രചന : ലത അനിൽ ✍

ഇനിയാരെ ബോദ്ധ്യപ്പെടുത്തുവാൻ?
ഇനിയാർക്കു ഹർഷം പകരാൻ?
വിചാരണ കഴിഞ്ഞു വാസരപ്പടിയിറങ്ങുന്നു സൂര്യൻ.
കരഞ്ഞുതീരാവാനം മേലെ
വിളറിവീഴും വെയിൽ താഴെ.
അബ്ദങ്ങളെത്ര പോയ്മറഞ്ഞു.
ശുഷ്ക്കിച്ചൊരു രൂപമായയാൾ മാറി.
ചെയ്യാത്തെറ്റിനു കോടതിയേറി
ദേഹവും ദേഹിയും തളർന്നു.
“കണ്ണു കെട്ടിയ നീതിദേവതേ
‘പിശാച്’ എന്നലറിവിളിച്ച ജനതയെ തിരുത്താനിനിയാകുമോ?
അച്ഛനല്ലിയാൾ, ലജ്ജിക്കുന്നുവെന്നോതി അകന്ന മക്കളെ
തിരിച്ചേൽപ്പിക്കാനാവുമോ?
വിശ്വാസനെടുവീർപ്പോടെ ഒപ്പം നിന്ന പാതിയെ,
പാതിജീവനെ പുനരുജ്‌ജീവിപ്പിക്കുവാനാകുമോ?
കഴിഞ്ഞുപോയ കാലം, നഷ്ടവസന്തങ്ങൾ….
ഇല്ലിനിയൊരു തിരിച്ചുപോക്ക്,
ദൃക്സാക്ഷിവിവരണം, ചോദ്യം ചെയ്യൽ.
തെളിവു ശേഖരണം,വെറും
പ്രഹസനങ്ങൾ….
മൂടിക്കെട്ടിവെച്ചിരിക്കയല്ലോ നീതിസംഹിതകളും.
ദേവതേ കണ്ണും പൂട്ടിയിരിക്കുന്ന നീ വെറുമൊരു ബിംബം,
സത്യം കാണാതിരിക്കും ഗാന്ധാരി.”
ആയുസ്സിന്റെ മുനമ്പിൽ നിന്നയാൾ ശപിക്കയാണന്ധനിയമങ്ങളെ…
പതിഞ്ഞ പേരു മായ്ക്കുവാനാകുമോ?
കൊഴിഞ്ഞ ജീവിതം നുകരാനാവുമോ?
ഇടറും പാദങ്ങൾ പെറുക്കിവെച്ചീ സത്യരത്നം ചൂടിയിനിയെങ്ങിറങ്ങാൻ?
നോക്കുകുത്തിയാകുന്ന കാലമേ….
വ്യവസ്ഥിതികളെന്നിനി മാറ്റിവിതച്ചിടും???

ലത അനിൽ

By ivayana