രചന : സെഹ്റാൻ ✍

ചെന്നായ്ക്കളും,ശവംതീനിപ്പക്ഷികളും
ഒരിക്കൽ അവനോടു പറഞ്ഞു;
“നിന്റെ ഇണ ഒരു വ്യഭിചാരിണിയാണ്.”
അവനവരോട് സഹതാപം തോന്നി.
കാരണം, അവനപ്പോൾ *ഹാകുയീനെ
ഓർക്കുകയായിരുന്നു.
നിസംഗതയോടെയവൻ ചോദിച്ചു.
ഹാകുയീന്റെ ചോദ്യം.
“അങ്ങനെയോ…?”
അതുകേട്ട ചെന്നായ്ക്കളും,
ശവംതീനിപ്പക്ഷികളും അവന്റെ
ഇണയെ കടിച്ചുകീറിയും,
കൊത്തിപ്പറിച്ചും കൊന്നുതിന്നു!
കാലങ്ങൾക്കപ്പുറം അവയുടെ വയറ്റിൽ
ദഹിക്കാതെ കിടന്ന അവളുടെ
എല്ലുകൾ മരമായി വളർന്ന്
വായിലൂടെ ശിഖരങ്ങൾ നീട്ടിയപ്പോൾ
മരണപരാക്രമത്തോടെയവ
വീണ്ടുമവന് മുന്നിലെത്തി.
“നിന്റെ ഇണ ഒരു
നിഷ്കളങ്കയായിരുന്നു…”
അവന് പിന്നെയും ഹാകുയീന്റെ
ഓർമ്മ വന്നു.
വീണ്ടുമവന് അവയോട്
സഹതാപം തോന്നി.
നിസംഗതയോടെ അപ്പോഴുമവൻ
ചോദിച്ചു. ഹാകുയീന്റെ ചോദ്യം.
“അങ്ങനെയോ…?”
കാട്ടിലൂടെ നടന്നുപോയിരുന്ന
ഹാകുയീൻ ഇതുകേട്ടു.
ഒരു തോക്കെടുത്ത് അവന്റെ
കൈയിൽ കൊടുത്ത് അദ്ദേഹം പറഞ്ഞു;
“എന്റെ ചോദ്യം എനിക്ക് തിരികെത്തരിക.
എന്നിട്ട് കൊന്നുകളയ് ഇവറ്റകളെ…”

സെഹ്റാൻ

By ivayana