രചന : ഹരിദാസ് കൊടകര✍

അനുസരിക്കുന്ന കുട്ടികൾ;
തലയെ മാറ്റി, ഉടൽ-
കൊടിക്കു നല്കുന്നു.
കടുത്ത സ്വർഗം-
അറുതി നോൽക്കുന്നു.
കളി പിണക്കുന്നു.
വിധി നിരത്തുന്നു.

അനുസരിക്കുന്ന കുട്ടികൾ;
വെളിനിലങ്ങളിൽ-
ചിരി പഴിക്കുന്നു,
നിർമ്മിതം ബുദ്ധി-
രാകി വയ്ക്കുന്നു.
‘കല്ലുവാഴ’യ്ക്കിഷ്ട-
ഭ്രാന്തു നേരുന്നു.
മിഴിയുണക്കിയും-
ജനിച്ചു നില്ക്കുന്നു.

അനുസരിക്കുന്ന കുട്ടികൾ;
വിശന്നിരിക്കുന്നു.
പുഴയ്ക്കു കുറുകെ-
ചിതലടുക്കുന്നു.
പുതിയ ‘വാനില’-
മൃതിയ്ക്കു തേവുന്നു.
പുര പറിക്കുന്നു.

അനുസരിക്കുന്ന കുട്ടികൾ;
ചെരിഞ്ഞ നേരുകൾ-
ഉടുത്തുനില്ക്കുന്നു.
സ്വദേശ വായനാ-
കുഴിയെടുക്കുന്നു.
വരട്ടുദേശത്തെ,
പിടിച്ചിരുത്തുന്നു.
ഇലപ്രകാശം;
കടിച്ചിറക്കുന്നു.
‘കൃഷ്ണവരാൽ’
കുളമെടുക്കുന്നു.
അസുരകാരണം-
അനുസരിക്കുന്നു.

ഹരിദാസ് കൊടകര

By ivayana