രചന : പ്രിയബിജൂ ശിവകൃപ ✍

മഴ പെയ്തുകൊണ്ടേയിരിക്കുന്നു…. എത്ര നേരമായി ഈ ജാലകത്തിനരികിൽ താനിരിക്കാൻ തുടങ്ങിയിട്ട്….. ഓർമ്മകളുമായി…
നാളെ അരുൺ സാറിന്റെ വിവാഹ നിശ്ചയമാണ് തന്നെയും ക്ഷണിച്ചിട്ടുണ്ട്……
തനിക്ക് ഇഷ്ടമായിരുന്നു അരുൺ സാറിനെ ആഴത്തിൽ ആ ഇഷ്ടം വേരൂന്നിയിരുന്നില്ലെങ്കിലും മനസ്സിൽ പതിഞ്ഞിരുന്നു ആ മുഖം…
മഴ ഒരുപാട് ഇഷ്ടമായിരുന്നു കുട്ടിക്കാലം മുതൽ….. ആ മഴ തന്നെ
തന്നെ അനാഥയാക്കി….നിനച്ചിരിക്കാതെ വന്ന പേമാരിയിൽ സർവ്വസ്വവും നഷ്ടപ്പെട്ടു ഇങ്ങനെ ഏകാകിയായി എത്ര നാൾ….


അച്ഛനുമമ്മയും ഒരു ഗുരുവായൂർ യാത്രയ്ക്കിടയിൽ ഉണ്ടായ ഒരു അപകടത്തിൽ മരിക്കുമ്പോൾ അന്നും മഴ നിർത്താതെ പെയ്യുകയായിരുന്നു
ഇനി തനിക്കു ആരുമില്ല…… ആകെയുണ്ടായിരുന്ന തന്റെ അച്ഛമ്മ മഴവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി….
അച്ഛമ്മയെ ഓർക്കുമ്പോൾ നെഞ്ചുപൊട്ടുകയാ…
അമ്മയും അച്ഛനും നഷ്ടപ്പെട്ട തന്നെ ചേർത്തുപിടിച്ചു ഒരുപാട് കഷ്ടപ്പെട്ട് വളർത്തിയ അച്ഛമ്മ..
ഒരു സന്ധ്യാ നേരത്ത് കടുക്കൻ പാറയിൽ ഉരുൾ പൊട്ടിയപ്പോൾ വീട്ടിൽ അച്ഛമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു….
ടൗണിലെ പേരുകേട്ട ജ്വല്ലറിയിൽ സെയിൽസ് ഗേൾ ആയി ജോലി നോക്കുകയാണ് താൻ…. അവിടെ വർക്കിംഗ്‌ വുമൺസ് ഹോസ്റ്റലിൽ താമസ സൗകര്യവുമുണ്ട്…. എല്ലാ ശനിയാഴ്ചയും താൻ വീട്ടിലേക്ക് വരും… തിങ്കളാഴ്ച രാവിലെ തിരികെപ്പോകും ഇതായിരുന്നു പതിവ്…


അന്നൊരു വെള്ളിയാഴ്ച ആയിരുന്നു…..പിറ്റേന്ന് അച്ഛമ്മയെ കാണാലോ എന്ന സന്തോഷത്തിലായിരുന്നു താൻ.. കൂടെ മറ്റൊരു സ്വകാര്യ സന്തോഷവും…
തന്റെ ഉള്ളിലെ കുഞ്ഞൊരു മധുരം…. അത് ഇരട്ടിക്കാൻ പോകുന്നു… ഞായറാഴ്ച അരുൺസാർ അച്ഛനെയും അമ്മയെയും കൂട്ടി വീട്ടിൽ വരുമെന്ന് പറഞ്ഞിട്ടുണ്ട്…..
താൻ ജോലി ചെയ്യുന്ന ജ്വല്ലറിയിലെ മാനേജർ ആണ് അരുൺ… ആദ്യ കാഴ്ച്ചയിൽത്തന്നെ അരുണിന് തന്നെ ഇഷ്ടമായത്രെ….
പല തവണ ആ ഇഷ്ടം നോട്ടത്തിലൂടെയും വാക്കുകളിലൂടെയും പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും താൻ കണ്ടില്ലെന്നു നടിച്ചു….


ഒടുവിലൊരു ദിവസം ഉച്ചയ്ക്ക് ചെറിയ ഒരിടവേള കിട്ടിയപ്പോൾ അച്ഛമ്മയെ വിളിച്ചു സംസാരിച്ചിട്ട് തിരിഞ്ഞു വരികയായിരുന്ന തന്റെ മുന്നിലേക്ക് അയാൾ വന്നു നിന്നു….
“മധുരിമ…. എനിക്ക് തന്നോടൊരു കാര്യം പറയാനുണ്ട് “
എന്തായിരിക്കും പറയാനുള്ളതെന്ന് അവൾ ഊഹിച്ചു….
” വീട്ടിൽ അച്ഛനും അമ്മയും ഞാനും മാത്രേ ഉള്ളു.. അവരെന്നെ വിവാഹത്തിന് നിർബന്ധിച്ചു കൊണ്ടിരിക്കുകയാണ്.. ഇത്രയും നാൾ മനസ്സിനിണങ്ങിയ ഒരു പെൺകുട്ടിയെ കിട്ടാതെ ഞാൻ അലയുകയായിരുന്നു..
ഇപ്പോൾ അതെനിക്ക് കിട്ടി…..തനിക്കു താല്പര്യം ഇല്ലെങ്കിൽ തുറന്നു പറയാം.. ഞാൻ നിർബന്ധിക്കില്ല “
തനിക്കു എതിരൊന്നും പറയാൻ കഴിഞ്ഞില്ല.


” ഈ മൗനം ഞാൻ സമ്മതമായി എടുത്തോട്ടെ “
താൻ പുഞ്ചിരിച്ചതേയുള്ളു….
അങ്ങനെയാണ് ആ വീക്കെൻഡിൽ തന്നെ കാണാൻ വീട്ടിൽ എത്താമെന്നു പറഞ്ഞത്….
ഏറെ സന്തോഷത്തോടെ കാത്തിരിക്കുകയായിരുന്നു.. ശനിയാഴ്ച ആകാൻ…
പക്ഷെ… തന്റെ എല്ലാ സ്വപ്നങ്ങളും തകർത്തുകൊണ്ട് വിധി തന്നോട് ക്രൂരമായി പെരുമാറി..
അന്ന് രാവിലെ മുതൽ മഴ ആയിരുന്നു… വൈകുന്നേരം വീട്ടിലേക്കുള്ള ബസ്സ്‌ കാത്തു നിൽക്കുമ്പോഴാണ് ശരണ്യ വിളിച്ചത്… തന്റെ ഗ്രാമത്തിൽ ഉരുൾപൊട്ടിയെന്നു…
ഗ്രാമത്തിൽ തന്റെ വീടടക്കം
കുറെയേറെ വീടുകൾ നാമാവശേഷമായി.


തിരക്കിയപ്പോൾ അങ്ങോട്ടേക്കുള്ള ഗതാഗതവും നിർത്തി വച്ചിരിക്കുന്നുവെന്ന്… റോഡുകളെല്ലാം ഇടിഞ്ഞു… മരങ്ങൾ കടപുഴകി വീഴുന്നു…
തിരികെ ഹോസ്റ്റലിലേക്ക് കണ്ണീരോടെ മടങ്ങി…. അച്ഛമ്മയെക്കുറിച്ചോർത്തു നെഞ്ചുപൊട്ടികരഞ്ഞു… റൂംമേറ്റ്സ് ആയ ദീപയും ശരണ്യയും തന്നെ ഒരുപാട് ആശ്വസിപ്പിച്ചു…
കൂടെ നിന്നു തന്റെ സങ്കടങ്ങൾ അവരേറ്റുവാങ്ങി… ഇപ്പോൾ ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു….
സങ്കടത്തിൽ നിന്നും മുക്തയായിട്ടില്ല.. അല്ലെങ്കിലും പെട്ടെന്നൊരുദിനം താൻ ആരുമില്ലാത്തവളായി മാറിയപ്പോൾ അത് ഉൾക്കൊള്ളാൻ തനിക്ക് ഇതേ വരെ സാധിച്ചിട്ടില്ല……


അതേ മനോഭാവം അരുണിന്റെ മാതാപിതാക്കൾക്കും ഉണ്ടായിരുന്നിരിക്കും.. അതുകൊണ്ടാണല്ലോ അവർ താനുമായുള്ള ആലോചന വേണ്ടെന്നു വച്ചത്… ഒരു അനാഥ പെണ്ണിനെ ഏറ്റെടുക്കാൻ അവർക്ക് താൽപ്പര്യം ഉണ്ടാവില്ല……
അവൾ ദീർഘമായി നിശ്വസിച്ചു….
“മാധു…. നീയെന്താടാ ഉറങ്ങുന്നില്ലേ “

ദീപ സ്നേഹത്തോടെ അന്വേഷിച്ചു..”
” ഉറക്കം വരുന്നില്ലെടാ.. കണ്ണടയ്ക്കുമ്പോൾ ന്റെ അച്ഛമ്മ “
അവൾ വിതുമ്പി…
ദീപയും കരഞ്ഞുപോയി…
അവൾ ഓടിവന്നു മധുരിമയെ കെട്ടിപ്പിടിച്ചു…
” വിഷമിക്കേണ്ട… നിനക്ക് ഞങ്ങൾ ഇല്ലേടാ “


“എന്നാലും അവൾക്കു സങ്കടം ഉണ്ടാവില്ലേ…. അച്ഛമ്മ പോയ സങ്കടം മാത്രമല്ല….അരുൺ സാർ ഇങ്ങനെ ചതിക്കുമെന്ന് അവൾ മാത്രമല്ല നമ്മളും വിചാരിച്ചോ.. ആത്മാർത്ഥ സ്നേഹം എന്നൊക്കെ പറഞ്ഞിട്ട് കാര്യത്തോടടുത്തപ്പോൾ അയാൾ കാലു മാറിയില്ലേ…”
ശരണ്യ രോഷത്തോടെ പറഞ്ഞു…
വിഷമത്തോടെ മധുരിമ തല കുനിച്ചു…
” എന്തായാലും നീ നാളെ കഴിഞ്ഞു ജോലിക്ക് പോയി തുടങ്ങണം..
ദീപ പറഞ്ഞു….


തളരരുത്… താങ്ങാൻ ആരുമില്ല എന്ന ബോധം നമ്മുടെ മനസ്സിൽ ഉണ്ടെങ്കിൽ നമ്മൾ ഒരിക്കലും തളരില്ല…..എന്റെ കാര്യം നിനക്കറിയില്ലേ.. ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരം എന്റെ തലയിലാണ്…
പോരാത്തതിന് ഇപ്പോൾ ചേച്ചിയും ഭർത്താവിനോട് പിണങ്ങി വീട്ടിൽ വന്നിരുപ്പുണ്ട്.. ഒപ്പം രണ്ടു പിള്ളേരും… ഞാൻ തളർന്നുപോയാൽ എന്നെ താങ്ങാൻ ആരുമില്ല.. അതുകൊണ്ട് വരുന്നിടത്തു വച്ചു കാണാമെന്നു ഞാനും അങ്ങ് തീരുമാനിച്ചു… “
മധുരിമ പ്രയാസത്തോടെ അവളെ നോക്കി…. പുറമെ എന്തൊക്കെ പറഞ്ഞാലും ദീപയുടെ ഉള്ളിലെ സങ്കടക്കടൽ ആർത്തലയ്ക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു…
രാവിന്റെ മാറിലേക്ക് മഴ ആർത്തലച്ചു വീണു കൊണ്ടിരുന്നു… തോരില്ലെന്ന വാശിയോടെ….


പിറ്റേന്ന്….
ശരണ്യയും ദീപയും ജോലിക്ക് പോയിക്കഴിഞ്ഞു…
മഴയൊന്നു ശമിച്ചിട്ടുണ്ട്….അലസമായി കട്ടിലിൽ കിടക്കുകയായിരുന്നു മധുരിമ….
ഇപ്പോൾ ചടങ്ങ് ഒക്കെ കഴിഞ്ഞിട്ടുണ്ടാകും… ഫോട്ടോ വല്ലതും ഫേസ്ബുക്കിലോ മറ്റോ ഉണ്ടോന്നു നോക്കി അവൾ… എങ്ങും കണ്ടില്ല… ചിലപ്പോൾ വൈകുന്നേരം ഇടുമായിരിക്കും
കയ്യിലുള്ള പൈസയൊക്കെ തീരാറായി… ഇനി ജോലിക്ക് പോയില്ലെങ്കിൽ ഹോസ്റ്റൽ ഫീസ് കൊടുക്കാനൊക്കെ ഒരുപാട് ബുദ്ധിമുട്ടേണ്ടിവരും.. എന്തായാലും നാളെ മുതൽ പോയിതുടങ്ങണം…
അരുൺ സാറിനെ മുഖാമുഖം കാണുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ അവൾക്കു വല്ലായ്മ തോന്നി… സാരമില്ല.. സാറിനൊരു നല്ല ജീവിതം കിട്ടട്ടെ…
ഡോർ ബെല്ലടിച്ചു.. അവൾ ചെന്നു കതകു തുറന്നപ്പോൾ ജോളി ചേച്ചിയാണ്… അവിടെ റൂം ക്ലീൻ ചെയ്യാനൊക്കെ വരുന്ന ചേച്ചിയാണ്…
അവർ അവളെ നോക്കി പുഞ്ചിരിച്ചു…


” മോളെ… നിന്നെ കാണാൻ രണ്ടുമൂന്നു ആളുകൾ വന്നിട്ടുണ്ട്… നിന്റെ ഏതോ പരിചയക്കാർ ആണെന്നാ പറഞ്ഞത് “
” ഇതാരാ ഇപ്പോൾ എന്നെക്കാണാൻ “
അവൾ എഴുനേറ്റു മുടിയൊക്കെ നേരെയാക്കി…
വിസിറ്റേഴ്സ് ലോബിയിലെ ചെയറിൽ ഇരിക്കുന്ന ആളുകളെ കണ്ടപ്പോൾ അവൾ അമ്പരന്നു….
അരുണും അച്ഛനും അമ്മയും…
അവർ അവളെ നോക്കി പുഞ്ചിരിച്ചു…..


മധുരിമ ഒന്നും മനസ്സിലാകാതെ അരുണിനെ നോക്കി
” എന്താ മാധു നീയിങ്ങനെ അന്തംവിട്ടു നോക്കുന്നെ… ആദ്യമായി കാണുന്നത് പോലെ “
” സാർ.. അപ്പോൾ ഇന്നല്ലേ എൻഗേജ്മെന്റ് “
” അതേ… ഇന്നാണ്… ഞാൻ ആദ്യമായി സ്നേഹിച്ച പെൺകുട്ടി നീയാണ്…. ആ ചടങ്ങിന് നീ ഉണ്ടാവണം എന്ന് ഞാൻ ആഗ്രഹിച്ചു “
അരുണിന്റെ അമ്മ വന്നു അവളുടെ കൈ പിടിച്ചു….
” മോളെ…ഞങ്ങളോട് ക്ഷമിക്കണം…… ഒരു നിമിഷം ഞങ്ങൾ സ്വയം മറന്നുപോയി… നിന്നെ എന്റെ മകൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്.. ആ സ്നേഹം കണ്ടില്ലെന്ന് നടിച്ചാൽ പിന്നെ ഞങ്ങൾ അച്ഛനമ്മമാരാണെന്നു പറയുന്നതിൽ എന്തർത്ഥമാണുള്ളത്…”
അരുണിന്റെ അച്ഛൻ മുന്നോട്ട് വന്നു…
“അരുൺ…. ആ മോതിരം മധുരിമയ്ക്ക് അണിയിച്ചു കൊടുക്ക് “
അവൾ സ്തബ്ദയായി


അവൻ അവളെ നോക്കി കുസൃതിയോടെ പുഞ്ചിരിച്ചു….
വാർഡൻ ഡെയ്സി മാഡവും ജോളിചേച്ചിയും അവരുടെ അടുത്തേക്ക് വന്നു…
വിവരങ്ങൾ അറിഞ്ഞപ്പോൾ അവർക്കും സന്തോഷം
തന്റെ പെണ്ണിനെ സ്വന്തമാക്കിയ സന്തോഷത്തോടെ അരുൺ നിശ്ചയമോതിരം മധുരിമയുടെ വിരലിൽ അണിയിച്ചപ്പോൾ മധുരിമയുടെ മനസ്സിൽ മൂന്നു മുഖങ്ങൾ തെളിഞ്ഞു…. കണ്ണീരുണങ്ങിയ മൂന്നു മുഖങ്ങൾ, നിറ പുഞ്ചിരിയോടെ…..
കാലത്തിന്റെ കുത്തൊഴുക്കിൽ കണ്ണെത്താ ലോകത്തേക്ക് മറയപ്പെടേണ്ടി വന്ന അവളുടെ പ്രിയപ്പെട്ടവർ….
പുറത്ത് വീണ്ടും മഴ തുടങ്ങി… ഇത്തവണ ആർത്തലയ്ക്കാതെ വന്ന മഴപ്പെണ്ണ് നനുനനെ പെയ്തിറങ്ങി….. നേർത്ത കുളിരോടെ….
PBSK✍️✍️✍️✍️✍️

By ivayana