രചന : റഫീഖ് ചെറുവല്ലൂർ✍
ഓ ഗസ്സാ,…….
ഭൂപടത്തിൽ നിന്നലമുറയിട്ടു
ചോരയിൽ കുതിർന്നു
നീയില്ലാതാകണമെന്നാണോ?
ഏതു കണ്ണുകളിലാണ്
നിന്റെ മുറിവുണങ്ങാത്ത മുഖമിനിയും
ദൈന്യചിത്രങ്ങളാവാത്തത്?
ഏതു കാതുകളിലാണു
നിന്റെ വിലാപങ്ങളിനിയും
തുളഞ്ഞു കയറാത്തത്?
ഓ… ഗസ്സാ,…
വെടിപ്പുക നിറഞ്ഞു, നിലക്കാതെ
കത്തുന്ന നിൻ കരളിൽ
ഇനിയേതു ലോകമാണു
കരുണയുപ്പു പുരട്ടി നീറ്റിക്കുക?
സമാധാനമെന്നതു
മുഖംമൂടി മന്ത്രമോ?
കരയുകയാണു ശിലകൾ പോലും.
പ്രാർത്ഥനകളിലെങ്കിലും
കണ്ണീരുറഞ്ഞു പോകാതെ
ഓർക്കുക ലോകമേയെന്നു മാത്രം!