രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍

ജാതിചോദിക്കുന്നു ഞാനിന്നു മാനവ
ചോദ്യമുള്ളിൽത്തറക്കുന്നതാണെങ്കിലും
ജാതിചോദിച്ചു നിന്നിലേക്കെത്തുമ്പോൾ
നീതിമാനായി ഞാൻസ്വയം ചമഞ്ഞീടും
പണ്ടു മതങ്ങളെ സൃഷ്ടിച്ചെടുത്തു ചിലർ
പിന്നെ ജാതിയെക്കെട്ടിപ്പിടിച്ചു നടന്നല്ലോ
ഇന്നു ജാതിയെക്കൂട്ടിപ്പിടിക്കുന്നവരോ
നഷ്ടസാമ്രാജ്യത്തിൻ പടികൾ തിരയുന്നവർ
രാജ്യത്തിനപ്പുറം നിരങ്ങാത്ത ജാതികൾ
കടലുകടന്നാരും തിരയാത്ത മതങ്ങളും
ആകാശമാരോടും ചോദിച്ചുപോലുമില്ലല്ലോ
ജാതിയെന്ത് നിന്റെ മതമെന്തു മാനവാ…
ജാതിയും മതവും പറയുന്നതു കേൾക്കുക
കെട്ടഴിച്ചു വിട്ടീടുക ഞങ്ങളെ നീമാനവാ
ജാതി ചൊല്ലിനിങ്ങൾ തമ്മിലടിക്കുമ്പോൾ
ചിന്തുന്നചോര പറയുന്നതു കേൾക്കുക
നിന്റെചോരയെങ്ങുമെന്നും ചുവപ്പല്ലയോ
നിങ്ങളെന്തിനീപ്പേരുകളിട്ടു പോരാടുന്നു
നിറംനിന്റെയുള്ളിൽ ചുവപ്പാണെന്നറിഞ്ഞിട്ടും
നിങ്ങളെന്തിനു പലപേരിട്ടു ചതിക്കുന്നു
നിന്റെയീ ചേഷ്ടകൾ കാണുമ്പോളറിയാതെ
കറുത്തുപോകുന്നു നിന്റെയുള്ളിലെച്ചോരയും
കഷ്ടമെന്നല്ലാതെയെന്തിനി ചൊല്ലേണ്ടൂ …
കഷ്ടമായിട്ടും കള്ളക്കളിയിതു തുടരുന്നു
ജാതിചോദിക്കുന്നു ഞാനിന്നും മാനവാ
ചോദ്യത്തിൽ നീസ്വയം തകരുമെന്നാകിലും
ജാതിചോദിച്ചു ഞാൻ മുന്നിലേക്കെത്തവേ
ജാതിവേണ്ട മനുഷ്യനു…തിരിച്ചറിയുന്നു ഞാൻ
ജാതി വിളിച്ചുപറയുന്നത് വിരണ്ട ഭീരുക്കൾ
മതം പറയുന്നതോ…മണിമേട തീർത്തവർ
ജാതിചോദിക്കുന്നു ഇന്നുഞാൻ മാനവാ
ചോദ്യമെന്നെ തിരിച്ചുകൊത്തുമെന്നാകിലും .

മോഹനൻ താഴത്തേതിൽ

By ivayana