഇഖ്ബാൽ സേട്ട് മാനേജറായിരിക്കുമ്പോൾ എല്ലാവരും കൂടി കൈകൾ കോർത്തുപിടിച്ചു സ്കൂളിനെ നൂറു മേനിയിലേക്കെത്തിച്ചു . ഒപ്പം സ്ക്കൂൾ തികഞ്ഞ അച്ചടക്കത്തോടെ ഉയർന്നു വന്നിരുന്നു പഴയ സങ്കടങ്ങളെ മാറ്റാൻ അത് മതിയാവുമായിരുന്നു .
പക്ഷെ പിന്നീട് സ്ക്കൂളിൽ കുട്ടികളുടെ സ്ട്രെങ്ങ്ത്ത് കുറഞ്ഞു . സ്ക്കൂൾ അടച്ചു പൂട്ടേണ്ടിവരുമെന്ന ഘട്ടം വരെയെത്തി . പൂർവ്വ വിദ്യാർത്ഥികളും , അധ്യാപകരും , രക്ഷിതാക്കളും , നാട്ടുകാരും സ്ക്കൂൾ അടച്ചുപൂട്ടാതിരിക്കുവാനുള്ള ശ്രമത്തിലാണ് . ഇപ്പോൾ പ്രതിസന്ധികളെ മറികടക്കാൻ അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്.
8 – 10 വരെ ഞാൻ പഠിച്ചത് ഇവിടെയാണ് എന്റെ ഒരു സഹോദരനും സഹോദരിയും ഇവിടെ പഠിച്ചു . എന്റെ ഉപ്പയും ( പിതാവ് ) പഠിച്ചതും ഇവിടെ തന്നെ .
കൊച്ചങ്ങാടി ആലിയ സ്ക്കൂളിലെ നാലര ക്ലാസ്സ് കഴിഞാൽ മിക്ക കുട്ടികളും തുടർന്നു പഠിക്കാനെത്തുക ഹാജി ഈസ്സ സ്ക്കൂളിലാണ് . എത്രയോ പ്രശസ്തർ ഈ സ്ക്കൂളിൽ നിന്നു പഠിച്ചിറങ്ങി . രാജകൊട്ടാരം പോലെ സ്ഥിതി ചെയ്യുന്ന ആ സ്ക്കൂളിലൊന്ന് പഠിക്കാൻ ആരും കൊതിച്ചു പോകും . നീണ്ടു കിടക്കുന്ന വരാന്തയും , വിശാലമായ ക്ലാസ്സ് മുറികളും , കളിക്കാൻ വിശാലമായ ഗ്രൗണ്ടും …
ഓർക്കാനും ഓർത്തിരിക്കാനും മാത്രമുള്ള രസകരമായ സ്ക്കൂൾ പഠനകാലം , സുഹൃത്തുക്കൾ ഒപ്പിച്ച തമാശകൾ , ഒരു നോട്ട് ബുക്കിന്റെ മുൻവശത്ത് ഇംഗ്ലീഷും , പിറകിൽ മലയാളവും എഴുതി പഠിച്ചിരുന്ന ഒട്ടും ആഡംബരമില്ലാത്ത പഠന കാലം . ഹൈസ്ക്കൂളിൽ ബാഗില്ല ,ഒന്നോ രണ്ടോ പുസ്തകങ്ങൾ മാത്രം ,
മഴക്കാലമാണെങ്കിൽ അത് അരയിൽ തിരുകി ഓരോട്ടമാണ്.
സമരങ്ങളും മുദ്രാവാക്യങ്ങളും നിറഞ്ഞ പഠന കാലം പുസ്തകത്തിൽ കൊട്ടി ഉറക്കെ വിളിച്ചിരുന്ന മുദ്രാവാക്യങ്ങൾ
” ഇടി നാദം മുഴങ്ങട്ടേ ,
കടൽ രണ്ടായി പിളരട്ടെ , ഭൂമി കോരിത്തരിക്കട്ടേ ” …
എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ ….
സ്ക്കൂൾ മാനേജർമാർ ഇവരൊക്കെയായിരുന്നു ….
ഖാൻ സാഹിബ് ഇസ്മായിൽ ഹാജി ഈസ്സ സേട്ട് ( സ്ഥാപകൻ ) ( 1936 – 1947 )
സിദ്ദീഖ് സേട്ട് (1947 – 1962 )
ഹാജി സാലെ മുഹമ്മദ് ഇബ്രാഹിം സേട്ട്
( 1962 – 1965 )
ഈസ്സ ഇസ്മായിൽ സേട്ട് ( 1965 – 1983 )
എം.എസ്. നസീർ സേട്ട് ( 1984 )
ഈസ്സ ഇസ്മായിൽ സേട്ട് ( 1984 – 1987 )
എ.എസ്.എ. ജാനി സേട്ട് ( 1987 – 1988)
അബ്ദുൽ സത്താർ ഇസ്മായിൽ സേട്ട് എന്ന ഇഖ്ബാൽ സേട്ട് (1988 – 2023)
ഇപ്പോഴത്തെ മാനേജർ മൻസൂർ സേട്ട് …
ഏറ്റവും കൂടുതൽ കാലം മാനേജറായിരുന്നത് സ്ക്കൂൾ സ്ഥാപിച്ച ഇസ്മായിൽ ഹാജി ഈസ്സ സേട്ടിന്റെ മകൻ ഇഖ്ബാൽ സേട്ടാണ് . മുപ്പത്തിയഞ്ച് വർഷം മാനേജറായി സേവനം അനുഷ്ടിച്ചു .
ഇവർ പ്രധാനാധ്യാപകരായി….
ശ്രീ. V.L. ജോസഫ് B A L T ( 1936 – 1940 )
ശ്രീ. E.K. സുബ്രഹ്മണ്യ അയ്യർ B A B T
( 1940 – 1954 )
ശ്രീ. S.K. ശങ്കര അയ്യർ B A B T (1954-1956 )
ശ്രീ. S. കേശവ പിള്ളൈ B A L T ( 1956 )
ശ്രീ. കെ. മുഹമ്മദ് അലി B A B T
( 1956 – 1962 )
ശ്രീ. വി.എം. ജോസഫ് B A B T ( 1962 -1970 )
ശ്രീ. വെൻസിലാവോസ് ( 1970 -1983)
ശ്രീമതി. ശാരദ B A B T ( 1983 – 1985)
ശ്രീ. R. സുബ്രഹ്മണ്യ അയ്യർ BSc BT
( 1985 – 1988 )
ശ്രീ. മാധവകുറുപ്പ് Bsc .Bed ( 1988 – 1994 )
ശ്രീ. മുരളീധരൻ M A , Bed. ( 1994 – 1998 )
ശ്രീമതി. ശ്രീദേവി ( 1999 )
ശ്രീമതി. ഇന്ദിരാഭായി
ശ്രീമതി. I.M. മറിയാമ്മ
ശ്രീമതി. K.S. രമ
ശ്രീമതി. ജോളി ഭാസ്ക്കരൻ
ഇപ്പോഴത്തെ പുതിയ പ്രധാനാധ്യാപിക M.B. സിന്ദു ….
പത്താം തരത്തിൽ പഠിക്കുമ്പോൾ മലയാളം അധ്യാപകനായ മുരളി മാഷ് ക്ലാസ്സിലെ എല്ലാ കുട്ടികൾക്കുമായി വ്യത്യസ്ഥ വിഷയങ്ങൾ എഴുതാൻ നൽകി . എനിക്ക് ലഭിച്ചത് ബാലവേലയെ കുറിച്ചെഴുതാനായിരുന്നു . എഴുതിയ പേപ്പർ തിരികെ നൽകി അത് വായിച്ച ശേഷം മാഷ് പറഞ്ഞു ” നീ നന്നായി എഴുതുന്നു നിനക്കൊരു ഭാവിയുണ്ട് എഴുത്ത് തുടരണം ” മാഷ് അന്ന് പറഞ്ഞത് ഞാൻ എന്റെ ഹൃദയത്തിൽ എഴുതി വെച്ചു .

മൻസൂർ നൈന

By ivayana