രചന : വർഗീസ് വഴിത്തല✍

യൗവ്വനാരംഭത്തിൽ ഭാവിയെ കുറിച്ചുള്ള വലിയ പ്രതീക്ഷകളുമായി
ഗുജറാത്തിലെ വേരാവലിലേക്ക് ചേക്കേറിയ ആദ്യ നാളുകളിൽ ഹൃദയത്തെ വല്ലാതെ മുറിപ്പെടുത്തിയ ഒരനുഭവം ഇവിടെ പങ്ക് വെക്കുന്നു.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു.
നൈറ്റ്ഡ്യൂട്ടി കഴിഞ്ഞു രാവിലെ 9:30
ആയപ്പോൾ റൂമിൽ എത്തി.


റൂം എന്നു പറഞ്ഞാൽ കമ്പനി കോംപൗണ്ടിന് പുറത്ത് വലിയ മതിലിനോട് ചേർന്നു
നിർമ്മിച്ച നീളത്തിലുള്ള കെട്ടിടമാണ്.
ഇരുപതോളം പേർക്ക് താമസിക്കാവുന്ന വലിയ ഹാളുകളായി തിരിച്ചിരിക്കുന്നു. ഓരോ ഹാളിലും രണ്ടു പൊതുവായ ടോയ്ലറ്റുകളും രണ്ടുകുളിമുറികളും ശുദ്ധ ജലം വിതരണം ചെയ്യുന്ന ഒരു പൊതു ടാപ്പുമുണ്ട്.
. മുറിയുടെ അത്രയും തന്നെ വീതിയും നീളവും ഉള്ള കോൺക്രീറ്റ് ചെയ്ത മുറ്റം.
ഇടയ്ക്കിടെ വർഗീയ ലഹളകൾ ഉണ്ടാവുന്നത് കൊണ്ടും, സംഘർഷ സാധ്യത ഉള്ളത് കൊണ്ടും
താമസസ്ഥലത്തിന് ചുറ്റും പത്തടി ഉയരമുള്ള വലിയ മതിൽ കെട്ടി സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.


പുറമെ നിന്നും നോക്കിയാൽ ഇരുമ്പ് ഗ്രില്ലുകളുള്ള ഓരോ പ്രവേശനകവാടങ്ങൾ മാത്രമേ ദൃശ്യമാവൂ.
കുളിയും തേവാരവും കഴിഞ്ഞു പ്രഭാതഭക്ഷണം കഴിച്ചു മെസ്സിലെ പാചകകാരനായ
അയ്യപ്പൻ ചേട്ടനോടൊപ്പം പാഠൺ ബസാറിൽ മെസ്സിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ പോയി. കമ്പനിയിൽ നിന്നും സുമാർ മൂന്ന് കിലോമീറ്റർ ദൂരമുണ്ട് ബസാറിലേക്ക്.
അയ്യപ്പൻ ചേട്ടനോടൊത്തുള്ള യാത്രകൾ രസകരമാണ്. മീനും പച്ചക്കറികളും മറ്റും വില പേശി വാങ്ങാൻ ആൾക്ക് ഒരു പ്രത്യേക കഴിവ് ആണ്.
വഴിയോരക്കടകളിൽ നിന്നും
നല്ല കിടിലൻ ഗുജറാത്തി ചായയും, സമൂസയും കഴിക്കാം.


ഒപ്പം ഭാഷാപഠനവും നടക്കും. ചരിത്ര പ്രസിദ്ധമായ
സോമനാഥ് മഹാദേവ ക്ഷേത്രവും സന്ദർശിച്ചു ബീച്ചിലൂടെ ഒന്ന് കറങ്ങിയതിന് ശേഷമാവും തിരിച്ചു വരിക.
അയ്യപ്പൻ ചേട്ടൻ ഇടയ്ക്കിടെ കൊച്ചു കൊച്ചു തമാശകളും പൊട്ടിക്കും.
പാഠൺബസാർ ഇടുങ്ങിയ വഴികളുള്ള
തിരക്കേറിയ ഒരു കൊച്ചു പട്ടണമാണ്.
നിറയെ സാധനങ്ങൾ അടുക്കി വെച്ചിരിക്കുന്ന കൊച്ചു കൊച്ചു കടകളും ചെറിയ വിലയ്ക്ക് പഴവർഗ്ഗങ്ങൾ വിൽക്കുന്ന ഉന്തുവണ്ടിക്കാരും,
ചെറിയ കുട്ടകളിൽ പച്ചക്കറികൾ വിൽക്കുന്ന വലിയ കാതോടകളും, കൈവളകളും അണിഞ്ഞ വൃദ്ധമാരും, അലഞ്ഞു തിരിയുന്ന കഴുതകളും, അമ്പലക്കാളകളും, തെരുവ് നായ്ക്കളും, പന്നിക്കൂട്ടവും, ഇതിനിടയിലൂടെ ശരവേഗത്തിൽ പായുന്ന ഓട്ടോറിക്ഷകളും ഒക്കെ ചേർന്ന് എപ്പോഴും ബഹളമയം.


അന്നും പതിവ് പോലെ സാധനങ്ങൾ മേടിച്ചു തിരിച്ചു വരുമ്പോൾ തെരുവിൽ
പതിവിൽക്കൂടുതൽ ആൾക്കൂട്ടം കണ്ട് ഞങ്ങൾ നിന്നു. വളരെ ദയനീയമായ ഒരു കാഴ്ചയാണ് കണ്ടത്. ആജാനുബാഹുവായ ഒരു മനുഷ്യൻ ഒരു സ്ത്രീയെ മുടിക്കുത്തിനു പിടിച്ചു നിർത്തി ക്രൂരമായി മര്ദിക്കുന്നു. അവരുടെ ഒക്കത്തിരിക്കുന്ന ഏകദേശം രണ്ടു വയസ്സ് തോന്നിക്കുന്ന പെൺകുഞ്ഞു ഭയന്ന് ഉച്ചത്തിൽ കരയുന്നു. ആ സ്ത്രീയെ ഞങ്ങൾക്ക് പരിചയമുണ്ട്. കുഞ്ഞിനേയും കൊണ്ട് അലഞ്ഞു തിരിയുന്നത് മിക്കവാറും കാണാറുണ്ട്. അവർ അയാളുടെ സമൂസ മോഷ്ടിച്ചുവത്രെ ! ഹൃദയ ഭേദകമായ ആ കാഴ്ച കണ്ട് ഞരമ്പുകൾ തീ പിടിച്ചെങ്കിലും അപരിചിത സ്ഥലമായത് കൊണ്ടും, അവിടെ കൂടി നിന്നവരുടെ മട്ടും ഭാവവും കണ്ടും പ്രതികരിച്ചില്ല. അപ്പോഴേക്കും ആ സ്ത്രീ വല്ല വിധേനയും അയാളുടെ പിടി വിടുവിച്ചു ഓടി രക്ഷപെട്ടു. പോകുമ്പോൾ അവർ ഉച്ചത്തിൽ ശപിക്കുന്നത് കേൾക്കാമായിരുന്നു. ആ കുഞ്ഞു തൊള്ള കീറി കരയുന്നതും.
ഓട്ടോയിൽ കയറി തിരിച്ചു വരുമ്പോൾ അയ്യപ്പൻ ചേട്ടൻ രോഷത്തോടെ പറഞ്ഞു ” മനസ്സാക്ഷി ഇല്ലാത്തവന്മാർ
ഇവനൊന്നും ഗതി പിടിക്കില്ല “..


കമ്പനിയിലെത്തും വരെ പിന്നെ ഞങ്ങളൊന്നും സംസാരിച്ചില്ല.
തിരികെ റൂമിലെത്തിയിട്ടും എന്റെ മനസ്സിൽ ആ കാഴ്ച തെളിഞ്ഞു തന്നെ നിന്നു.
രാത്രിയിൽ ഉറക്കമിളച്ചതിന്റെ ക്ഷീണം ഉണ്ടായിരുന്നതിനാൽ കുറച്ചു നേരം മയങ്ങി.
ഡേഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സുഹൃത്ത് ഉച്ചഭക്ഷണം കൊണ്ട് വന്നു വിളിച്ചപ്പോഴാണ് പിന്നെ എഴുന്നേറ്റത്.
കുറച്ചു കഴിഞ്ഞു കയ്യും മുഖവും കഴുകി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് മുറ്റത്തു കാല്പെരുമാറ്റവും ടാപ്പിൽ നിന്നും വെള്ളം വീഴുന്ന ശബ്ദവും കേട്ടത്. സുഹൃത്ത് പോയിട്ട് കുറച്ചു നേരം ആയിരിക്കുന്നു. പിന്നെ ആരാണെന്നു അറിയാനുള്ള ആകാംക്ഷയിൽ പുറത്തേക്കു നോക്കിയപ്പോൾ സ്തംഭിച്ചു പോയി.


ബസാറിൽ കണ്ട ഭ്രാന്തിയും കുഞ്ഞുമാണ്.ടാപ്പിൽ നിന്നും അവർ ആർത്തിയോടെ വെള്ളം കുടിക്കുകയാണ്. ഞങ്ങൾ കുളിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മഗ്ഗിൽ വെള്ളം എടുത്തു കുഞ്ഞിന് കൊടുത്തിട്ടുണ്ട്. അത്യധികമായ വെപ്രാളത്തോടെയും, പരവേശത്തോടും കൂടി
ആ കുഞ്ഞ് വെള്ളം കുടിക്കുന്ന കാഴ്ച കണ്ടു ഞാൻ തരിച്ചു നിന്നു.
വെള്ളം കുടിച്ചു കഴിഞ്ഞാണ് അവർ എന്നെ കണ്ടത്. ഭീതിദമായ മുൻകാല അനുഭവത്തിൽ നിന്നാവും ആ പെൺകുഞ്ഞു പേടിച്ചു കരയാൻ തുടങ്ങി.
വര്ണനാതീതമായ അനുതാപവും വേദനയും എന്റെ ഹൃദയത്തെ തരളിതമാക്കി.
അവർ പൊയ്ക്കളഞ്ഞെങ്കിലോ എന്ന ആശങ്കയിൽ ഞാൻ പെട്ടന്ന് തന്നെ എന്റെ ഭക്ഷണപ്പാത്രം അവരുടെ നേരെ നീട്ടികൊണ്ട് കഴിക്കാൻ പറഞ്ഞു.


അവിശ്വസനീയതയോടെ തെല്ലു നേരം എന്റെ നേർക്കു മിഴിച്ചു നോക്കി നിന്നതിനു ശേഷം ആ സ്ത്രീ ഒറ്റച്ചാട്ടത്തിന് ഭക്ഷണപ്പാത്രം എന്റെ കയ്യിൽ നിന്നും തട്ടിപ്പറിച്ചു.
ആ കുഞ്ഞിന് കഴിക്കാവുന്നതിൽ കൂടുതൽ ഭക്ഷണം കയ്യിലെടുത്തു അവർ ആ കുഞ്ഞു വായിലേക്ക് തള്ളിക്കയറ്റാൻ തുടങ്ങി. ഒരു അമ്മയുടെ ഹൃദയം എത്ര മാത്രം പ്രതിജ്ഞാബദ്ധമാണെന്ന് നോക്കൂ. മനസ്സിന്റെ സമനില തെറ്റി ഭ്രാന്തിയായിട്ടും, കൊടിയ വിശപ്പിന്റെ ഇടയിലും സ്വന്തം കുഞ്ഞിനെ ഊട്ടാനാണ് അവർ ശ്രമിച്ചത്.
അതു വരെ ഉണ്ടായിരുന്ന എന്റെ എല്ലാ കാഴ്ചപ്പാടുകളെയും തിരുത്തിക്കുറിച്ച ഒരു കാഴ്ചയായിരുന്നു അത്. വിശപ്പ് എത്ര മാത്രം ഭീകരമാണെന്ന് ആ കുഞ്ഞു ഭക്ഷണത്തോട് കാണിക്കുന്ന ആർത്തിയിൽ നിന്നും എനിക്ക് മനസ്സിലായി.


ആ അമ്മയും മകളും കരയുകയായിരുന്നു.
എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
ഏത് വികാരമാണ് എന്റെ ഹൃദയത്തെ കീഴടക്കിയതെന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. അവർ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴും, അവർ പോയിക്കഴിഞ്ഞും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടേയിരുന്നു. ആ നിമിഷങ്ങളിൽ എന്റെ ഹൃദയം അലിവ് നിറഞ്ഞ ഒരു തടാകമായ് പരിണമിച്ചു എന്നു തോന്നുന്നു.
വളരെ നാളായി കുളിക്കാതിരുന്നത് കൊണ്ട് അവരുടെ ശരീരത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. കീറിപ്പറിഞ്ഞ, മുഷിഞ്ഞ ഒറ്റയുടുപ്പു ധരിച്ച, ദേഹമാസകലം ചളി പുരണ്ട, ജഡ കെട്ടിയ മുടിയുള്ള ആ പിഞ്ചു പൈതൽ പോകാൻനേരം എന്റെ കണ്ണുകളിലേക്ക് നോക്കി കൃതജ്ഞതയോടെ ഒന്നു മന്ദഹസിച്ചു.


അത്രയേറെ പ്രശോഭിതവും, മുഗ്ധവും, ഹൃദയം കവരുന്നതുമായ ഒരു പുഞ്ചിരി അതിന് മുൻപോ ശേഷമോ ഞാൻ കണ്ടിട്ടില്ല !
ഒരു കുഞ്ഞു മനുഷ്യജീവിക്കു മാത്രം സഹജമായ നിഷ്കളങ്കമായ ആത്മ പ്രകാശനമായിരുന്നു അത്.
അവർ പോയിക്കഴിഞ്ഞും വിവിധ വികാരങ്ങൾ എന്റെ ഹൃദയത്തിൽ അലയടിച്ചു കൊണ്ടിരുന്നു. സന്താപവും സന്തോഷവും ഒന്നുപോലെ അനുഭവിച്ചു.
ഒട്ടേറെ ചോദ്യങ്ങൾ എന്റെ മനസ്സിൽ
ഉയർന്നു വന്നു.
ദൈവമേ ! നീ എവിടെയാണ് മറഞ്ഞിരിക്കുന്നത്?


ദരിദ്രനെ സൃഷ്ടിച്ചു നടുക്കടലിലേക്ക് എറിഞ്ഞിട്ടു മാറി നിന്നു രസിക്കുന്ന ക്രൂരനാണോ അവിടുന്ന്?
എന്റെ വഴിപാടിന്റെ വലിപ്പം കണ്ട്, എന്റെ സ്തുതി വചനങ്ങൾ കേട്ട് സിംഹാസനത്തിൽ ഇരുന്നു ഞെളിയുന്ന അല്പനാണോ ദൈവം !
ദാരിദ്ര്യത്തിന്റെ അരക്ഷിതാവസ്ഥയിൽ ചെയ്തു പോകുന്ന മോഷണവും, ആരോരുമില്ലാത്ത അവസ്ഥയും അങ്ങ് വെറുക്കുന്ന പാപങ്ങളാണോ?
നാലു നേരം മൃഷ്ടാന്നം കഴിക്കുന്നവൻ ഒരു നേരമെങ്കിലും കഴിക്കാൻ നിവൃത്തിയില്ലാത്തവരെ സഹായിക്കാതെ ദൈവം സഹായിക്കും എന്ന് പറയുന്നതിൽ എന്ത് ദൈവികത ആണുള്ളത്?


ദൈവം സ്നേഹമാണെങ്കിൽ അവിടുത്തെ മക്കൾ ചിലർ മാത്രം രോഗത്താലും ദാരിദ്ര്യത്തിലും കഷ്ടപ്പെടുന്നത് എന്തു കൊണ്ട്?
ഈ വിവേചനം അങ്ങ് സൃഷ്ടിച്ചതാണോ?
ദൈവമേ ! ഞാൻ ഇനിയും അങ്ങയെ തിരയേണ്ടത് എവിടെയാണ്?
ഇത് വായിച്ചു ഞാൻ നിരീശ്വര വിശ്വാസിയാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. അനുനിമിഷം ഈ ചോദ്യങ്ങളിലൂടെ ഈശ്വരനെ തേടുന്ന വിശ്വാസി തന്നെയാണ്.

വർഗീസ് വഴിത്തല

By ivayana