രചന : സുമോദ് പരുമല ✍

വിശന്ന് ചാവാറായ ഒരു മനുഷ്യക്കുഞ്ഞ്
കൂരിരിട്ടിലൂടെ നീന്തിനീന്തി
ചിതറിത്തെറിച്ച അമ്മഹൃദയത്തിൻ്റെ
ചോരത്തണുപ്പിലഭയം തെരയുമ്പോൾ ….
ആക്രമണശേഷി എത്ര ക്രൂരമായാണ്
സർഗ്ഗാത്മകതയായി വിലയിരുത്തപ്പെടുന്നത് …!
നട്ടുനനച്ച് തൊട്ടുതലോടി മരങ്ങളാക്കിയവ
കടപറിച്ചെറിയുന്ന അവനവൻബോധങ്ങൾ
ഞാൻ ജയിച്ചുവെന്നാർക്കുമ്പോൾ ,
ഭൂമിയും ആകാശവും കാലടിച്ചോട്ടിലെ
അമ്ലജലവും
മാഞ്ഞുപോയോരേ…
നിങ്ങളുടെ നിശ്വാസങ്ങൾ പോലും
വെടിയുണ്ടകളായിത്തീരുമ്പോൾ ..
കാലമെന്താണ് പറയേണ്ടത് ?
നിസ്സഹായതയുടെ
പ്രിസങ്ങളിലൂടെ
സ്നേഹം കടത്തിവിടുമ്പോൾ
കാരുണ്യത്തിൻ്റെ വർണ്ണരാജികൾ
പടർന്നൊഴുകുമ്പോൾ അവർ സ്നേഹത്തിന് പേരിട്ടു …
രാജ്യസ്നേഹം ,മത സ്നേഹം …
ദൈവസ്നേഹം …
സ്നേഹങ്ങൾ കുമിഞ്ഞുകൂടുന്നു .
നാമകരണപ്പെട്ട സ്നേഹങ്ങൾ
തമ്മിലുറ്റുനോക്കുമ്പോൾ
പകയുടെ ചെകുത്താന്മാർ
ജനികൊള്ളുന്നു .
ആദിയുടെ
ഏദൻതോട്ടത്തിൽ
സാത്താൻ ദൈവവും ദൈവം സാത്താനുമായി
മനുഷ്യനിലലിഞ്ഞപ്പോഴാണ് പോലും
കാലം കണക്കെടുപ്പുതുടങ്ങിയത് .
ശാസ്ത്രത്തിൻ്റെ മസ്തിഷ്കകോശങ്ങളിൽ
പകപാഞ്ഞ് കയറിപ്പുറത്തുവന്നപ്പോൾ
ലോകം മുടിയ്ക്കാൻപോന്ന ആയുധങ്ങൾ
ഉടൽപൂണ്ടു .
ഇവിടെ ,
ജയിച്ചവനെങ്ങനെയാണ്
ജയിച്ചവനാവുക …?
തോറ്റവനെങ്ങിനെയാണ് തോറ്റവനാവുക ..?
എൻ്റെ കുഞ്ഞുങ്ങളേ …
നിങ്ങളെത്ര ഭാഗ്യവാന്മാർ ..
എന്തെന്നാൽ
നിങ്ങൾ പിറവികൊണ്ടത്
ഇവിടെയാണല്ലോ …
എന്നാശ്വസിയ്ക്കുമ്പോൾ …
മനസ്സാക്ഷിയുടെ നെരിപ്പോടിനുള്ളിൽ
ഒരു ചോദ്യം തിളച്ചുമറിയുന്നു ,
“നിൻ്റെ കുഞ്ഞ് അവൻ്റെയുമല്ലേ ???
അവൻ്റെ കുഞ്ഞ് നിൻ്റെതുമല്ലേ …?
എല്ലാ കുഞ്ഞുങ്ങളും ദൈവങ്ങളാണ് .
എന്തെന്നാൽ
ദൈവം
മറ്റെങ്ങുമില്ലല്ലോ …

സുമോദ് പരുമല

By ivayana