വഴി കണ്ണുമായാണ്
അവളുടെ നടത്തം’
പ്രതീക്ഷയുടെ പൊട്ടക്കിണറ്റിൽ
നോക്കിയാണ് ഇരുത്തം

മനസ്സ് ഒപ്പം നടന്ന
ഇടവഴികളിലൂടെ പോയി
വരുമ്പോഴെക്കും അലക്കി
വെച്ച തുണികൾ കരഞ്ഞ്
തീർന്നിട്ടിണ്ടാകും

കഴിഞ്ഞ പ്രാവിശ്യം വന്നപ്പോഴുള്ള
ഇണക്കവും പിണക്കവും
വായിക്കുവാൻ ഇരുന്നാൽ
അടുക്കളയിൽ ദഹിപ്പിക്കുവാൻ
കുളിപ്പിച്ച് കിടത്തിയ ശവം
പൂച്ച മറവ് ചെയ്ത് പിരിഞ്ഞ്
പോയി കാണും

അക്കരെ നിന്നുള്ള വിളിക്കായ്
ഫോണിൽ നിലാവ് ഉദിക്കുന്നത്
നോക്കി നിൽക്കുമ്പോഴെക്കും
മകൻ്റെ ഓൺലൈൻ ക്ലാസ്സിന്
വന്ന ടീച്ചർ ഇറങ്ങി കാണും

കടൽക്കടന്ന് പോയി അവൻ്റെ
കറുത്ത മുടി വെളുപ്പിച്ച്
വരുമ്പോഴെക്കും ഇസ്തിരി
ഇടുന്ന സാരിയിൽ കഷണ്ടി
കയറിയിട്ടുണ്ടാകും.

രാജേഷ് സൂര്യ

By ivayana