രചന : മംഗളൻ എസ്✍
പ്രേമത്തിൽ കുങ്കുമം വാരി ദിവാകരൻ
പടിഞ്ഞാറ്റേപ്പെണ്ണിന്റെ മാറിൽ ചാർത്തിയോ!
മാറിൻ വിയർപ്പോടലിഞ്ഞൊരാകുങ്കുമം
സാഗര സന്ധ്യയ്ക്കു കാശ്മീരം ചാർത്തിയോ!
രാവേറെയായി രാപ്പക്ഷികൾ മയങ്ങി
നിശാസ്വപ്ന ലോകത്തേക്കവൾ മടങ്ങി!
ജാലകവാതിൽ തുറന്നു വന്നു തെന്നൽ
പ്രണയത്തിൻ മൃദുമന്ത്രം കാതിൽ മൂളി!
നിദ്രയിൽ നിന്നുമുണർന്നെഴുന്നേറ്റവൾ
കാറ്റുതുറന്നിട്ടൊരാ വാതിൽക്കലെത്തി
മെല്ലെ മിഴിക്കോണിലൂടെ നോക്കി ദൂരെ
കണ്ടതോ പൂമരച്ചോട്ടിൽ തൻ കാമുകൻ!
ചന്ദ്രിക പാൽ നിലാ വെട്ടത്തിൽ കണ്ടവൾ
ചന്ദ്രത്തിളക്കത്തിൽ മിന്നും മുഖകാന്തി
സൂര്യനെക്കാൾ ശോഭയോലുന്ന സുന്ദരൻ
സുര്യചന്ദ്രന്മാർ വണങ്ങും മനോഹരൻ!
താരകക്കുഞ്ഞുങ്ങളെല്ലാ മുറങ്ങിപ്പോയ്
താരിളം ചന്ദ്രികപ്പെണ്ണോ മിഴിപൂട്ടി
ചിറകുള്ള സ്വപ്ന മനോരഥമേറി
ആകാശഗംഗയിലൂടെയവർ പാഞ്ഞു!
തണുവുള്ള മഞ്ഞിൻ കണങ്ങൾ വീണു
കുയിലമ്മ കുളിരേറ്റു ചിറകടിച്ചു
ചിറകുകൾക്കുള്ളിൽ തന്നിണയെച്ചേർത്തു
ആൺകുയിൽ പ്രണയാമൃതം ചൊരിഞ്ഞു!