രചന : സുരേഷ് രാജ്✍
ഒരുനേരവുമില്ലാതെ
പുലമ്പുന്നൊരുവൻ
തെരുവിന്റെ ഓരങ്ങളിൽ
കാണുന്നു നിത്യവും.
പലരും പറയുന്നു
അവനൊരു ഭ്രാന്തൻ
അതു കേട്ടവരൊക്കെ
ചിരിക്കുന്നു ഹാസ്യമായി.
മുഷിവുള്ള പിഞ്ചിയ
ചേലയും ചുറ്റിയ
അവനുണ്ട് മാനവു
മെന്നറിയുന്ന ഭ്രാന്തൻ.
മിഴിയുണ്ടു കണ്ണീനീർ
ഇല്ലാത്ത ഭ്രാന്തൻ
മഴകൊണ്ട് ദേഹമോ
വെളുക്കാത്ത ഭ്രാന്തൻ.
ആരാന്റെ ഉച്ഛിഷ്ടം
തിന്നുന്ന ഭ്രാന്തൻ
മൂളും കൊതുകിനെ
ഭയമില്ലാ ഭ്രാന്തൻ.
നാലാളു കണ്ടാൽ
ഗമയതു കാട്ടാ ഭ്രാന്തൻ
ആരെയും മിത്രമെന്നു
കരുതി ചിരിക്കുന്ന ഭ്രാന്തൻ.
പോഷണ ഭക്ഷണം
വേണ്ടാത്ത ഭ്രാന്തൻ
രോഗിയായി ഡോക്ടറെ
കാണാത്ത ഭ്രാന്തൻ.
ദാഹജലം തേടി
അലയാത്ത ഭ്രാന്തൻ.
രാവിന്റെ തീരങ്ങളിൽ
കുളിരും വേണ്ടാത്ത ഭ്രാന്തൻ.
സുഖദു:ഖമില്ലാതെ
അലയുന്ന ഭ്രാന്തൻ.
ബന്ധനങ്ങളിൽ മനം
വെന്തുരുകാത്ത ഭ്രാന്തൻ.
നീതിയും നിയമവും
അറിയാത്ത ഭ്രാന്തൻ
ന്യായ അന്യായങ്ങളിൽ
തളരാത്ത ഭ്രാന്തൻ.
സ്വപ്നങ്ങളില്ലാതെ
ഉറങ്ങുന്ന ഭ്രാന്തൻ,
മോഹങ്ങളില്ലാതെ
ഉണരുന്ന ഭ്രാന്തൻ.
ആരാണു ഭ്രാന്തനെന്ന്
അറിയാത്ത ഭ്രാന്തൻ
മാനവ ഭ്രാന്തരിൽ
വേറിട്ട ഭ്രാന്തൻ.