രചന : സിജി സജീവ് ✍
·
പ്രിയപ്പെട്ട ജൊഗാൻ,,
നിന്നെ ഒരിക്കൽ കൂടി കണ്ടുമുട്ടുമെന്ന് ഞാൻ കരുതിയില്ല..!
കണ്ടപ്പോളുണ്ടായ ആ നെഞ്ചിടിപ്പുണ്ടല്ലോ അതിതുവരെ തോർന്നിട്ടില്ല.
നിന്നെ കാണാതെയാകുംവരെക്കും ആ ശക്തമായ വേലിയേറ്റം എന്റെ ഹൃദയത്തിൽ ഉണ്ടാകാറുണ്ടായിരുന്നു.
നിന്റെ നീലക്കണ്ണുകളിൽ അന്നും ഇന്നും എന്താണെന്നു മാത്രം തിരഞ്ഞെടുക്കാൻ എനിക്കാവുന്നില്ല,, എന്നിട്ടും, എന്നിട്ടും വെറുതെ എന്റെ ഹൃദയം തുടിച്ചു…
നിന്റെ സാഗരമുറങ്ങുന്ന കണ്ണുകൾ എന്നേ കൊതിപ്പിച്ചു.ലാസ്റ്റ് ബെഞ്ചിൽ പൊക്കക്കാരന്റെ ഇരിപ്പിടത്തിലേയ്ക്ക് നീളുന്ന എന്റെ അനുസരണയില്ലാത്ത കണ്ണിനേയും മനസ്സിനെയും ഞാൻ ബലം പിടിച്ചടക്കി ഇരുത്തി.
ടീച്ചറുടെ ചോക്കു തുണ്ടുകൾ പലയാവർത്തി നെറുകയിൽ പൊട്ടുകുത്തി പാഞ്ഞിട്ടും എന്റെ കിനാവുകൾ അതിരുകൾ ഭേതിച്ചു പലപ്പോഴും താജ്മഹലിന്റെ മിനാരങ്ങളിൽ ചെന്നു കൂടുകൂട്ടി.
തിരിഞ്ഞു നോട്ടങ്ങളിൽ എനിക്ക് കിട്ടിയിരുന്ന ആശ്വാസം നിന്റെ കൂർപ്പിച്ച നോട്ടങ്ങളായിരുന്നു.
“വായാടിയാണ് ഒപ്പം വായിനോക്കിയും” എന്ന് ഒരിക്കൽ നീ പിറുപിറുത്തു,
“ഓ ആയിക്കോട്ടെ കോംപ്ലിമെന്റ് സ്വീകരിച്ചിരിക്കുന്നു “എന്ന് നെടുവീർപ്പിട്ടു.
തോരാതെ മഴ പെയ്ത ഒരുച്ച നേരം പൊതിപ്പാത്രം കഴുകി തിരിയുമ്പോൾ വരാന്തയിൽ മഴ നോക്കി കഴുകാത്ത പാത്രവും പിടിച്ചു നിൽക്കുന്ന നിന്നെ കണ്ടപ്പോൾ പെട്ടെന്ന് മറുത്തൊരു ചിന്തയും ഉള്ളിൽ തോന്നിയില്ല.
കുട എടുത്തിട്ടില്ല അതാവും അങ്ങനെ നിന്ന് പോയത് എന്നു മാത്രം കരുതി,, ഒരു പാത്രം വെള്ളം നിന്റെ പാത്രത്തിലേക്കു ഒഴിച്ചു, മിഴിച്ചു നോക്കുന്ന രണ്ടു നീലകണ്ണുകളിലേയ്ക്ക് ഞാൻ അപ്പോൾ നോക്കിയില്ല.
കളിയാക്കി ചിരിക്കുന്ന കുട്ടിപ്പടകളെ തീരെ അവഗണിച്ചു എന്റെ സ്നേഹം പ്രണയം കരുതൽ ഒക്കെ ഞാൻ അങ്ങനെ പകരുകയായിരുന്നു.
ഒരിക്കൽ പോലും നീ എന്നിലേക്ക് അടുക്കുന്നില്ല എന്ന സത്യം പലതവണ എനിക്ക് മനസിലായിട്ടും വീണ്ടും വീണ്ടും എന്റെ പൊട്ടമനസ്സ് നിനക്കായി എന്തിനാണ് ഭ്രാന്ത് പിടിച്ചത്?
പിന്നീടൊരിക്കൽ ക്ലാസ്സിലെ പഠിപ്പിയായ പെണ്ണിന്റെ പേര് വിളിച്ചു നിന്നെ കുട്ടിപ്പടകളിയാക്കി വിളിച്ചപ്പോൾ നീ നീല കണ്ണുകളിൽ കുസൃതി നിറച്ചു ചിരിച്ചു.അന്നോളം ഞാൻ ശ്രദ്ധിക്കാതിരുന്നനിന്റെ മൊടം പല്ല് അന്നാദ്യമായി ഞാൻ കണ്ടു.
മുൻപ് കാണാൻ നീ എന്റെ മുന്നിൽ ചിരിച്ചു കണ്ടിട്ടേയില്ലായിരുന്നു,,,
പിന്നീട് ഞാൻ സ്വപ്നങ്ങളിൽ നിന്നെ കണ്ടു.നീലക്കണ്ണുകളിൽ ക്രോധം നിറച്ച് മൊടം പല്ലുകൾ പുറത്തു കാട്ടി എന്റെ നേരെ കൊല്ലുവാനുള്ള ദേഷ്യത്തിൽ പാഞ്ഞടുക്കുന്നു. പല രാത്രികളിൽ നീ ആ പഠിപ്പിപെണ്ണിനോടൊപ്പം പ്രണയം പങ്കിടുന്നത് സ്വപ്നം കണ്ട് എന്റെ ഉറക്കം നഷ്ടപ്പെട്ടു.
നിന്നെ നിന്റെ ലാസ്റ്റ് ബെഞ്ചിനെ ഞാൻ മറക്കാൻ ശ്രമിച്ചു,, നെഞ്ചു പിടയുന്ന വേദന ഞാനറിഞ്ഞു,, അറിയാതെ പോലും പലപ്പോഴും നീ അരികിലൂടെ പോകുമ്പോൾ എന്റെ രോമകൂപങ്ങൾ എന്നേ ചതിച്ചു.
അന്ന് വിനോദയാത്രയുടെ അവസാന ദിവസം മൂന്നാറിന്റെ കൊടും തണുപ്പിൽ കോട വീണ് ചുറ്റിനും കാണുവാൻ പോലും കഴിയാഞ്ഞ നിമിഷം ടീച്ചർമാരുടെ നിർദ്ദേശ പ്രകാരം കൈകൾ കോർത്തു നടക്കുവാൻ പറഞ്ഞപ്പോൾ എന്റെ കൈയ്യിൽ പിടിച്ച ബലമായ കൈകൾ നിന്റെ ആയിരുന്നുവെന്ന് ഞാനറിഞ്ഞത് ബസ്സിൽ കയറും മുൻപാണ്.
ഇടക്കൊക്കെ എന്റെ വിരലുകളിൽ നീ അമർത്തി പിടിക്കുമ്പോൾ നീയാണെന്നറിയാതെ ഞാൻ ഈർച്ചയാൽ പിടഞ്ഞിരുന്നു.
എന്തേ അന്ന് അത്രയടുത്തു നിന്നിട്ടും ഒരു വാക്ക് മിണ്ടിയില്ല.?
നീ ഒന്ന് മൂളിയാൽ ഞാനറിയുമായിരുന്നു,, ന്നിട്ടും,
നിന്റെ വിരലുകളാണ് എന്നേ പൊതിഞ്ഞു പിടിച്ചത് എന്നറിഞ്ഞിരുന്നെങ്കിൽ ആ കോടമഞ്ഞിനിടയിലും ഒരു പൂമരം പൂത്തേനെ.അറിയാതെ ഞാൻ ആ വിരലുകളെ വെറുത്തതോർത്ത് സീറ്റിലിരുന്നു സങ്കടപ്പെട്ടു.
പിന്നീട് ഒരിക്കലും നിന്റെ നോട്ടം എന്നിലേക്ക് വെറുതെ പോലും വന്നില്ല. അപ്പോളൊക്കെ ഞാൻ സന്തോഷിക്കുന്നതിനൊപ്പം സങ്കടപ്പെട്ടു, നീ ചിലപ്പോൾ അവളാണെന്നു കരുതിയാവും കൈകൾ കോർത്തു പിടിച്ചത് എന്ന്.
പിന്നെ പബ്ലിക് എക്സാം,, എല്ലാവരും എല്ലാം മറന്നു നീയും,,
ഞാൻ മാത്രം ഒന്നും മറന്നില്ല..! കാരണം ഞാനാണല്ലോ നിന്നെ പ്രണയിച്ചത്
ഓട്ടോഗ്രാഫ് ബുക്കിൽ നീ എല്ലാപെൺകുട്ടികൾക്കും എന്തൊക്കെയോ എഴുതി കൊടുത്തു,
എന്റെ ഓട്ടോഗ്രാഫിൽ നിനക്കായി മാറ്റിവെച്ചതാളുകൾ ഇന്നും ശൂന്യമാണ്…പലയാവർത്തി നിനക്കെഴുതാൻ തന്നിട്ടും നീ ഒന്നും എഴുതിയില്ല,, ക്ലാസ്സിലുള്ള കുട്ടികൾ എല്ലാവരും എഴുതിയ വികൃതികൾക്കിടയിൽ ആ പേജ് മാത്രം വെളുത്തു വിറങ്ങലിച്ചു കിടന്നു.
വീണ്ടും ജയമറിയാൻ എത്തിയപ്പോഴും നിന്നെയാണ് ആദ്യം തിരഞ്ഞത്,, മുൻപത്തെക്കാൾ പൊക്കം വെച്ചിരുന്നു കണ്ണുകളിൽ ഒരു തിളക്കവും,, പഠിപ്പിപെണ്ണിന് ഡിസ്റ്റിംഗ്‌ഷൻ ഉണ്ടെന്നറിഞ്ഞു, അവളേ അനുമോദിക്കുന്നതിൽ വ്യാപൃതരാണ് സകലരും ഒപ്പം ചേർന്നു നിന്ന് അവളോട് സംസാരിക്കുകയായിരുന്നു നീയും
ആരോടും ഒന്നും പറയാതെ ആ സ്കൂളിന്റെ പടിയിറങ്ങുമ്പോൾ നീ ഓടി വരുമെന്നും സുഖമാണോ എന്ന് ചോദിക്കുമെന്നും വെറുതെ ഞാൻ ഓർത്തു. പിന്നെ നിന്നെ കണ്ടില്ല എങ്ങും,, മറവിയുടെ ഒഴിഞ്ഞ മുറിയിലേയ്ക്ക് നിന്നെ ഉന്തി തള്ളിയിട്ടു പലപ്പോഴും പക്ഷേ നടന്നില്ല.
ഇന്നും ആ പത്താം ക്‌ളാസിന്റെ പടിവാതിലിൽ നിന്നെയും കാത്ത് ഞാൻ നിൽക്കാറുണ്ട്. അന്നു നമ്മൾ അവസാനം കണ്ട വേഷവും ഭാവവും രൂപവും ആയിരുന്നു ഇന്നലെ വരെ എന്റെ മനസ്സിൽ.
ഇന്ന് നീ ആകെ മാറി,,എന്നേ കണ്ടപ്പോൾ ഓടി വന്നതും കൈയ്യിൽ പിടിച്ചതും വാ തോരാതെ സംസാരിച്ചത് ഒരു അത്ഭുതമായി തോന്നുന്നു,,,
എന്തിനാണെന്നോ ഈ കത്ത്,, ഒരിക്കൽ പോലും ഞാൻ എന്റെ പ്രണയം നിന്നോട് പറഞ്ഞിട്ടില്ല,, എന്നിട്ട്,,,എന്നിട്ട് എന്തിനാണ് അന്നെന്റെ വിരലുകളിൽ ഇറുക്കെ പിടിച്ചത്,, എന്റെ ഓട്ടോഗ്രാഫിൽ മാത്രം ഒന്നും എഴുതാഞ്ഞത്.
ഉത്തരം കിട്ടുമെന്ന പ്രതീക്ഷയോടെ
നിർത്തട്ടെ 💞
സിജി സജീവ് 🐣