രചന : മാഹിൻ കൊച്ചിൻ ✍
യുദ്ധങ്ങൾ പരാജയം മാത്രമേ ലോകത്തു സൃഷ്ടിച്ചുള്ളു. കൂടുതൽ നാശം വരുത്തുന്നവനെ വിജയിയായി പ്രഖ്യാപിക്കുന്ന ഒരു ഗെയിം മാത്രമാണ് യുദ്ധം. ആത്യന്തികമായി അത് മാനവികതയുടെ തോൽവിയാണു. ജീവൻ നഷ്ടപ്പെടുന്ന പതിനായിരങ്ങളും, ജീവിതം നഷ്ടപ്പെടുന്ന ലക്ഷങ്ങളും, അഭയാർത്ഥികളും, ദാരിദ്ര്യവും, രോഗവുമൊക്കെയാണ് അതിന്റെ ബാക്കി പത്രം. സത്യത്തിൽ ഇതൊരു മുതലാളിത്തത്തിന്റെ -സാമ്രാജ്യ മോഹങ്ങളുടെ ഉപോല്പന്നമാണ് അവരുടെ ബിസിനസ്സാണ്.
പരാജയങ്ങളെ മറച്ചുപിടിക്കാനും, ദേശസ്നേഹം എന്ന സെന്റിമെന്റൽ ഭീഷണിവഴി ആഭ്യന്തര ഭരണ പരാജയങ്ങളെ മറച്ചു പിടിക്കാനുള്ള ടൂൾ കൂടിയാണ് ചിലർക്ക് യുദ്ധം.
കോടിക്കണക്കിനു രൂപ ആയുധ ഇടപാടുകൾക്കു കമ്മീഷനായി കിട്ടുന്ന ഈ ഏർപ്പാട് അവസാനിപ്പിക്കാൻ ഒരു രാഷ്ട്രീയക്കാരനും തയ്യാറാവുന്നില്ല. ലോകത്തുവെച്ചു ഏറ്റവുവലിയ ബിസിനെസ്സ് ആയുധ കച്ചവടമാണ്.. രണ്ടാമത് മെഡിസിൻ , ഹോസ്പിറ്റാലിറ്റിയുമാണ്. കാലാവധി കഴിയുന്നതുകൊണ്ടു ഉപയോഗിക്കാതെ ഉപേക്ഷിക്കുന്ന വെടിയുണ്ടകളുടെയും ഷെല്ലുകളുടേയുമൊന്നും കണക്കുകൾ ആരും ചോദിക്കാറില്ല. ഒരു മാധ്യമങ്ങളും അതേക്കുറിച്ചെഴുതാറുമില്ല. പക്ഷെ അവയുടെ വാങ്ങൽപ്രക്രിയ എന്നും തുടർന്നുകൊണ്ട് ഇരിക്കും.
പ്രതിരോധ ആവശ്യങ്ങൾക്ക് ചിലവാക്കുന്ന ഈ ഭീമമായ തുകയുടെ പകുതി മാറ്റിവച്ചാൽ, വിദ്യാസമ്പന്നരായ ഒരു തലമുറയെ സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും, സാങ്കേതിക സർവ്വകലാശാലകളും ആരംഭിക്കാം. യുദ്ധം നടക്കുന്ന രാജ്യത്തെ കുടിവെള്ളക്ഷാമം പരിവഹരിക്കാം, കുട്ടികളുടെ പോഷക ആഹാരകുറവ് പരിഹരിക്കാം. ആത്യന്തികമായി അടിസ്ഥാന വർഗ്ഗത്തിന്റെ ജീവിത നിലവാരം ഉയർത്താം.!!
ഈ യുദ്ധവെറിയുടെ സമയത്തെങ്കിലും ഇത്തരം കാര്യങ്ങളെക്കുറിച്ചു നാം ചർച്ച ചെയ്യണം. യുദ്ധമല്ല സമാധാനമാണ് വേണ്ടതെന്നു ഉറക്കെ പറയണം. ചേതനയറ്റ മൃതദേഹം ദേശീയ പതാകയിൽ പൊതിഞ്ഞു സംസ്കരിക്കുമ്പോൾ ദേശസ്നേഹം നിറയുന്നത് കാഴ്‌ചക്കാരന്റെ മനസിൽ മാത്രമാണ്. അവന്റെ പ്രിയപ്പെട്ടവർക്ക് അത്തരം വാഴ്ത്തുപാട്ടുകളിൽ അഭിരമിക്കാനാവില്ല. നഷ്ടം അവർക്കു മാത്രമായിരിക്കും. ജീവിതം അനുഭവിച്ചു തീർക്കാൻ വിധിക്കപ്പെട്ടവർ അവർ മാത്രമായിരിക്കും. നിങ്ങൾ എന്ത്തന്നെ പകരം കൊടുത്താലും അതൊന്നും നഷ്ടപ്പെടുന്ന ആ സ്നേഹസാന്നിദ്ധ്യത്തിനു പകരമാവില്ല.!
ഈ നാട്ടിലെ സാധാരണക്കാരന്, അത്താഴ പട്ടിണിക്കാരന് യുദ്ധം വേണ്ട. സമാധാനം മതി. യുദ്ധം സൃഷ്ടിക്കുന്ന അഭയാര്ഥികളും, അവരുടെ പാലായനങ്ങളും ഒക്കെ കഥപോലെ മാത്രം വായിച്ചിട്ടുള്ള നമുക്ക് അതിന്റെ ഭീകരത ഒട്ടും മനസ്സിലാവില്ല…
അറ്റാച്ച് ചെയ്തിരിക്കുന്ന ഈ ചിത്രം ആയിരം വാക്കുകൾ സംസാരിക്കുന്ന ഒരു ചിത്രമാണ്..
എല്ലാ യുദ്ധങ്ങളും ആയുധക്കച്ചവടക്കാരുടെയും , അധികാരം നിലനിർത്തേണ്ട രാഷ്ട്രീയക്കാരുടെയും മാത്രം സൃഷ്ട്ടികളാണ്… പാവം മനുഷ്യൻ അതിന്റെ ഇരകൾ മാത്രവും… യുദ്ധം തോൽവിയുടെ മാത്രം കാമുകനാണ്… ചരിത്രത്തിൽ എവിടെയും ആരും , ഒരു യുദ്ധവും വിജയിച്ചിട്ടില്ല…