രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍
ഉമ്മറ വാതിൽപ്പടിയിലിരുന്നുകൊ-
ണ്ടമ്മയിന്നെന്തിനേ തേങ്ങുന്നു
ജൻമ,മനാഥമായ് മാറീട്ടോ,മുന്നി-
ലുൺമതൻ നെയ്ത്തിരി കെട്ടിട്ടോ?
തൻമകൻ താന്തോന്നിയായിട്ടോ,മകൾ
തൻ പിടിവിട്ടങ്ങു പോയിട്ടോ?
എന്തിനാണെന്തിനാണമ്മിഴി രണ്ടിലും
കണ്ണീർ പൊഴിച്ചമ്മ തേങ്ങുന്നു !
കെട്ടിയോൻ യാത്ര പറഞ്ഞിട്ടാണ്ടുക-
ളൊത്തിരിയായെന്നുകേൾപ്പൂ ഞാൻ
എത്ര ഭയാനകമൊന്നോർത്തീടുകി-
ലത്രയീ വാഴ്‌വിൻ ദുരന്തങ്ങൾ !
ആർക്കേയാവുന്നതിനെ മറികട-
ന്നൂക്കോടൊട്ടു ചരിച്ചീടാൻ ?
ആർക്കേയാവുന്നതിനെ മറികട-
ന്നാർദ്രതയോടൊട്ടുപാടീടാൻ
ഇന്നീക്കാണുന്നതേതു നിമിഷവു-
മൊന്നായ് താണങ്ങടിഞ്ഞീടാം
എന്നാലും നമ്മളായതറിയാതെ,
വെന്നേറീടാൻ ശ്രമിപ്പൂ,ഹാ!
വാഴുന്നോരിവിടേതും കാണാ-
തൂഴം തേടി നടക്കുന്നു
പാഴിരുൾ കൊണ്ടേ മൂടി മനുഷ്യരെ-
യാഴക്കയത്തിലേക്കാഴ്ത്തുന്നു!
കർമ്മഫലങ്ങളെന്നാരോ മൊഴിയുന്നു,
ജൻമങ്ങൾ കണ്ണീരിൽ മുങ്ങുന്നു!
എന്തും സഹിക്കുവാനാവുന്നതെങ്ങനെ-
യന്തകരായ് ചിലർ മാറുമ്പോൾ!
നാടിൻ മഹിമകൾ കെട്ടിട്ടോ, ജീവ-
നാഡിതൻ സ്പന്ദനം കേട്ടിട്ടോ?
ഉമ്മറ വാതിൽപ്പടിയിലിരുന്നുകൊ-
ണ്ടമ്മയിന്നങ്ങനെ തേങ്ങുന്നു!