രചന : ജയരാജ്‌ പുതുമഠം.✍

ഒരു പരസ്യവാചകങ്ങൾക്കും
നിന്റെ അമൂല്യ കാന്തിയെ
പോഷിപ്പിക്കുവാൻ
അക്ഷരാരാമങ്ങൾ
വിടർന്നിട്ടില്ലെന്നറിയുമ്പോൾ
വെറുതെ ഞാനെന്തിനതിൻ
നിഘണ്ടുസദനങ്ങൾ
ചികഞ്ഞു തളരണം
പ്രണയശലഭമേ

ഒരു ചിത്രക്കൂട്ടിലും നിന്റെ
നിഗൂഢലാവണ്യചേതന
തുളുമ്പി കയറാറില്ലെന്നറിയുമ്പോൾ
വെറുതെ ഞാനെന്തിനതിൻ
അമൂർത്തധാരയിൽ
മിഴികളെറിയണം
സഹനവിഷാദമേ

ഒരു പൂങ്കുയിലിനും
നിന്റെ ഋതുഭേദസഹജ
നാദങ്ങൾക്കപ്പുറം
പാടാനാകില്ലെന്നറിയുമ്പോൾ
വെറുതെ ഞാനെന്തിനു
നിരർത്ഥകമായ കിനാവിൻ
കൂജനങ്ങൾക്കായ്
കാതോർക്കണം കാലമേ

തളർന്ന സ്വപ്‌നങ്ങൾ
പിഴുതെടുത്ത് വരിഞ്ഞുകെട്ടി
ചിറകുകൾ തളരാത്ത
ഭാവനാശൈലങ്ങളിൽ,
തരളിതമായനിൻ
നളിനദളങ്ങളിൽ
അധരനിവേദ്യങ്ങൾ
അവിരാമം ചൊരിഞ്ഞെന്റെ
മരണകാവ്യങ്ങൾ
ഞാനെഴുതട്ടെ, വെറുതെ!

ജയരാജ്‌ പുതുമഠം.

By ivayana