രചന : തോമസ് കാവാലം ✍

നിശബ്ദതയിൽ ഞാൻ കേൾക്കുന്ന ശബ്ദങ്ങൾ
നിതാന്തമെന്നെ ഗ്രസിച്ചീടുന്നു
നിഴലുകൾപോലെങ്ങോ പലായനം ചെ-
യ്തഴലുവീഴ്ത്തുന്നുഴലും ഭൗമർ.

കൊള്ളിമീൻ വീഴുംപോലുയരുന്നു വഹ്നി
കൊള്ളരുതായ്മകൾ ചെയ്തീടവേ
കൊള്ളിവയ്പ്പിനും കളമൊരുങ്ങീടവേ
ഉള്ളവരുറ്റവർ പോയ് മറയും.

കച്ചവടം പൊടിപൊടിക്കും നേരത്തു
കച്ചകെട്ടിയിറങ്ങും സംഗരം
ഉച്ചനീചത്വങ്ങളില്ലിവിടെങ്ങുമേ
സ്വച്ഛ ചിന്തയൊന്നു ലാഭം മാത്രം.

സ്വാർത്ഥനേട്ടങ്ങൾക്കു കോട്ടംവന്നീടുമ്പോൾ
അർത്ഥമുള്ളൊരു കൊട്ടുയരുന്നു
കൂട്ടം കൂടീടുന്നു ‘ദേശാഭിമാനികൾ’
നട്ടം തിരിയും ജനസാഗരം.

കലുഷിതമായ കായലിൽ മത്സ്യത്തിൻ
വിറളി പിടിച്ച വിലാപം പോൽ
നിലനിൽപ്പില്ലാതെ കലക്കിക്കലക്കി
വിലയില്ലാതവർ ചത്തടങ്ങും .

കാഹളമൂതുന്നു കാട്ടാളരെന്ന പോൽ
കാട്ടിലെ നീതി നടപ്പിലാക്കാൻ
വികല ചിന്തകളയവിറക്കുന്നു
സകല മനുഷ്യരും ഭ്രാന്തരായ്.

പെരുമ്പറയ്ക്കൊപ്പം വെറുപ്പുയരുന്നു
പാരിനെ ബാധിക്കും ഭൂതം പോലെ
മുണ്ടു മുറുക്കിയുടുത്തും കൊണ്ടെല്ലാരും
പണ്ടത്തെ മുനിമാർക്കൊപ്പമാകും.

അടർക്കളത്തിൽ ശിരസ്സുകളത്രയും
അസുതേടുന്നു ജീവിച്ചീടുവാൻ
വീടുവിട്ടകന്ന വീരയോദ്ധാക്കളെ
വീട്ടിലുള്ളവരോ കാത്തിരിക്കും.

യുദ്ധത്തിൻ തിന്മകൾ യുദ്ധത്താൽതീരുമോ?
യുദ്ധമൊരിക്കലും ശാന്തമല്ല
യുദ്ധം നാം ചെയ്യണം നമ്മിലെനന്മയ്ക്കായ്
ഉള്ളിലെ തിന്മയകറ്റീടുവാൻ.

തോമസ് കാവാലം

By ivayana