രചന : മധു മാവില✍

ചമ്പൽക്കാടിൻ്റെ അതിർത്തിയിൽ കിഴക്ക് ഭാഗം കൊള്ളത്തലവൻ മൽക്കൻ സിംഗിൻ്റെ അനുയായികൾക്ക് കൂടുതൽ സ്വാധീനമുള്ള പ്രദേശമായിരുന്നു..
കറഹലിലും ബേനിബാദിലും അവരാണ് ജനങ്ങൾക്ക് വേണ്ട കാര്യങ്ങൾ യോഗം ചേർന്ന് പഞ്ചായത്തിൻ്റെ പദ്ധതികളായ് തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും..
ചമ്പൽ കൊള്ളക്കാർ കീഴടങ്ങിയതിന് ശേഷം രജ്ഗീർ മഹോൽത്സവം എല്ലാവരും സന്തോഷത്തോടെ ആഘോഷിക്കുന്നത് പതിവാണ്..
മൽക്കൻസിഗിൻ്റെ അനുയായികളായിരുന്നവരുടെ പിൻമുറക്കാരാണ് അഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതും കലാപരിപാടികൾ നടത്തുന്നതും.. ഉത്സവത്തിനും പരിപാടികൾക്കും
ആവശ്യമായ പണം സംഭാവനയായ് പഞ്ചായത്തും ജമിന്ദാർമാരും ഗ്രാമീണരും കൊടുക്കും..
പിരിച്ചെടുക്കുന്ന പണത്തിൻ്റെയും ചിലവിൻ്റെയും കണക്ക് ആർക്കും അറിയേണ്ടതില്ല.. ഗ്രാമീണർ ചോദിക്കാറുമില്ല..
ഇക്കൊല്ലത്തെ രജ്ഗീർ ഉത്സവം ബേനിബാദിൽ പ്രശ്നങ്ങളൊന്നും ഇല്ലാതെ ജനകീയമായ് ആഘോഷിച്ചതിൻ്റെ
സന്തോഷത്തിലായിരുന്നു ഗ്രാമീണർ..
പണ്ട് കാലത്ത് രജ്ഗീർ ഉത്സവനാളുകളിൽ കൊള്ളക്കാർ തമ്മിൽ എറ്റുമുട്ടുന്നത് പതിവാണ്… വെടിയൊച്ചകൾ കേട്ട് വിറക്കുന്ന രാത്രികൾ ഇപ്പോഴില്ല…
കൊള്ളക്കാരുടെ പെരുമ പേറുന്നവരെ കൊണ്ട് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും കുറെക്കാലമായ് ഇല്ല..


ബേനിബാദിൻ്റെ തെക്ക് കിഴക്കൻ പ്രദേശമായ മൊറേനയിലുള്ള മറ്റൊരു ചെറു സംഘവുമായി ഇവിടെ ചെറിയ കശപിശ ഉണ്ടാകുമെങ്കിലും നേരിട്ട് ഏറ്റുമുട്ടൽ ഒന്നും ഉണ്ടാകാറില്ല.
മൽക്കൻ സിംഗിൻ്റെ കാലത്തിന് ശേഷം ചമ്പലിലെ ആൾക്കാർ ഗ്രാമീണരുമായ് അടുത്തിടപെടുന്നത് കൊണ്ട് ജനങ്ങളുടെ ഇടയിൽ കൊള്ളയും കൊലയും ഉപേക്ഷിച്ചവരുടെ പിൻഗാമികൾക് സ്വീകാര്യത കിട്ടിത്തുടങ്ങിയിരുന്നു…
ഗ്രാമീണരുടെ പുതിയ തലമുറയും കൊള്ളക്കാരുടെ കൊലപാതക കഥകൾ മറന്നു.. രാവിലെ പണിക്ക് പോകണം കിട്ടുന്ന പൈസക്ക് ജീവിക്കണം’ …
വലിയ മോഹങ്ങളൊന്നും ഇല്ലാത്ത ചെറിയ മനുഷ്യരുടെ ലോകം. ..ചില ദിവസങ്ങളിൽ വൈകീട്ട് നാടൻ ലഹരി അകത്താക്കി സ്വപ്നം കണ്ട് കിടന്നുറങ്ങണം..
ചെറിയലോകത്ത് വലിയ സന്തോഷം കണ്ടെത്തുന്നവർ… ശാന്തമായ ഗ്രാമവും അവരുടെ ലോകവും സന്ധ്യയോടെ സുഖമായ് ബേനിബാദും ഉറങ്ങും..
അതിരാവിലെ മുതൽ എല്ലാവരും കരിമ്പിൻ്റെയും കടുകിൻ്റെയും വിശാലമായ പാടത്തിൽ ഗോതമ്പ് കഞ്ഞിയുമെടുത്ത് പണിക്ക് പോകും..


സ്കൂളിൽ പോകാത്ത കുട്ടികളും സ്ത്രികളും കൂട്ടത്തിൽ കൂടി കൃഷി പണി ചെയ്തു… കന്നുകാലികളെ വളർത്തി പാല് വിറ്റ് കിട്ടുന്ന പൈസക്ക് അവർക്കാവശ്യമുള്ള ജീവിതം കടകളിൽ നിന്ന് തൂക്കി വാങ്ങി..കടുക് പാടത്തിൽ പൂവിടുന്ന സ്വർണ്ണസ്വപ്നങ്ങൾക് നിറം കൊടുത്ത് ജീവിതം ആഘോഷിച്ചവർ…
വെള്ളപ്പൊക്കത്തിൻ്റെയും വരൾച്ചയുടെയും കാലത്ത് മാത്രം കണ്ണും കാഴ്ചയുമില്ലാത്ത ദൈവത്തിനെ വിളിച്ചു കരഞ്ഞു.. ചിലർ പിരാകി.. മറ്റു ചിലർ കുറ്റം പറഞ്ഞു… പ്രായമായവർ അവരുടെ വിധിയെന്ന് സ്വയം ആശ്വസിച്ചു..
രജ്ഗീർ ഉത്സവത്തിന് താൽക്കാലികമായ് കെട്ടിയ ചന്തകൾ പലതും പൊളിച്ചിരുന്നില്ല..
അവിടെയാണ് ഒഴിവ് നേരങ്ങളിൽ ആൾക്കാർ ഒത്തുകൂടുന്നത്.
ശനിയാഴ്ച ദിവസം ഉച്ചയോട് കൂടി പണിമതിയാക്കി വീട്ടിലേക്ക് വരും.
പിന്നെ ചന്തയിലും മരത്തിൻ്റെ ചുവട്ടിലും ഒത്തുകൂടും.
ശനിയും ഞായറും വിശാലമായ പാടത്തിന് വിശ്രമമാണ്.


അന്ന് ശനിയാഴ്ച ദിവസം ബൈകുന്ദയുടെ വീട്ടിൽ നിന്നും
ബഹളം കേട്ട് ഓടിക്കൂടിയവർ പരസ്പരം ചോദിച്ചു…
എന്താ പ്രശ്നം…
എന്താണന്നറിയില്ല…
ഒച്ചയും ബഹളവും കേട്ടിട്ടാണ് സത്യേന്ദ്ര ബഹ്റയും അവിടേക്ക് വേഗത്തിൽ നടന്നത്.
ആരുമായിട്ടാണ് പ്രശ്നം..?
അതും അറിയില്ല….
അയൽക്കാരനായ ദീപക്ദാസ് ഒന്നും മനസിലാവാത്തപോൽ അവിടെ നിൽക്കുന്നുണ്ട്..
സത്യേന്ദ്ര അയാളോട് ചോദിച്ചു…
എന്താണ് പ്രശ്നം…
കൃത്യമായ് അറിയില്ല… തെറി പറയുന്നതിൽ നിന്ന് എന്തോ നാറ്റക്കേസാണന്ന് തോന്നുന്നു.


ദീപക് ദാസ് പറഞ്ഞു…
ബൈകുന്ദനാഥയുടെ വീട്ടിൽ ഇന്ന് ഉച്ചക്ക് അയാളുടെ ഒരു ചങ്ങാതി കാറിൽ വന്നിരുന്നു .. ആരോ ആ കാറിൻ്റെ മുന്നിലെത്തെ ടയറിൻ്റെ കാറ്റഴിച്ചു വിട്ടു.
കാറ്റഴിച്ചത് ആരാണന്നറിയില്ല..
ആരും കണ്ടിട്ടില്ല…
കാർ നാളെ എടുത്തോളാം എന്ന് പറഞ്ഞു വന്നയാൾ തിരിച്ചു പോവുകയും ചെയ്തു.
ജോലി കഴിഞ്ഞെത്തിയ
ബൈകുന്ദയോട് അയാളുടെ ഭാര്യ സംഗിത ഈ സംഭവം പറഞ്ഞു…
ആർക്കായാലും ദേഷ്യം പിടിക്കൂലെ.. !!
ബൈകുന്ദക്ക് അടക്കാൻ പറ്റാത്ത ദേഷ്യം
അയാൾ ബഹളം വെക്കുന്നതതിനാണ്.
അയൽക്കാരെ ശകാരിക്കുന്നതും.
കേട്ടറിഞ്ഞവർ പരസ്പരം ചോദിച്ചു..
ആരാണത് ചെയ്തത്…
ഈ ദ്രോഹം ചെയ്തതാരാണ് ..?
ആരായാലും ഇത് ചെയ്യാൻ പാടില്ലന്ന് പറഞ്ഞവരും ഉച്ചത്തിൽ പറഞ്ഞില്ല..
കുറ്റം ചെയ്തത് ആരാണന്നറിയാതെ
ഭാഗം ചേരാൻ പാടില്ല.. തെറ്റും ശരിയും തരം നോക്കാതെ പറഞ്ഞാൽ പ്രശ്നമാകും.. പലരും മൗനത്തിലായി.
ബേനിബാദ് ചമ്പലിൻ്റെ പ്രേതങ്ങൾ ഉറങ്ങുന്ന നാടാണ്.
ബൈകുന്ദ ബഹളം വെക്കുന്നു.
ഏത് നായിൻ്റെ മോനാണങ്കിലും വിടില്ലന്നും

വായിൽ വന്നതെല്ലാം അയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു പിന്നെ പിന്നെ സംശയം ഉള്ള ചിലരെ ലക്ഷ്യം വെച്ചുള്ള തെറി വാക്കുകളായി.

ഓടിക്കൂടിയവരും അയൽക്കാരും ബൈകുന്ദയുടെ ഭാഗം ചേർന്നു…
എന്നാലും എല്ലാവർക്കും സംശയം..
കാറ്റഴിച്ചതാരാണ്..?
എന്തിനാണ്..?
പരസ്പരം ചോദിച്ചു….
ആരും കണ്ടിട്ടില്ല…
ഒച്ചയും ബഹളവും
തെറിവിളിയായ് മാറിയപ്പോൾ കുറെ നേരം കേട്ടു നിന്ന കര്യനന്ദ്ന് ഇഷ്ടപ്പെട്ടില്ല.. അവൻ കയറി ഇടപെട്ടു..
ബഹളം നിർത്താൻ പറഞ്ഞു…


അയാൾ എന്തോ അത്തരത്തിൽ പറഞ്ഞത്. ബൈകുന്ദക്ക് പിടിച്ചില്ല..
പിന്നെ അവർ തമ്മിൽ വാക്കേറ്റം നടന്നു.
അതും തർക്കമായ് മാറി.
കര്യനന്ദയുടെ കൂട്ടുകാരും
ബൈകുന്ദക്കെതിരെയായ് സംസാരിച്ചു..
അവർ തമ്മിലുള്ള വാക്കേറ്റവും വെല്ലുവിളിക്കും ശേഷം
കര്യനന്ദയും കൂട്ടുകാരും പിരിഞ്ഞ് പോകുമ്പോൾ പറയുന്നുണ്ടായിരുന്നു.
നിന്നെ പിന്നെ കണ്ടോളാം…
ചമ്പലിൻ്റെ മുദ്രാവാക്യമാണത്…
വേറെ എന്തോ പ്രശ്നവുമായ് ചിലർ ഇതിനെ ബന്ധിപ്പിച്ചു സംസാരിക്കുന്നത് കേട്ടപ്പോൾ സത്യേന്ദ്ര ബഹ്‌റക് കാര്യം മനസിലായി….
കാറ്റഴിച്ചുവിട്ടത് ? കരുതിക്കൂട്ടി ചെയ്തതാണ്.
വേറെന്തോ കണക്ക് തീർക്കലാണ്..
പതിറ്റാണ്ടുകൾ കഴിഞ്ഞാലും ഇവിടെ ഇത്തരം പ്രതികാരങ്ങൾ ഉണ്ടാകും…
ബേനിബാദിൻ്റെ രീതിശാസ്ത്രമാണത്.


ഗ്രാമീണർ നടന്നു പോകുന്ന റോഡ് ടാർ ചെയ്യാതെ കിടക്കുന്നതും റോഡരികിലുള്ള ഒരാളോടുള്ള പ്രതികാരമാണെന്ന് നാട്ടുകാർക്ക് അറിയുന്ന കഥയാണ്…
എന്നാലും അരും പ്രതികരിക്കില്ല.
ബഹളം കഴിഞ്ഞ് എല്ലാവരും പോയി
സത്യന്ദ്രമാത്രം അവിടെ ബാക്കിയായി.
മഴപെയ്ത് തീർന്നിട്ടും ബൈകുന്ദയുടെ വീട്ടിൽ ഒച്ചയും ബഹളവും പിന്നെയും നിർത്താതെ പെയ്തു കൊണ്ടിരുന്നു.
ടയറിൻ്റെ കാറ്റ് അഴിച്ചുവിട്ടത് ആരാണന്ന് കണ്ടവർ പറയില്ല..
സംശയം ഉള്ളവരെ അയാൾക്കറിയാം…
പക്ഷെ തെളിവില്ല..
തെളിവില്ലാതെതന്നെ ഈ നാട്ടിൽ പലതും നടക്കും….
കണ്ടതും കേട്ടതും കുറ്റവാളിയുടെ ജാതിയും രാഷ്ടീയവും അധികാര സ്വാധീനവും നോക്കിയേ ആളുകൾ പറയൂ. ഇക്കാര്യത്തിൽ
കൊള്ളക്കാരുടെ നിയമം തന്നെയാണ് കാറഹലിലും ബേനിബാദിലും ..ഇന്നും.
പ്രതികൾ കൊള്ളക്കാരുടെ ആളാണങ്കിൽ
കുറ്റകൃത്യങ്ങൾക്ക് സാക്ഷികളുണ്ടാവില്ല…
കണ്ടാലും ആരും പുറമേ പറയില്ല..


ചമ്പൽ കൊള്ളക്കാരുടെ കാലം കഴിഞ്ഞിട്ടും
തൻ്റെ വീട്ടിൽ വരുന്ന,ചങ്ങാതിയെ അപമാനിക്കാനും ദ്രോഹിക്കാനും ഇവർക്കെന്ത് അധികാരം..
നാടിൻ്റെ ഭരണം മാറിയിട്ടും നാട് ഭരിക്കാൻ ഇവർ ആരാണ്…?
ആരായാലും വെറുതെ വിടൂല്ല..
ബൈകുന്ദ ബലിഷ്ടമായ ശരീരവും തൻ്റേടവുമുള്ള ആണൊരുത്തനാണ്.. ധൈര്യവാനും..
ആരെയും കൂസാത്ത പ്രകൃതം.
രജ്ഗീർ ഉത്സവത്തിന് അയാൾ മാത്രം സംഭാവന കൊടുത്തിരുന്നില്ല എന്ന് ആൾക്കൂട്ടത്തിൽ നിന്ന് ആരോ പറയുന്നത് കേട്ടിരുന്നു. അവൻ്റെ ഭാര്യയെ പരിപാടിയിലേക്ക് പലവട്ടം വിളിച്ചിട്ടും കലാപരിപാടികളിൽ പങ്കെടുപ്പിച്ചിരുന്നില്ല.. ബിഹു നൃത്തത്തിന് വിളിക്കാൻ വന്നവരോട് ബൈകുന്ദ ദേഷ്യത്തിൽ സംസാരിച്ചിരുന്നുപോലും


സ്വന്തം വീട്ടിലെ സ്ത്രീകളെയും കുട്ടികളെയും വിളിച്ചിട്ട് പരിപാടി നടത്തണം എന്നിട്ട് മറ്റുള്ളവരുടെ വീട്ടിലെ സ്ത്രികളെ വിളിച്ചാൽ മതി…. ഉത്സവ പരിപാടിക്ക് എന്ന് പറഞ്ഞ് സുന്ദരിമാരായ സ്ത്രികളെ വിളിക്കുന്നവരുടെ കണ്ണ് മറ്റ് വഴിയിലൂടെയാണന്ന് ചിലർ അടക്കം പറയുന്നത് ബൈകുന്ദയും അറിഞ്ഞിരുന്നു.
ബൈകുന്ദ ഇവരുടെ മുഖത്ത് നോക്കി ഇതെല്ലാം പറഞ്ഞത് അവർക്കും ചമ്മലായി.. അപമാനമായി.
അതിൻ്റെയൊക്കെ ദേഷ്യം തീർക്കാൻ ആസൂത്രണം ചെയ്തതാണ് ഇത്.
ഉള്ളിൽ പകയോടെ നടക്കുന്നവർ അവസരം കിട്ടാൻ കാത്തിരിക്കുകയായിരുന്നു.
ബേനിബാദിൽ ഇത്തരത്തിലുള്ള പല കളികളും നേരിട്ട് കണ്ടിട്ടുള്ള
സത്യന്ദ്രബഹ്റ മനസിൽ ഉറപ്പിച്ചു.


ഇത് പ്രതികാരമാണ്…
കൊള്ളക്കാരുടെ ശിങ്കിടികളുടെ തീരുമാനമാണ്..
കര്യനന്ദയുടെ നാവിലൂടെ വന്നതും.
നിന്നെപ്പിന്നെ കണ്ടോളം എന്ന ഫത്വയും..
ബേനിബാദിലെ ആണുങ്ങളുടെ മറ്റൊരു രീതി. ദേഷ്യവും ടെൻഷനും വരുമ്പോൾ എല്ലാവരും റോഡിലേക്ക് ഇറങ്ങി നടക്കും..
വഴിയിൽ കാണുന്നവരോട് തരം നോക്കി കൊളുത്തിപ്പിടിക്കും.
രണ്ടടിച്ചിട്ടാണങ്കിൽ അത് പലരുടെയും മേലെക്ക് പടർന്ന് കയറും..
ചിലപ്പോൾ നിരപരാധികളും അതിൽ പെട്ടുപോകാറുണ്ട്
ചന്തക്കടുത്ത് വെച്ച് കര്യനന്ദയും ചങ്ങാതിമാരും സന്ധ്യക്ക് ബൈകുന്ദയെ
വഴിയിൽ തടഞ്ഞു നിർത്തി ചോദ്യം ചെയ്തു…


പലരും അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ദേവദാസിയായ്
വ്യഭിചരിക്കുന്നവർ ഇവിടം വിട്ട് പോകണം
ഇത്തരത്തിലുള്ളവരെ ഇവിടെ പൊറുപ്പിക്കില്ല…ഇത്തരം പരിപാടികൾ നിർത്തുക.അല്ലങ്കിൽ ഇവിടം വിട്ട് പോകുക..
ആൾക്കുട്ടത്തിൻ്റെ തെറി വിളികൾ.. വെല്ല് വിളിയായ് മാറി..
ചിലർ അടിക്കാനായ് തള്ളി വരുന്നു..
ബൈകുന്ദയെ പത്തിരുപത്തഞ്ച് ആളുകൾ വളഞ്ഞിട്ട് ചോദ്യം ചെയ്യുകയാണ്.. ഉച്ചക്ക് തെറി വിളിച്ചതതിനും കുറ്റം ആരോപിച്ചതിനും മാപ്പ് പറയണം..
ആൾക്കൂട്ടത്തിൻ്റെ ഫത്വ….
വാദി പ്രതിയായ് മാറിയിരിക്കുന്നു.


പലരും ഒച്ചവെക്കുന്നു..
കൂട്ടത്തോടെ തെറി വിളിക്കുന്നു. ഭീഷണിപ്പെടുത്തുന്നു. ബഹളത്തിൻ്റെ ഇടക്ക് ആ വാക്ക് ബൈകുന്ദയുടെ ചെവിയിൽ ശരം പോലെ തുളച്ച് കയറി..
ഈ ഗ്രാമത്തിൽ വേശ്യാലയം നടത്താൻ സമ്മതിക്കുകയില്ല..
കുറെക്കാലമായ് തൻ്റെ വീട്ടിൽ നടക്കുന്നത് എല്ലാവരും കാണുന്നുണ്ട്…
ഇന്നോടെ നിർത്തണം… അല്ലങ്കിൽ..?
ബേനിബാദിൻ്റെ തീരുമാനമാണ്..
ഈ ആൾക്കൂട്ടത്തിന്
എതിരാവാൻ സാധ്യതയുള്ള ശബ്ദങ്ങൾ ഇല്ലാതാക്കുന്ന പുതിയ രീതികൾ..കള്ളക്കഥയുണ്ടാക്കി പ്രചരിപ്പിക്കുക .എതിർക്കുന്നവരുടെ വീട്ടിലെ സ്ത്രീകളെയും അപമാനിക്കുക
ബൈകുന്ദയേയും കുടുബത്തിനെയും ഒറ്റപ്പെടുത്തി … ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ഗൂഢാലോചന യുടെ ഭാഗമാണ് ഉച്ചക്ക് നടന്നത്..
അതിൻ്റെ ബാക്കിയാണ് ഈ ആൾക്കൂട്ടം.


കറഹലിയിൽ നിന്നും മൊറേനയിൽ നിന്നും ആൾക്കാരെ മുൻകൂട്ടി
ഇവിടെയെത്തിച്ചത് അതിനാണ്..
ബൈകുന്ദക്ക് ദേഷ്യവും സങ്കടവും ഇരട്ടിയായ്..
ഒറ്റപ്പെട്ടുപോയവന് ന്യായങ്ങളില്ല.
അവൻ്റെ വാദങ്ങളും അവകാശങ്ങളും ബഹളത്തിനിടയിൽ മുക്കിക്കളയും.
ശബ്ദമില്ലാതായവൻ്റെ തലയിൽ അനീതികൾ തുപ്പിക്കൊണ്ടേയിരിക്കും.
മൽക്കൻസിംഗിൻ്റെ കാലശേഷവും കൊള്ളസംഘങ്ങൾ പലവേഷത്തിലും ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്നുണ്ട്.. അവർ പല പരിപാടിയുടെയും പേരിൽ പിരിവെടുക്കും. ഒറ്റക്കും കൂട്ടായുമുള്ള കപ്പം പിരിക്കൽ.
എതിർക്കാൻ ശേഷിയില്ലാത്ത ഗ്രാമീണർ പണം കൊടുക്കും.
ബൈകുന്ദ കുറച്ച് കാലമായ് ഇത്തരം സംഘങ്ങൾക്ക് പിരിവ് കൊടുക്കാറില്ല.
എതിർത്ത് സംസാരിക്കുകയും ചെയ്യും..
അവരുടെ കണ്ണിലെ കരടായ് മാറി.


അതിൻ്റെ പ്രതികാരമാണ്…
ബൈകുന്ദയും ഭാര്യയും കുറച്ച് കാലമായ് മാറി നിൽക്കുന്നു എന്നും,
എതിർക്കാൻ ശ്രമിക്കുന്നു എന്ന് കൊള്ളക്കാരിൽ ചിലർക്ക് തോന്നിയതിൻ്റെ പ്രതികാരമാണ്
നടന്നത്…
അയാൾ തളർന്നു പോയി.
കുടുബവും അപമാനിക്കപ്പെട്ടിരിക്കുന്നു.
ചമ്പലിൻ്റെ പ്രേതങ്ങൾ നിറം മാറിയിരിക്കുന്നു. കൊന്നു തള്ളുന്നതിന് പകരം അനുസരിക്കാത്തവരെ സംഘടിതമായ് കീഴ്പ്പെടുത്തുകയാണ്…
ആൾക്കൂട്ടത്തിൻ്റെ നടുവിൽ ബൈകുന്ദ തല താഴ്ത്തി നിന്നു.
ജയിച്ചവരുടെ പടപ്പാട്ടുകൾ ചുറ്റും മാറ്റൊലിക്കൊണ്ടു….
ചോരയും നീരും വറ്റി കാഴ്ച ഇല്ലാതെ പാറപോലെ എന്നോ മരവിച്ചു പോയ ബേനിബാദിലെ പ്രേതങ്ങൾ. നിസ്സഹായനായ ബൈകുന്ദക്ക് ചുറ്റും പൊട്ടിച്ചിരിക്കുന്നത് നിങ്ങളും കാണുന്നില്ലേ…

മധു മാവില

By ivayana