രചന : സുരേഷ് പൊൻകുന്നം ✍

ശവമടക്കാൻ ഇടമില്ലാതെ അടുപ്പ് കല്ല്
പിഴുത് അവിടെ അടക്കിയ വാർത്തകൾ
നാം കേട്ടിട്ടുണ്ട്, അതേ പോലെ സ്വന്തം
വീട്ടിൽ നിന്നും പൊതു ഇടത്തിലേക്ക്
ഇറങ്ങാൻ വഴി ഇല്ലാത്ത കുടുംബങ്ങളെയും കുറിച്ച് നാം കേട്ടിട്ടുണ്ട്.

അടുപ്പ് കല്ലൊന്നു പൊളിച്ചു
മാറ്റണമമ്മയെ അടക്കണം
പിന്നേ……..
അടക്കിപ്പിടിച്ചേ കരയാവൂ
അടുത്ത വീട്ടുകാർ അറിയേണ്ട
അടുപ്പ് കല്ലിളക്കുമ്പോളനല്പ
ശ്രദ്ധ കൊടുക്കണേ ചിലപ്പോൾ
ഒരിക്കലും ചിരിക്കാത്തപ്പന്റെ
ചിരിക്കും തലയോട്ടി കാണുമേ
കഴിഞ്ഞ കർക്കടകത്തിലപ്പൻ
ഇടിച്ചുകുത്തിപെയ്യും പെരുമഴേ-
ത്തടയ്ക്കാ വാതിൽ പടിയിലിരുന്ന്
അടയ്ക്കാ ഇടിച്ചിടിച്ച് കാലിപ്പൊകല
കൂട്ടിത്തിരുമ്മി തിരുകി നാക്ക് ചുഴറ്റി
നീട്ടിത്തുപ്പി പറഞ്ഞ പഴങ്കഥ വീണ്ടും..
വീണ്ടും പറഞ്ഞു പറഞ്ഞ് തന്നമ്മ:-
വഴിയില്ലാതായിപ്പോയൊരു ജീവിതം
വഴിയാധാരമായ ജീവിതം പായൽ
പിടിച്ച കുത്ത്കല്ലിറങ്ങി റോഡിലെ-
ത്താനായി വഴിയൊന്നുമില്ലാതെ
വടികുത്തിപ്പിടിച്ചടുത്ത ജന്മിതൻ
കയ്യാല കവച്ചു ചാടുമ്പോളൊരു
പാഴ്ജന്മ ഫലശ്രുതി വെറുതേ
പാമ്പ് പോൽ പെരുവഴി നടന്നേ തീരുക.
കരിമോന്തക്കാരൻ കരിമാക്കാൻ
കണ്ടാൽ കുറച്ചിലായി:
അത് പിന്നെ പുകിലാകും പുക്കാറാകും
മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ച
പരശുരാമാ നീ കുറേ വഴികൾക്ക്‌
വേണ്ടിയും മഴുവെറിയാഞ്ഞതെന്തേ..
വഴി രഹിതയിടങ്ങളിൽ ചതുപ്പ്
ചാണകകുഴിയിടങ്ങളിൽ രണ്ടോ
മൂന്നോ സെന്റ് നിലങ്ങളിൽ പതറി
ജീവിക്കുന്ന ജീവ ശവശരീരങ്ങൾ
മരിച്ചു പോയെന്നാലടക്കുവാനിട-
മില്ലിരുട്ട് പൂക്കുന്ന രാത്രികൾ തിരുട്ട്
നോട്ടങ്ങൾ ചുവന്ന് കണ്ണുകൾ
പനിപ്പകലുകൾ കൊരകോരാ കൊരച്ച്
തീരുന്ന നരച്ച ജന്മങ്ങൾ..
മരിച്ചു പോയമ്മയിടയ്ക്കിടെ
ചിരിക്കുമായിരുന്നു മുഴുഭ്രാന്തിൽ
മുഴങ്ങുമച്ചിരിയിനിയില്ല
മുഷിഞ്ഞ ജീവിതം
നരകയാത്രക്കൊരുക്കമായി..
അടുപ്പ് കല്ലൊന്നു പൊളിച്ചു
മാറ്റണമമ്മയെ അടക്കണം
പിന്നേ……..
അടക്കിപ്പിടിച്ചേ കരയാവൂ
അടുത്ത വീട്ടുകാർ അറിയേണ്ട
ഒടുക്കമമ്മ പറഞ്ഞിതിത്രമാത്രം:-
കറുത്ത കൊടിച്ചിയെത്തിയാൽ
മീങ്കറിച്ചട്ടീൽ കൊറേ വറ്റിരിപ്പുണ്ട്
കുറച്ച് കഞ്ഞിവെള്ളം കൂട്ടിക്കലക്കി
കൊടുക്കണേയതെന്നെ തേടുമ്പോൾ.

സുരേഷ് പൊൻകുന്നം

By ivayana