ഹോ ! ഇതൊരു നരച്ച പകൽ
വിളറി വെളുത്തൊരാകാശം.

വിരസത കുടിച്ചു
വറ്റിക്കുന്നവർക്കിടയിൽ
തിരകളെണ്ണി നാമീ
കടൽക്കരയിൽ.

ഇപ്പോൾ നീ
വിളറിയ വെയിലേറ്റ
ഗോതമ്പു പാടം
പോലെ.
വെയിലുമ്മവെച്ചു
തുടുത്ത കടലു പോലെ.

മടുപ്പിന്റെ അത്യുന്നതങ്ങളിൽ
നിന്റെ ചിന്തകളുടെ
നൂലഴിച്ചിട്ട വർണ്ണപട്ടങ്ങളിൽ
കുരുങ്ങി
എന്റെ മനസ്സ്..

പശ്ചാത്തലത്തിൽ
ഉമ്പായിയുടെ
ഗസൽ താളം

“സുനയനേ സുമുഖീ
സുമവദനേ സഖീ
സുനയനേ സുമുഖീ
സുമവദനേ സഖീ “

കടുംനീലയിൽ
വശ്യ ചിത്രങ്ങൾ പകർത്തിയ
മേശവിരിപ്പിൽ
എന്റെ ഹൃദയ
വീണയിലെന്നപോലെ
ഈ ഗസലിനു
താളം പിടിക്കുന്ന
നിന്റെ വിരലുകൾ.

ഹോ !
നട്ടുച്ച,
നരച്ച പകൽ
മടുപ്പ് മടുപ്പ്
എന്നെന്റെ മനസ്സ്
പുലമ്പിക്കൊണ്ടിരിക്കുന്നു.

എങ്കിലും എന്റെ വിഭ്രാന്തികളെ
ചെറുത്തു നിർത്തുന്ന
നിന്റെ സാന്നിധ്യം .

ചുടു കാറ്റുമ്മവയ്ക്കുന്ന
നിന്റെ
മുടിയിഴകൾക്ക്
ഇനിയും പേരിടാത്ത
ഹെയർഓയ്‌ലിന്റെ
മാസ്മരിക ഗന്ധം.

മുഷിച്ചിലകറ്റാൻ
ഇടയ്ക്കുനുണയാൻ
നമുക്കിടയിൽ പതഞ്ഞു
പൊങ്ങുന്ന മുന്തിരി
വീഞ്ഞിൻ ചഷകം.

**************

പതിയെ പതിയെ നിന്റെ
സാരിയുടെ നിറം പോൽ ചുവപ്പണിയുന്നൊരു
സന്ധ്യയിലേക്ക്
ഈ പകൽ..

ദൂരെ…
പിറകെ ഓടിയിട്ടും തളരാത്ത തിരയിളക്കങ്ങളോടെ
കടൽ.

വിരൽത്തുമ്പിനകലം
വച്ചു കൊതിപ്പിക്കുന്ന
തിര…

നാമിപ്പോൾ ഓരോ കാലടിയിൽ കടൽദൂരമളക്കുന്നു
നമ്രമുഖരായി
ഈ കാൽപ്പാടുകൾ പതിഞ്ഞ
നനഞ്ഞ പൂഴിമണലിന്റെ
തണുപ്പറിയുന്നു.

ഓരോ തിരകൾക്കുമീ
കാൽപ്പാടുകൾ
കൊടുത്തു നാം പിൻവാങ്ങുന്നു.

എന്റെ ഉള്ളിലൊരു വിഷാദം
കാർമേഘം കറുപ്പു
തൊടുവിച്ചതു പോലൊരു
ഇരുളൽ..

നിന്റെ കവിളിൽ
നിനച്ചിരിക്കാതെ
എന്റെ ഉമ്മകൾ
പതിഞ്ഞതുപോലൊരു ചുവപ്പ്.

അകലെ ആകാശത്ത് നീ
പൂത്തുലഞ്ഞതു പോലൊരു സന്ധ്യ
ഈ കടലാഴങ്ങളിലേക്ക്
അസ്തമയ സൂര്യൻ.

ഇരുൾ വീഴും മുൻപിവിടെ
വച്ച് ഈ കടൽ
സാക്ഷിയായ്
നാം പിരിയുന്നു.

ഉള്ളിലൊരു അസ്തമയ കലർപ്പ്,
നാം തമ്മിലൊരു
വിരൽ തുമ്പിനകലം
പശ്ചാത്തലത്തിൽ ഉമ്പായിയുടെ
ഗസൽ ഒഴുകിയെത്തുന്നു

“ഒരിക്കൽ നീ പറഞ്ഞു
പ്രണയം ദിവ്യമെന്ന്
മധുരമെന്ന് അനഘമെന്ന്
അതിന്റെ സൗരഭം ലഹരിയെന്ന്. “

വീണ്ടുമീ കടൽകാറ്റുമ്മവയ്ക്കുന്നു
വരണ്ട അധരതീരങ്ങളിൽ
വിയർപ്പിന്റെ
രുചി.
തിരകൾ വീണ്ടും കണ്ണുപൊത്തിക്കളിക്കുന്നു…

നാമീ കടലിന്റെ രണ്ടു
തീരങ്ങളാവുന്നു
തിരകൾ നനച്ചിടുന്ന
ചുംബനങ്ങൾക്ക്
വീണ്ടും
കാത്തിരിക്കുന്നു…

✍️ രേഷ്മ ജഗൻ

By ivayana