രചന : അശോകൻ പുത്തൂർ ✍

ദൈവത്തിന്റെ
ആണ്ടുപെരുനാളിന്
പുണ്യദർശനത്തിന് എത്തിയതായിരുന്നു
അച്ഛനും അമ്മയും കുട്ടിയും
സംശയങ്ങളുടെ നിവൃത്തികേടിൽ
കുട്ടി ദൈവത്തോട് ചോദിച്ചു
ഇത്രകണ്ട് ദൈവങ്ങളുണ്ടായിട്ടും
ഭൂമിയിൽ ഇത്രമേൽ
യുദ്ധവും പട്ടിണിയും
ആരുടെ സന്തോഷത്തിനാണ്………
എന്തിനാണ്
അമ്പലങ്ങളും പള്ളികളും
ഇത്ര ഉയരത്തിൽ പണിയുന്നത്…….
ദൈവം പറഞ്ഞു
ദൈവങ്ങളുടെ പേരുചൊല്ലി
വെട്ടിമരിച്ച് യുദ്ധംചെയ്ത്
മനുഷ്യരക്തം പ്രളയമാകും കാലം
ദൈവങ്ങൾക്ക്
കാഴ്ചകണ്ടു രസിക്കാൻ
മനുഷ്യൻ പണിയുന്ന മേലാപ്പാണിതെല്ലാം
ദൈവം
ഇങ്ങനെ പറഞ്ഞ ദിവസമാണ്
ഭൂമിയിലെ
ഉമ്മിണിക്കണ്ടം ഗ്രാമത്തിലെ
അമ്പലങ്ങളും പള്ളികളും
മണ്ഡകപ്പുരകളും ജാറങ്ങളും
ജീവിച്ചിരിക്കുന്ന മനുഷ്യർ
ഇടിച്ചു നിരത്തിയത്.

അശോകൻ പുത്തൂർ

By ivayana