രചന : അൽഫോൻസ മാർഗരറ്റ് ✍

രോഗിയാം അമ്മയെ കാണുവാനിന്നും
തന്മകനിതു വരെയെത്തില്ല…
വൃദ്ധ സദനത്തിൽ, ചകിരിക്കിടക്കയിൽ,
ജീവച്ഛവം പോൽ കിടക്കുന്നമ്മ…
ഇന്നുവരും തൻെറ പൊന്മകനെന്നു
-ള്ളൊരൊറ്റ പ്രതീക്ഷയാ കണ്ണുകളിൽ….
അമ്പത്തഞ്ചാണ്ട് മുന്നേയുള്ളീ നാളില്‍
ഈശ്വരൻ തന്ന നിധിയെന്മകൻ…
ഇന്നീ പിറന്നാളിൽതന്നോമൽ പുത്രൻെറ
തൂമുഖം കാണാൻ കൊതിക്കുന്നമ്മ…
തന്നോളം പോന്നാലും തന്നെക്കാളായാലും
അമ്മയ്ക്കുതൻ കുഞ്ഞു , പൈതൽ തന്നെ….
സങ്കടം തിരതല്ലി , മങ്ങിയകണ്ണിൽ നിന്നൊ-
ഴുകുന്നു കണ്ണുനീർ ധാരയായി…
ആദ്യമായ് നിന്നെകണ്ടൊരു നിമിഷവും ,
ഇതു പോലെയശ്രു ഒഴുകി കുഞ്ഞേ…
നിൻ മുഖംകണ്ടൊരു നേരത്തന്നെൻ മനം
മോദത്താൽ തുള്ളിത്തുടിച്ചതല്ലോ..
പട്ടണമദ്ധ്യത്തിലുള്ളോരാ ബംഗ്ളാവിൽ
പിറന്നാളിന്നഘോഷം ഗംഭീരമായ്…
അതിഥികൾ,കാറുകൾ,അലങ്കാരതോരണം
മദ്യത്തിനൊപ്പം വിശിഷ്ടഭോജ്യങ്ങളും,
സ്റ്റാറ്റസു പോരാത്ത അമ്മയൊഴിച്ചുള്ള
ബന്ധുസുഹൃത്തുക്കളെല്ലാമുണ്ട്.
തൻ കണിപുത്രനായ് പ്രാർത്ഥന
ഏറ്റുന്ന അമ്മയീ വൃദ്ധസദനത്തിലും
ഇന്നീ വദ്ധസദനത്തിൽ ഏകയായ്
എൻപൊന്നു മകനേ നിൻവരവും കാത്ത് ,
പിടയുമെൻ പ്രാണൻെറ പിടിവിടാതെ ,
നീവരുവോളം ഞാന്‍ കാത്തിരിക്കാം…

അൽഫോൻസ മാർഗരറ്റ് .

By ivayana