രചന : ഗായത്രി രവീന്ദ്രബാബു ✍

മകൻ വന്നപ്പോൾ അമ്മ പറഞ്ഞു
നിന്റെ അച്ഛൻ വന്നിരുന്നു.
“എന്നിട്ട്?”
ഞെട്ടിത്തിരിഞ്ഞ് അവൻ ചോദിക്കുന്നു.
“അമ്മയ്ക്ക് തോന്നിയതാവും “
“നീ എന്തൊക്കെയാ പറയുന്നത്. മുമ്പും അദ്ദേഹം വന്നിട്ടില്ലേ . എന്നിട്ട് അമ്മയുടെ തോന്നലാ പോലും! “
ഈ അമ്മയ്ക്ക് എന്തായിപ്പോയി എന്ന് വേവലാതിപ്പെടുകയായിരുന്നു മകൻ.
അമ്മയുടെ മുഖത്ത് നേർത്ത ഒരു ചിരി പരന്നു.
കടുപ്പത്തിൽ ഒരു കാപ്പി എടുക്കട്ടെ എന്ന് പറഞ്ഞ് അടുക്കളയിലേക്ക് നടക്കുമ്പോൾ
അദ്ദേഹം വിലക്കി.
വേണ്ട നീ ഇവിടെ ഇരിക്ക് എന്നു പറഞ്ഞു.
പിന്നെ എന്തോ പരതും പോലെ ടീപ്പോയ് യുടെ അടിയിലും ടി.വിയുടെ പിറകിലും കണ്ണോടിച്ചു.
എന്താ തിരയുന്നതെന്ന് ചോദിച്ചപ്പോൾ മടിച്ചു മടിച്ചു പറയുന്നു.
ഒരു സിഗരറ്റ് വേണം.
“അയ്യോ ! അത് ഇവിടെ എങ്ങനെ ഉണ്ടാവാനാ ?”
ഞാൻ അന്തിച്ചു പോയി. അപ്പോൾ അക്ഷമയോടെ പിന്നെയും പറയുന്നു. “ഉണ്ടാവും. അന്ന് വന്നപ്പോൾ ഒരെണ്ണം മാത്രം ബാക്കി വന്ന സിഗരറ്റ് പായ്ക്കറ്റ് ഇവിടെ വച്ചിരുന്നല്ലോ.”
അപ്പോൾ ഓർമ്മ വന്നു. ഞാനത് കിടപ്പു മുറിയിലെ കബോഡിൽ എടുത്തു വച്ചിരുന്നല്ലോ എന്ന് !
സിഗരറ്റ് കൊടുത്തപ്പോൾ വല്യ സന്തോഷം . അതല്ല അതിശയം. അച്ഛന് ചെറുപ്പം തിരിച്ചു കിട്ടിയ പോലെ . നല്ല പ്രസരിപ്പ്.
പുകവലിച്ചു തീരും വരെ പഴയ കാര്യങ്ങൾ ഓരോന്നും ഓർത്തോർത്ത് പറഞ്ഞു കൊണ്ടിരുന്നു. നീ കുഞ്ഞായിരുന്ന കാലം….
സിഗരറ്റിന്റെ പുകമണം അപ്പോഴും അവിടെ തങ്ങി നില്ക്കുന്നുണ്ടായിരുന്നു. മകൻ മൂക്കുവിടർത്തി ശ്വസിച്ചു. ടീപോയിൽ വച്ചിരുന്ന സിഗരറ്റ് പായ്ക്കറ്റ് അറിയാത്ത മട്ടിൽ തുറന്നു നോക്കി. അതിൽ ഫിൽറ്റർ വരെ എരിഞ്ഞ സിഗരറ്റ് കുറ്റി . അതങ്ങനെ ഒഴിഞ്ഞ പായ്ക്കറ്റിൽ വയ്ക്കുന്നത് അച്ഛന്റെ ശീലമാണ്.
“ആ വർത്തമാനം കേട്ടിരുന്നപ്പോൾ ഞാനെന്റെ സങ്കടങ്ങളെല്ലാം മറന്നുപോയി.” പറഞ്ഞിട്ടും മതിവരാത്തതു പോലെ അമ്മ തുടരുന്നു.
‘സമയം കഴിഞ്ഞു ‘എന്ന് പറഞ്ഞാണ് പോകാനിറങ്ങിയത്.
മോൻ വന്നിട്ട് പോകാമെന്ന് എത്ര നിർബ്ബന്ധിച്ചിട്ടും നിന്നില്ല. തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി ഗേറ്റ് കടന്നു മറഞ്ഞു.
അച്ഛനെ കണ്ടിട്ടാണ് വരുന്നതെന്ന് മകൻ പറഞ്ഞില്ല. എങ്ങനെ പറയണം എന്ന് മനസ്സിൽ എഴുതിയും മായ്ച്ചും വലയുകയായിരുന്നല്ലോ. വാക്കുകൾ എത്ര അപര്യാപ്തം.
ഇനി പറയേണ്ടതില്ല . അങ്ങനെ തീരുമാനിച്ചപ്പോൾ മകന് നേരിയ ആശ്വാസം തോന്നി.
അത് അച്ഛനാണെന്ന് വിശ്വസിക്കാൻ ഇപ്പോഴും കഴിയുന്നില്ല. അസ്വാഭാവികമായ എന്തോ കണ്ട് പേടിച്ചരണ്ടതു പോലെ കണ്ണുകൾ …
ആ കരിവാളിച്ച മുഖം കണ്ടാൽ അമ്മയുടെ ഇടനെഞ്ച് പിടയും.
വീടുകൾ തമ്മിൽ ഒരുപാട് ദൂരമുണ്ടെങ്കിലും അവർ ഇപ്പോഴും മനസ്സുകൊണ്ട് എത്ര അരുകിലാണ്.
അഗാധമായി സ്നേഹിച്ചു കൊണ്ട് രണ്ടു വീടുകളിൽ കഴിയുന്ന അച്ഛനും അമ്മയും . വിചിത്രമായി തോന്നിയിട്ടുണ്ട്. പലപ്പോഴും ചോദിച്ചിട്ടുണ്ട്. വിധി എന്ന ഒറ്റവാക്കിൽ അമ്മ ഒഴിഞ്ഞു മാറും.
ഞാനൊന്ന് കുളിക്കട്ടെ.
“രാത്രിയായില്ലേ കുളിക്കണോ?”
അമ്മ ചോദിക്കുന്നു.
“വേണം “എന്ന് പറഞ്ഞു കൊണ്ട് മകൻ അകത്തേക്ക് നടന്നു.
തലയിൽ വീഴുന്ന വെള്ളത്തിലൂടെ കണ്ണീരും കലർന്നൊഴുന്നു. വിശ്വസിക്കാനാവുന്നില്ല. പിന്നെ വിചാരിച്ചു. ഓർമ്മ വച്ചതില്പിന്നെ അച്ഛനെ ഓർത്തുള്ള ആദ്യത്തെയും അവസാനത്തെയും വിലാപം.

ഗായത്രി രവീന്ദ്രബാബു

By ivayana