രചന : സുരേഷ് പൊൻകുന്നം ✍
(*ജീർണ്ണലിസത്തിന്നെതിരെ *)
യുദ്ധം തുടങ്ങിയില്ല
കബന്ധങ്ങളുന്മാദ നൃത്തംതുടങ്ങി സത്യമതിനെയെന്നേ കൊന്നു
സത്യത്തിൻ നാവാകേണ്ട പത്രങ്ങളൊക്കെ
വാ മൂടിക്കെട്ടി വടക്കോട്ട് നോക്കിയിനി
മറയ്ക്കാനെന്തുണ്ട് വാർത്തകളെന്നു
ചോദിച്ച് കുന്തം വിഴുങ്ങി കൊടച്ചക്രം മാതിരി
കറങ്ങിത്തിരിയുന്ന നാളുകൾ
നഗ്നം നഗര ഗലികളിൽ രക്തം
തളം കെട്ടി നിന്ന ദരിദ്ര ചേരികളിൽ
ഒട്ടും മുഖംതിരിക്കാതെ മാധ്യമങ്ങൾ
കെട്ട വാർത്തകൾക്കച്ച് നിരത്തി
അധികാര കേന്ദ്ര കവാടങ്ങളിൽ
ക്യാമറ തിരിച്ച് കെട്ട നാറ്റം
കീഴ്ശ്വാസ വായു സംപ്രേഷണം
ചെയ്താസനം താങ്ങി
ജീവിച്ചു പോന്ന നാൾ
ദില്ലി തണുത്തു മരവിച്ചിരുന്നു
മർത്യർ ദരിദ്ര ജന്മങ്ങളേതോ
മാതാപിതാക്കൾ പണ്ടിത് പോലെ
നട്ടംതിരിഞ്ഞ് തണുപ്പ് മാറ്റാൻ
കെട്ടിപ്പുണർന്ന് തിരിഞ്ഞും മറിഞ്ഞും
കിടന്നപ്പോളുണ്ടായ നരക ജന്മങ്ങൾ
പതിതർ ഒട്ടും വിഷാദമില്ലാതെ
കിട്ടും വിഷങ്ങളൊക്കെക്കഴിച്ച്
കട്ടപ്പൊകയായ്പ്പോയവർ
മർത്യരെന്ന് വിളിക്കാമോ?
മതിയൊട്ടുമേയില്ലാത്തവർ ചുമ്മാ
ആധാർ കാർഡും ചുമന്നുനടക്കുന്നവർ
ഇല്ലിവർ വാർത്തകളിൽ
വാർത്തകളിൽ:-
അല്ലലില്ലാതെ ജീവിക്കും
സ്റ്റോക്ക് എക്സ്ചേഞ്ചിലെ
ദണ്ഡമൊന്നുമില്ലാതെ വട്ടംകറങ്ങും സൂചികയിൽ
നോക്കിയിൻഡെക്സ് കേറുന്നതും താഴുന്നതുംകണ്ട്
കരടിയായും കാളയായും
മുക്രയിടുന്നവരുടെ വാർത്തകൾക്കർത്ഥം ചമയ്ക്കുന്നു,
പത്രങ്ങൾ മീഡിയാസ്
കഷ്ടം ദരിദ്ര പൈതൃകപ്പൊയ്ക്കാലിൽ
നിന്ന് കള്ള വാർത്തകൾ ചമയ്ക്കുന്നു,
വർത്തമാനകാല പത്രങ്ങൾ ദൃശ്യമാധ്യമപ്പെരുച്ചാഴികൾ.