രചന : റോബി കുമാർ ✍
വിഷാദത്തിന്റെ പിടച്ചിലുകളിലേക്കു നടു ഒടിഞ്ഞു വീണ് പോവുന്നവർ, ഒരു വിരലനക്കം പോലും ദൂരെ നിന്ന് ചിരിച്ച് തിരിച്ചു പോകുമ്പോൾ, നിസ്സഹായതയുടെ കാട്ടിലേക്ക് അമ്മയില്ലാത്ത കുട്ടിയെ പോലെ വലിച്ചെറിയപ്പെടുന്നവർ,
അവരുടെ കണ്ണുകളിലേക്കു നോക്കിയിട്ടുണ്ടോ? ഒരു ശവപ്പറമ്പിന്റെ കൂർത്ത വിങ്ങലുകൾ എപ്പോഴും വട്ടം ചുറ്റുന്നുണ്ടാവും. നിങ്ങൾക്കൊരു കവിതയോ കഥയോ കുറിച്ചെടുക്കാൻ പാകത്തിൽ, വേദനകളുടെ ഒരു ഇല്ലിക്കാട് പൂത്തു നിൽക്കും ആ കൺപോളകളിൽ.
നീ കോമാളിയെന്ന് ചിരിച്ച് അവന്റെ കഥ കേട്ടു രസിക്കും,
ചുറ്റും വട്ടമിട്ടു പറക്കുന്ന എണ്ണമെത്താത്ത നിസ്സഹായതകളിൽ നിലയില്ലാതെ ആഴുമ്പോൾ നീ തിരിഞ്ഞിരുന്ന് ഒപ്പമുള്ള ആയിരം കൈകളെ ഓർത്തോർത്തു ചിരിക്കുകയാവും,
നിന്റെ ഒരു താങ്ങിനു തോൾ തിരയുമ്പോൾ നിനക്ക് വട്ടാണെന്ന് നീ അടുത്ത പെഗ്ഗിൽ ice cube വാരിയിടും…
നീ അവനിൽ നിന്ന് വേദനകളെ വലിച്ച് കീറി പുറത്തിട്ട് പലതും ചികയും,
ആത്മഹത്യയെ കുറിച്ച് പിറുപിറുക്കുമ്പോൾ നീ പോയ് ചാക് മൈരേ എന്ന് നീ അടുത്ത പെഗ്ഗും വിഴുങ്ങിയിട്ടുണ്ടാവും..
പുസ്തകം വായിച്ചിട്ടാ, വേദന നിറഞ്ഞ കവിതയ്ക്ക് പുറകെ പോയിട്ടാ, ലോക സിനിമകൾ കണ്ടിട്ടാ, അങ്ങനെ നീ ആയിരം കാരണങ്ങൾ നിരത്തും, വാക്കടർന്ന ഒരു തളർന്ന നോട്ടമല്ലാതെ ഒന്നുമുണ്ടാവില്ല നിന്നിലേക്ക് നീട്ടാൻ…
സ്വോപ്നങ്ങൾ പോലും നിഷേധിക്കപെട്ട് ഞെരിഞ്ഞിൽ പൂക്കുന്ന രാത്രികളിൽ ഒറ്റപ്പെട്ട വേദനകളുടെ കനൽ ചൊരുക്കിൽ പ്രിയപ്പെട്ട ഒന്നിനെയും ഒന്ന് തിരിഞ്ഞു നോക്കാൻ ആവാതെ, ജനിച്ചു പോയെന്ന ഒരായിരം നിസ്സഹായതകളിൽ കാഴ്ചയില്ലാതെ നെഞ്ചു തല്ലി വീണ് പുളയുമ്പോൾ ഒരു കയററ്റത്തിലേക്ക് ചുഴറ്റി എറിയപ്പെടുന്നവർ, ഒന്നും ഓർക്കാഞ്ഞിട്ടല്ല, ഓർക്കുന്നതോക്കെയും ശ്വാസം മുട്ടിച്ചു തൊണ്ടയിൽ തിങ്ങുന്നതു കൊണ്ടാണ്..
ആയിരം കൈകളൊന്നും വേണ്ട, ഒരു വിരലറ്റമെങ്കിലും അവർക്ക് കൊടുക്കൂ,വിഷാദത്തിൽ തല തല്ലി വീണ് ആത്മഹത്യക്ക് ഒരുങ്ങുന്നവന്റെ നിസ്സഹായതയെ ഒന്ന് തിരിച്ചറിയൂ. അവരെ ഒന്ന് കേൾക്കൂ, ഒന്ന് ചേർത്ത് പിടിക്കൂ,
വീണു പോയപ്പോൾ, ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, തണൽ വിരിച്ചവരെ നന്ദി
Survivor 💛