രചന : ബാബുഡാനിയല്‍✍

കണ്ണിനുകണ്ണും, മൂക്കിനുമൂക്കും
നീതിയതെന്നു ധരിച്ചൊരുകാലം
അംഹിംസയൊരുക്കിയ പാതയിലൂടെ
ലോകംമാറ്റിമറിച്ചൊരു വൃദ്ധന്

സൂര്യനുറങ്ങാത്ത നാടിന്നധിപര്‍,
നടുങ്ങി,യൊടുവിലടിപതറി.
ത്യജിച്ചു മുഷ്ക്കും , ഹുങ്കും പിന്നെ
കടന്നു ഭാരതമണ്ണില്‍ നിന്നും.

സ്വതന്ത്രഭാരത ഭൂവില്‍ അന്ന്
ഉയര്‍ന്നുപാറി മൂവര്‍ണ്ണക്കൊടി
‘സഞ്ചിതമാകും സംസ്കാരക്കൊടി’
പാരിന്‍നടുവില്‍ഒളിവിതറി.

നാടിന്‍സ്വാതന്ത്ര്യത്തിന്നലകള്‍
പാരിലുയര്‍ന്നുപരക്കുമ്പോഴും
നിറഞ്ഞകണ്ണാല്‍ നിന്നുവിതുമ്പി
രാജ്യം രണ്ടായ് കീറുമ്പോള്‍.

സത്യാന്വേഷണപരീക്ഷണങ്ങള്‍
സ്വന്തം ജീവിതമായ് കണ്ടോന്‍.
സമത്വസുന്ദരഭാവനയേകി
അറുത്തുമാറ്റി വര്‍ണ്ണവെറി

വര്‍ണ്ണവിവേചനവെറിയാലന്ന്
വലഞ്ഞ മര്‍ത്ത്യജനതതിയേ
പുണര്‍ന്നുനിന്നു നെറുകില്‍ തൊട്ട്
പറഞ്ഞു നിങ്ങള്‍ ‘ദൈവജനം’

സാധുജനത്തിന്‍ ഉന്നതിമാത്രം
സ്വപ്നംകണ്ട മഹായോഗി.
കണ്ടൊരുസ്വപ്നംപാതിമുറിഞ്ഞു
പിടഞ്ഞു മരിച്ചു വ്യഥയോടേ.

സ്വതന്ത്രഭാരത പുലരികളനവധി
കടന്നുപോയി എന്നാലും
ഇന്നും തുടരുകയാണധി ദു:ഖം
സാധുജനത്തിന്‍ കൂരകളില്‍

സ്വതന്ത്രഭാരത പുലരികളനവധി
കടന്നുപോയി എന്നാലും
ഇന്നും തുടരുകയാണധി ദു:ഖം
സാധുജനത്തിന്‍ കൂരകളില്‍

എത്തും നല്ലൊരു നാളുനമുക്കായ്
ബാപ്പുജി കണ്ടൊരു സ്വപ്നംപോല്‍
ക്ഷമയുടെ ശക്തിയപാരം,അമൃതം
ക്ഷേമം പകരും നറുമന്ത്രം
ക്ഷോഭമടക്കി മേവുക നിത്യം
ക്ഷോണിയില്‍ മോദം കളിയാടും
✍🏻

By ivayana