രചന : ബിനു. ആർ✍

പാടൂ നിലാവേ,
ഒരു മൗനരാഗസങ്കീർത്തനം
ഇരുൾവീഴാൻ തുടങ്ങുമീ
ഏകാന്തതയിലിരുന്നൊരു
കിളിപാടി, കളമൊഴി പാടി,
പാടൂ നിലാവേ ഒരു
മൗനരാഗസങ്കീർത്തനം !
ഉണരുവാൻ വെമ്പുമാ
നാളെയുടെകനവിലും
ഉറങ്ങിക്കിടക്കുമീ
ഇന്നലെയുടെ മൂകതയിലും
ഏറ്റുപാടുക
ഒരു മൗനരാഗസങ്കീർത്തനം !
പിറക്കുവാനേറെ
നാഴികയുണ്ടെങ്കിലും മൂളുക
പ്രഭാതഭേരിതൻ നിസ്വനം
മൂളുക രാവേ, ഒരു ഉണർവിന്റെ
സംഗീതം പാടുക,.
പാടുവാനേറെയുണ്ടെങ്കിലും
മൗനത്തിൻ വിഴുപ്പുകളഴിക്കുക,
ദൂരെയേതോ മർമ്മരത്തിൻ
ചിറകുകളുയരുന്നൂ,
ശ്രീരാഗം തേടിയീ ശാന്തതയെ
പ്രശാന്തയാക്കീടുക,
മൗനത്തിൻ പാശമഴിച്ചുവിടുക,
നിർവൃതിതന്നുയരത്തിൽ ചെന്നുടനെ
താഴേക്കുപതിക്കുവാനായ് മാത്രം
നീയുഴറീടുക ; പാടൂ നിലാവേ
ഒരു മൗനരാഗസങ്കീർത്തനം !
ഉഷസ്സിൻ ചഞ്ചലിത നാദത്തിൽ
ഒരുകുളിർമ്മയുടെ ലാളനത്തിൽ
ഏതോ നിർവൃതിയുടെ സ്വനം തേടി
ഈ ഏകാന്തമാം തമസ്സിൽനിന്നും
മടങ്ങുക ; പാടൂ നിലാവേ
ഒരു മൗനരാഗസങ്കീർത്തനം !
നിറഞ്ഞുതൂവാൻ വെമ്പും തുള്ളികൾ
ഏതോയിലയുടെ
കുമ്പിളിൽക്കിടന്നു ചാഞ്ചാടി
മറിയുന്നതു നീയറിയുക,
ഒരു നീർമണിമുത്തുപോൽ
എന്നിൽ നിറയുക,
ഏതോ പാനപാത്രത്തിൻകീഴെ
തണുത്തുറയുന്ന നീർത്തുള്ളിയുടെ
ഏകാന്തതയിൽ ഒരുചുറ്റു
തെളിമയായ് പടരുക,
ഉറയുമീ തുള്ളിയുടെ മോക്ഷവും
കാത്തു നീപാടുക, ഹേ നിലാവേ
ഒരു മൗനരാഗസങ്കീർത്തനം !
0

By ivayana