രചന : കെ ജയനൻ✍

കൊച്ചുവെളുപ്പാങ്കാലം
വഴിമുക്ക്
അരയാലിൻമൂട്
ഓരം ചേർന്നൊരു തട്ടുകട
ചെറിയൊരുകൂട്ടം ആൾക്കാർ
ആലിൻതറയിൽ
കല്പടവിന്മേൽ
വൃദ്ധർ, മധ്യവയസ്ക്കർ
പരിസരവാസികൾ ഒട്ടേറെപ്പേർ
പട്ടിൽചുറ്റിയ ശിവലിംഗം ദൃസാക്ഷിക്
കത്തും വേനൽക്കാലത്തും
മഴവിൽക്കനവായ്
കറവക്കാരൻ മണിയൻപിള്ള
കമ്പിക്കഥകൾ
കേൾക്കാൻ വെമ്പും
കൂത്തുപറമ്പായ് വഴിമുക്ക്
സഹനം
ദാഹമടക്കിയിരിപ്പൂ
ചെവികൂർപ്പിച്ചു
വഴിമുക്കിന്റെ
കുലീനർ;
കിടാങ്ങൾ:
” പറയെട മണിയാ
രാത്രിവിശേഷം….
ജാരന്മാരുടെ ഇരുൾ സഞ്ചാരം…”
പല പല വടിവിൽ
ഈണപ്പൊലിമയിൽ
ശുഭദിനമരുളും
ജാരവിശേഷം;
പിടലിതരിപ്പിൻ മുന കൂർപ്പിക്കും
വർണ്ണനയേറെക്കേമം
യാമക്കോഴികൾ
കൂവും പുരയുടെ
ഓരംപറ്റി ഒഴുകി നടക്കും
ഗന്ധർവ്വന്മാർ;
പ്രതിബിംബങ്ങൾ ….
നീലച്ചിത്ര റീലുകണക്കെ
നാവു ചുഴറ്റീ മണിയൻപിളള…
പാലപ്പൂവിൻഗന്ധം;
ഇരവിനു
പാലിൻ നിറമായ്…
ഓരോ രാവിനു
ഓരോ കഥയായ്
ചിരിയും
കൊതിയും
വാഴ്ത്തുകളായി
കാമപ്പുഴയായ്
കണ്ണിന്നിമകൾ …
ഹൃദയവിചാരം;
നാവിനുചുറ്റും ചെറു ശലഭങ്ങൾ
ആൽമരമാകെ പ്രാവിൻ കുറുകൽ
വഴിമുക്കോ ഒരു കുളിരരുവി ;
തൈ-
ക്കിഴവന്മാരുടെ ആരാമം…
നീലച്ചുരുളുകൾ
നറുനീണ്ടിക്കനിവേരായ്
ഉടലിൽ പൊതിയും
തേനീച്ചകളായ്
രാവുകളായിരമേറെത്താണ്ടി
പ്രണയാർദ്രതയുടെ
ഈണംപകരാൻ
ഹൃദയമിടിപ്പിൻ ചാരുത നുകരാൻ
പാലിൻ തൊട്ടി കിലുക്കി
പാഞ്ഞു വരുന്നൂ
കറവക്കാരൻ മണിയൻപിള്ള …
കാമവിശേഷം
പറയാനേറെ
ഡെക്കാമറയൻ കഥയുടെ
തിരുശേഷിപ്പുകളിനിയും
പറയാനേറെ
ഇരുളിൻ നിഴൽവഴി
മെല്ലെ വകഞ്ഞ്
ജാരക്കനവിൻ സ്പന്ദനമറിയാൻ
കണ്ടൊരു കഥയുടെ
പൊരുളിൻ
സംക്ഷിപ്തം മൊഴി
ഇങ്ങനെയാവാം –
ന്യായവിധിപ്പാടേറ്റുകിടക്കും
ക്രോധമുറഞ്ഞയിരുട്ട് …
പനയുടെ ചേലിൻ
ഒത്തശരീരം
അരയുടെ ചലന വിശേഷം
നാഭിച്ചുഴിയിൽ കുഞ്ഞോളങ്ങൾ
മഴവില്ലൊടിയും
മർമ്മരമറിയാം
മൂറിൻ തൈലം
മഞ്ഞായ് പൊഴിയും രാവിൽ
ചെറുമാനിന്റെ ഇളക്കം കാണാം
വെണ്ണക്കല്ലിൽ
കൊത്തിയശില്പം പോലെ
നിതംബം കാണാം
പ്രാവിൻകുറുകൽ
പല്ലവി കേൾക്കാം
കണ്ണീർ കൊണ്ട്
കട്ടിൽ നനച്ചു കിടക്കും
പെണ്ണിൻ ശാപം കേൾക്കാം-
ജാരത്താരകളേറെ ത്താണ്ടീ –
രാക്കഥവേട്ടക്കാരൻ;
നീലക്കഥയുടെ സുൽത്താൻ-
കറവക്കാരൻ മണിയൻപിള്ള;
പൂച്ചക്കാലൻ
യാമം മൂന്നും പമ്മി വരുന്നൂ…
സിയോൻനദിയുടെ
താഴ്‌വാരം പോൽ
പുതു കുളിരുള്ളൊരു
കഥകേൾക്കാൻ
പുലർകാലത്തിൻ
വഴിമുക്ക്‌….

കെ ജയനൻ

By ivayana