രചന : മംഗളാനന്ദൻ ✍

അരികിലെത്തി നീ, അവസാനം നമ്മൾ
ഒരുമിച്ചു കണ്ട വിജനപാതയിൽ.
തിരയുന്നേൻ നിന്റെ മിഴികളിൽ പണ്ടു
വിരിഞ്ഞ നക്ഷത്രക്കനവിൻ ശോഭയെ.
ഒളിമങ്ങാതുള്ള കിനാവുകളെങ്ങാൻ
ഒളിഞ്ഞിരിപ്പുണ്ടോ സഖീ, നിൻകൺകളിൽ ?
കദനത്തിൻ കടൽത്തിരകൾ താണ്ടി നിൻ
ഹൃദയത്തിൽ പണ്ടേ കടന്നുകൂടി ഞാൻ.
മെനഞ്ഞെടുത്തു നാം വലിയ സ്വപ്നങ്ങൾ,
കനമുള്ള മോഹമലരിൻ മാലകൾ.
പ്രതീക്ഷകൾക്കുമേൽ വലിയ കോട്ടകൾ
പ്രതിദിനമന്നു പണിതുയർത്തി നാം.
വിധിവിപര്യയം നമുക്കുമേൽ പലേ-
വിധം പരാക്രമം തുടർന്നതിനാലേ,
പിരിഞ്ഞുപോയ് കാണാമറയിൽ ജീവനം
തിരഞ്ഞോരോ പുത്തൻ വഴിയും തേടവേ.
ഇടയ്ക്കെങ്ങോ ചാരംപൊതിഞ്ഞയോർമ്മയിൽ
കിടന്ന സ്വപ്നങ്ങളുണർത്തി നമ്മളെ.
ഒടുവിൽ നമ്മളീ ചരമസൂര്യന്റെ
മടിത്തട്ടിൽ വീണ്ടുമൊരുമിച്ചീടുന്നോ!
കനവിലിപ്പൊഴും കിടക്കുന്നുണ്ടത്രേ
കനൽത്തരിയായി കുരുന്നുസ്വപ്നങ്ങൾ .
നിറം മങ്ങിയുള്ളിൽകിടക്കും സ്വപ്നങ്ങൾ
പുറത്തെടുത്തിനി മിനുക്കണം , പുത്തൻ
പ്രണയകാലത്തിൻ പുതിയ കോട്ടകൾ
പണിയണം സ്നേഹശിലകൾകൊണ്ടു നാം.

മംഗളാനന്ദൻ

By ivayana