രചന : ഡോ, ബി, ഉഷാകുമാരി ✍
ഞാൻ പോലുമറിയാതെൻ തൈറോയ്ഡ് ഗ്ലാൻഡേ, നീയി
ന്നീവിധം വളർന്നെന്നോ? ഘോരമായ് പടർന്നെന്നോ?
നോക്കി ഞാൻ സ്‌കാനിങ് റിപ്പോർട്ട്, ഞെട്ടിപ്പോയ് പക്ഷേ നീയും
എൻ മെയ്യിന്നൊരു ഭാഗം തന്നെയായിരുന്നല്ലോ!
ഓർക്കുകിൽ നീയെന്നോട് കാരുണ്യം കാട്ടി,
ശബ്ദനാളത്തെ ഞെരുക്കീലെൻ പാട്ടിനെ വിലക്കീല !
പാടുവാതിരിക്കുവാനാവില്ലയെനിക്ക്, നീ
പാവമെൻ മനഃശാസ്ത്രം നന്നായി ഗ്രഹിച്ചല്ലോ !
എങ്കിലും ഭിഷഗ്വരനോതുന്നു, നീക്കം ചെയ്യാം
ആപത്ത് വരുത്തുമീ വൈരിയെ കാലേ തന്നെ !
ഭാഗം,,, രണ്ട്
സർജറിക്കൊരുക്കുന്നു, നഴ്‌സുമാർ ഓർക്കാപ്പുറ
ത്തൊന്നു തേങ്ങിയോ? പ്രിയ സോദരൻ കലാകാരൻ !
വീഡിയോ കാൾ !ഫോൺ തന്നു ഡോക്ടറാം മരുമകൾ
ഫോണിലെന്നാരോമലാം കടിഞ്ഞൂൽക്കനിയല്ലോ !
ഐ, ആർ, എസ്,, കാരൻ, പക്ഷേ ഇന്നുമെന്നുള്ളിൽ ഓല
പ്പീപ്പിയും, ബലൂണുമായ് കൊഞ്ചുന്ന കുഞ്ഞാണവൻ !
സങ്കടമണപൊട്ടി, ധൈര്യമോ ചോർന്നേ പോയി
എന്തിനീ പരീക്ഷണം? വേണ്ടയീ നിരീക്ഷണം !
ഭാഗം,, മൂന്ന്
സർജറിക്കായിട്ടെന്നെക്കൊണ്ടുപോയ്, തീയേറ്ററിൽ
നിർവ്വികാരയായ് മെല്ലെ നോക്കി ഞാൻ ബന്ധുക്കളെ !
ഉൾത്തടം നടുക്കിയഭീരുത്വമൊഴിഞ്ഞുപോയ്,
ഭക്ത ഞാൻ ഭഗവാനിലർപ്പിച്ചു, സകലതും !
കൺതുറന്നപ്പോൾ കണ്ടു, ദേവദൂതി കളെപ്പോലെ
നഴ്‌സുമാർ, ചുറ്റും നില്പൂ, ചാരെയെൻ ബന്ധുക്കളും !
കേട്ടു ഞാൻ കനിവിന്റെ മാധുര്യം മൊഴികളിൽ !
ഹർഷാശ്രുബിന്ദുക്കളാണവർ തൻ മിഴികളിൽ !
അവിടെ മതമില്ല, മത്സരമില്ല, സ്നേഹം
വഴിയും നിസ്വാർത്ഥമാം സേവനമൊന്നേ കാണ്മൂ !
ആതുരാലയത്തിലെ മരുന്നിൻ ഗന്ധം പോലും
ആദ്യമായെനിക്കന്ന് സൗരഭ്യമെന്നേ തോന്നി !
ഡോക്ടറെത്തൊഴുത്തുപോയ്, ഭൂവിതിൽ കാണാകുന്ന
ദേവകളല്ലോ പുണ്യശാലികൾ, ഭിഷഗ്വരർ !
രോഗശയ്യയും സൂനതല്പമായ് തോന്നീ, പിന്നെ
വെൺപിറാവുകൾ ചുറ്റും കുറുകുന്നതായ് തോന്നി !
ഭാഗം,,, നാല്
അമ്മയെക്കാണാനോടിയെത്തിയെൻ മക്കൾ, ദൂര
മെത്രയോ താണ്ടി, വാഴ്വേ !നീയെത്ര മനോഹരം !
തിക്കുകൾ, തിരക്കുകളൊക്കെയും ദൂരത്താട്ടി
പ്പായിച്ചു നാഥൻ നില്പൂ കട്ടിലിൻ ചാരെത്തന്നെ !
സർജറി കഴിഞ്ഞു ഞാൻ റൂമിലെത്തവേയാദ്യം
തന്നത് ഫ്രയ്ഡ്റൈസല്ലോ, നോവിലും ചിരിച്ചു ഞാൻ !
ഷീലയെപ്പോലല്ല നീ മാധുരിയെപ്പോലല്ലോ
ഭാവിയിൽ പാടുന്നതെന്നുരച്ചു,ഹർഷാവേശാൽ !
കാവ്യമൊന്നണപൊട്ടീകരളിൽ, കുറിക്കുവാൻ
പേനയില്ലല്ലോ കഷ്ടം !ഓർമ്മയിൽ തിരുകി ഞാൻ !
രോഗശയ്യയെ പ്പോലും തത്ത്വാവബോധത്തിന്റെ
വേദിയാക്കിയ പ്രിയ തോഴി നീ കാവ്യാങ്ഗ നേ !
കേൾക്കുകയാണിന്നോരോ ദലമർമ്മരത്തിലും
പാവനം നിൻ കാലൊച്ച, ചേർന്നു നില്ക്കുക തോഴീ !