രചന : അബ്രാമിന്റെ പെണ്ണ്✍

ഇന്നെന്ത് കറി വെയ്ക്കുമെന്നോർത്തിരിക്കുമ്പോളാണ് ഇൻസ്റ്റായിൽ ഈ റീൽ കാണുന്നത്.. രണ്ടീസം മുൻപ് കെട്ടിയോൻ വാങ്ങിച്ചോണ്ട് വന്ന ചൂരക്കുഞ്ഞ് ( ചെലര് നെത്തോലിയെന്നും പറയും ) ഫ്രിഡ്ജിലിരിക്കുന്നത് ഓർമ്മ വന്നതപ്പോഴാ….വല്യ ചെലവൊന്നുമില്ലാതെ ഇടിവെട്ട് കറി വെക്കണം.. ഇങ്ങനൊരു കറി കേരളത്തിൽ ആരും വെച്ചതായിട്ട് ഓർമ്മയില്ല…
അങ്ങനെ കറി വെക്കാനുള്ള പരിപാടി നോക്കി..കൊച്ചുങ്ങളും അങ്ങേരും വൈന്നേരം വരുമ്പം പുതിയ കറി കണ്ട് ഞെട്ടണം..
അയ്യത്തൊക്കെ നടന്ന് ഒരു ചരുവം നെറച്ച് മഷിത്തണ്ട് പറിച്ചോണ്ട് വന്ന്.. താഴേലെ കൊച്ചച്ചൻ എറങ്ങി വന്ന് എന്നെ നോക്കി നിക്കുവാ.. കൊല്ലം പതിമൂന്നായി എന്നെയിങ്ങോട്ട് കെട്ടിയെടുത്തിട്ട്.. ഇങ്ങേരിന്നാണോ എന്നെ കാണുന്നേ..ഇങ്ങനെ നോക്കാനെന്തുവാ… 😏😏😏


“ഇതെന്തിനാ കൊച്ചെ എല്ലാം കൂടെ പറിക്കുന്നെ.. അവന് സ്ലേറ്റ് മായ്ക്കാനാന്നോ…
ചരുവത്തിലോട്ടാ നോട്ടം..
“അതൊക്കെയുണ്ട്.. ഉച്ചയ്ക്ക് ഞാൻ കറി കൊണ്ടരാം.. നേരത്തെ ചോറ് തിന്നേക്കരുത്…
കൊച്ചച്ചൻ വീണ്ടും ചരുവത്തിലോട്ടും എന്റെ മുഖത്തോട്ടും നോക്കുവാ… എന്നിട്ടൊന്നും മിണ്ടാതെ വീട്ടിലോട്ട് കേറിപ്പോയി..
മഷിത്തണ്ട് വൃത്തിയായി കഴുകി അരിഞ്ഞു വാരി വെള്ളം തോരാൻ വെച്ച്..
വീഡിയോയിലെ കുഞ്ഞമ്മ ചെയ്ത പോലെ മീനെടുത്ത് വറുത്ത് കോരിയൊരു പാത്രത്തിലോട്ട് മാറ്റി..


അരിഞ്ഞു വെച്ചിരുന്ന മഷിത്തണ്ട് അടുപ്പിലോട്ട് കേറ്റി.. അവിടെയും ഇവിടെയും ടിന്നുകളിൽ വെച്ചിരുന്ന എല്ലാ പൊടിയും ഓരോ സ്പൂൺ വീതം തട്ടിയിട്ട്… ഒന്നിനും ഒരു കൊറവും വരരുതെന്ന് എനിക്ക് നിർബന്ധമുണ്ട്..വറുത്തു വെച്ച മീനും കൂടെയിട്ട് വെള്ളമൊഴിച്ച് ഉപ്പും ചേർത്ത് അടച്ചു വെച്ച് വേവിച്ചു…
അടുപ്പിലിരിക്കുന്ന പാത്രത്തിൽ നിന്ന് പളപള ഗുളുഗുളു ശബ്ദം കേക്കുന്ന്..പാത്രം തുറന്ന് നോക്കിയപ്പോ മറ്റേ മഷിത്തണ്ടിലെ വെള്ളം കൂടെയെറങ്ങി ഒരു പ്രളയത്തിന്റെ അന്തരീക്ഷം.. എത്ര തീയെരിച്ചിട്ടും വെള്ളം വറ്റുന്നില്ല.. പാത്രം അടുപ്പിൽ നിന്ന് വാങ്ങിവെച്ച് കൊറച്ചു വെള്ളം ഊറ്റിക്കളഞ്ഞു… ഒന്നൂടെ തീയെരിച്ചപ്പോ സംഗതി സെറ്റ്.. ടേസ്റ്റ് ചെയ്ത് നോക്കി..
ഇടിവെട്ട് സാനം.. എന്തൊരു രുചി… 💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾


അമ്മയ്ക്ക് ചോറ് വെളമ്പി കൊണ്ട് കൊടുത്തു… പുള്ളിക്കാരി എഴുന്നേറ്റിരുന്ന് പാത്രത്തിലോട്ട് നോക്കുന്നു..
“ഇതെന്തുവാ കൂട്ടാൻ… എന്തുവാ മീൻ പെരുവെള്ളത്തിൽ കെടക്കുന്നെ.. ഇതിന്റെ കൊടലൊന്നും കളഞ്ഞില്ലിയോ..നൂലും വള്ളീമൊക്കെയുണ്ടല്ലോ…
കറിയിൽ എളക്കി നോക്കി പറയുന്നെടേ…😳😳😳😳


വെച്ചൊണ്ടാക്കി കൊടുക്കാൻ ആരോരുമില്ലാത്ത എത്രയോ തന്ത തള്ളമാർ ഈ ഭൂമിയിലുണ്ട്.. സമയാ സമയം ഇങ്ങനെ ഓരോ വെറൈറ്റി സാനം ഉണ്ടാക്കി കെടക്കുന്നിടത്ത് കൊണ്ട് കൊടുക്കുന്ന എന്നെ പറഞ്ഞാ മതി…😡😡😡😡
ഞാനൊന്ന് സൂക്ഷിച്ചു നോക്കി..
“ഇന്ന് കറി വെക്കാൻ ഒന്നുമില്ലാരുന്നു.. എന്റെ ഒന്നര കിലോമീറ്ററുള്ള ചെറുകൊടലിൽ നിന്ന് കൊറച്ച് കണ്ടിച്ചു വാരി കറി വെച്ചയാ.. തിന്ന് നോക്കീട്ട് കുറ്റം വല്ലോംണ്ടേൽ പറ..
ഹല്ല പിന്നെ… 😏😏😏


“നിന്റെ കൊടലിന് ഒന്നരക്കിലോമീറ്ററല്ല,, കൊറഞ്ഞത് അമ്പത് കിലോമീറ്ററെങ്കിലും നീളം കാണും..കണ്ടിച്ചു കറി വെക്കാൻ തോന്നിയാ നീ അതും ചെയ്യും…അതാ എന്റെ പേടി..
നോക്കെടേ,,കിടപ്പിലാണെങ്കിലും വാചകത്തിന് യാതൊരു കുറവുമില്ല.. ഞാൻ പിന്നൊന്നും പറയാൻ പോയില്ല..എന്തേലും പറഞ്ഞാ പിന്നെ വല്യ വഴക്കാവും..
കൊറച്ചു കറി വെളമ്പി താഴേൽ കൊണ്ട് ചെന്ന്..
“വയറിന് വല്ലാത്ത ഏനക്കേട് കൊച്ചെ,, വായുവാണെന്ന് തോന്നുന്നു..,, ചോറ് തിന്നാൽ ശരിയാവത്തില്ല…കറി നീ കൊണ്ട് പൊക്കോ…
ഞാനാ മുറ്റത്തോട്ട് കേറിയപ്പഴേ പറയുന്നു.. വയറ് കണ്ടിട്ട് വായുവിന്റെ ലക്ഷണമൊന്നുമില്ല.. വേണോങ്കി തിന്നാ മതി,, ആർക്കാ നിർബന്ധം..😏😏😏


ഞാൻ തിരിച്ചു കേറിപ്പോന്നു.. വീട്ടിൽ കേറി എനിക്ക് കഴിക്കാൻ ചോറ് വെളമ്പിയപ്പോ അമ്മ ഡയപ്പർ എടുത്തു കൊടുക്കാൻ വിളിക്കുന്ന്.. വിളമ്പിയ ചോറ് തിന്നാൻ എനിക്ക് നേരം കിട്ടിയില്ല..
അകത്തോട്ടു കേറി ഡയപ്പർ എടുത്തു കൊടുത്തു വെളിയിലിറങ്ങി അഞ്ചു മിനിട്ടാവുന്നതിന്റെ മുൻപ് വീണ്ടും വിളിക്കുന്നു..നിമിഷ നേരം കൊണ്ട് ഒരു പാക്കറ്റ് ഡയപ്പർ തീർന്നു..പിന്നെ അതിന്റെ തിരക്കിലായിപ്പോയി..
അമ്മ എന്നെയങ്ങു ചീത്ത വിളിക്കുവാ.. ഞാനേതാണ്ട് ചെയ്ത പോലെ… എന്തെങ്കിലും കൊടുത്താൽ മുന്ന് പിന്ന് നോക്കാതങ്ങു തിന്നോളും..അവർക്കവിടെ കെടന്ന് ഓരോന്ന് കാണിച്ചാൽ മതി.. ഷീറ്റ് കഴുകി ഊപ്പാട് വന്നത് എന്റെയാ…
എന്തായാലും കറി സൂപ്പറാരുന്നു.. പ്രത്യേകിച്ച് കെടപ്പ് രോഗികൾക്ക് വയറൊഴിയാൻ നല്ലയാ.. ഡയപ്പർ വാങ്ങിച്ച് സ്റ്റോക്ക് ചെയ്യണമെന്നേയുള്ളു കേട്ടോ..എല്ലാരും വെച്ച് തിന്ന് നോക്കണം….. പുതിയ അനുഭവമാരിക്കും..

അബ്രാമിന്റെ പെണ്ണ്

By ivayana