രചന : മധു മാവില✍

ചരിത്രം പഠിപ്പിച്ചിരുന്ന
പത്മനാഭൻ മാഷ് .. സ്റ്റാഫ് റൂമിലെ കസേരയിൽ വന്നിരുന്നു.
അടുത്ത പിരിയഡ് ക്ലാസ്സില്ല…
ശാരദ ടീച്ചറും അടുത്തുണ്ടായിരുന്നു.
എന്തോ വർത്തമാനം പറയുന്നതിനിടക്ക്
രാജൻ മാഷ് ഗാന്ധി ജയന്തിയിലെത്തി..
ഇന്ത്യാ വിഭജനത്തിനെപ്പറ്റിയായ് ചർച്ച..
വിഭജിക്കൽ നിസ്സാരമായ കാര്യമല്ലന്ന് ശാരദ ടീച്ചർ കൂട്ടിച്ചേർത്തു.
പിന്നെയത് മക്കൾക്ക് സ്വത്ത് ഭാഗം ചെയ്യുന്നതിനെപ്പറ്റിയായി സംസാരം .
റിട്ടയറാകുന്നതിന് മുന്നെ ചെയ്യണം എന്നുണ്ട്…
പത്മനാഭൻ മാഷ് പറഞ്ഞു…
സ്വത്ത് ഭാഗം ചെയ്തു കൊടുക്കാൻ മക്കൾ മൂന്ന് പേരും ഞാനും ഒന്നിച്ചിരുന്നു സംസാരിച്ചു..
ചില കാര്യങ്ങളിൽ തീരുമാനമായില്ല.
വീടിന് മുന്നിലെ റോഡിനടുത്തായ് മുന്നാൾക്കും സ്ഥലം വേണം..
അതെങ്ങിനെ നടക്കും…?
രാജൻ മാഷ് ചോദിച്ചു..
നിൽക്കുന്ന വീട് മാഷിൻ്റെ കാലശേഷം മൂന്നാൾക്കും ഒരുപോലെ അവകാശപ്പെടുത്തി രേഖ തീർക്കാമെന്ന് മാഷ് പറഞ്ഞപ്പോൾ …
അത് പറ്റില്ല.
ഇനിയും പാർട്ടീഷന് നേരമില്ലന്ന് ഒരാൾ..
വീട് കിട്ടുന്നവന് ഇപ്പോൾ കിട്ടണം പിന്നീടാണങ്കിൽ വേണ്ടന്ന് മറ്റൊരാൾ
ഇത് കിട്ടില്ലങ്കിൽ പുതിയത് പണിയാലോ…?
കല്യാണം കഴിഞ്ഞ് ജോലി ചെയ്യുന്നിടങ്ങളിൽ താമസിക്കുന്നവന് വീട് വേണ്ട.. നല്ലവില കിട്ടുന്ന മുന്നിലെ സ്ഥലം മതിയെന്ന് അവനും..
അന്നും ….തീരുമാനമായില്ല.
ഒന്നും മിണ്ടാതെ രണ്ടാളും പോയി..
ഇളയവനും കുടുബവും തൻ്റെ കൂടെയാണ് താമസിക്കുന്നത്.
മനസ്സിലുള്ളത് അവനും തുറന്ന് പറഞ്ഞില്ല.. അവൻ്റെ കാര്യം തീരുമാനിക്കുന്നത് മകൻ്റെ ഭാര്യയാണ്.
വെറുതെ കിട്ടുന്നതായാലും പാലുള്ള പശുവിനെ കിട്ടണമല്ലോ…
പിന്നീടിതുവരെ ഭാഗം ചെയ്യുന്നതിനെപ്പറ്റി ആരും പറഞ്ഞില്ല..
വെറുപ്പൊന്നുമില്ല… വിളിക്കാറുണ്ട്
ഇടക്ക് വീട്ടിലേക്ക് വരാറുമുണ്ട്…
എന്നാലും മക്കൾ രണ്ടു പേരും ഈ ഓണത്തിന് വീട്ടിലേക്ക് വന്നിട്ടില്ല.
പാർട്ടീഷൻ ഇതുവരെ നടക്കാത്തതിൻ്റെ
വിഷമം ഉണ്ടാവും..
പത്മനാഭൻ മാഷ് പറഞ്ഞു നിർത്തി.
ആലോചനയിൽ കൂടി മക്കളിലേക്ക്
മാഷ് ഓടുകയാണ് .
കുറച്ച് സമയത്തിന് ശേഷം
രാജൻ മാഷ് ചോദിച്ചു.
അല്ല മാഷേ നിങ്ങളുടെ ഒരു മകൻ വിശ്വനാഥൻ രാഷ്ടീയ പ്രവർത്തനത്തിനെല്ലാം പോകുന്നവനല്ലേ…? അവൻ എന്തു പറഞ്ഞു.
അതെ .. അവൻ നേതാവാണ്.
പത്മനാഭൻ മാഷ് തല കുലുക്കി
കഴിഞ്ഞാഴ്ച അവൻ്റെ ഒരു പ്രസംഗം ബസ് സ്റ്റാൻഡിൽ നിന്ന് കേട്ടിരുന്നു.
മണിപ്പൂരിലെ ഗോത്ര
കലാപത്തിനെ പറ്റി..
സർക്കാരിൻ്റെ ഭരണ പരാജയത്തെപ്പറ്റിയും
പ്രശ്നം പരിഹരിക്കാനുള്ള,, സമവായത്തെപ്പറ്റിയുമൊക്കെ പറയുന്നത് കേട്ടു…
അതേടോ .. അതാർക്കും പറയാം.!!
പതിറ്റാണ്ടുകൾ പഴക്കമുള്ള
കാശ്മീർ പ്രശ്നത്തെപ്പറ്റിയും,
മണിപ്പൂർ ഗോത്ര യുദ്ധത്തിനെപ്പറ്റിയും
ഇവിടെ ഇരുന്നു പറയാം…
ഉപദേശിക്കാം…
പരിഹരിക്കണ്ട ഉടമ്പടികളും കൃത്യതയോടെ പ്രസംഗിക്കാം…
എഴുതുന്നവർക്ക് അതുമാവാം
പക്ഷെ…
പത്മനാഭൻ മാഷ് ഒന്ന് നെടുവീർപ്പിട്ടു.
എന്നിട്ട് മെല്ലെ പറഞ്ഞു.
ഒരു പ്രശ്നവുമില്ലാതെ സ്നേഹത്തോടെ
കുടുബ സ്വത്ത് ഭാഗം ചെയ്യാനാണ്
പറ്റാത്തത്…!!!
മൂന്ന് മക്കളുള്ള ഒരു കുടുബത്തിലെ സ്വത്ത് ഭാഗം ചെയ്യാൻ നമുക്ക് പറ്റുന്നില്ല.
പിന്നല്ലേ മണിപ്പൂർ പ്രശ്നം….?

മധു മാവില

By ivayana