രചന : റഷീദ ഇഷാഖ് ജീവ ✍
മത വൈറസ്
മദം പൊട്ടി വാഴുന്നു
വെടിയൊച്ചകൾ കാതടപ്പിക്കുന്നു
വൈറസ് …
നീയെവിടെയാണ് ??
സ്നേഹത്തിന്റെ സുഗന്ധം കൊണ്ട്
പൂനിലാക്കടലായൊഴുക്കാൻ
നിനക്കു മാത്രമാണ് കഴിഞ്ഞിരുന്നത് !
നീയുണ്ടായിരുന്നപ്പോ
അകത്തളത്തെങ്കിലും
ഞങ്ങൾ സുരക്ഷിതരായിരുന്നു.
അല്ലേലും നീ ഞങ്ങളോട് എന്തു മാത്രം
നീതി പുലർത്തിയിരുന്നെന്നോ ?
കുഞ്ഞുങ്ങളായ ഞങ്ങളോട് നീ വലിയ
കരുതലുകളാണ് നിറച്ചിരുന്നത്.
ജയവും തോൽവിയും എന്താണെന്ന്
ഞങ്ങൾക്കറിയാതിരുന്നിട്ട് പോലും
ചെന്നായക്കൂട്ടങ്ങൾ ചാടി വീണ്
ഞങ്ങളിൽ അവസാന കുഞ്ഞിന്റേയും
ശ്വാസമെടുക്കാനിരിക്കുന്നു
കുറ്റം ചെയ്യാതെ വധശിക്ഷയ്ക്ക്
വിധിക്കുകയാണവർ
അംഗം വെട്ടാതെ നീയെടുത്ത
ശരീരത്തെ ഇന്നു വിളിക്കുന്നത്
മൃതാവശിഷ്ടങ്ങളെന്നാണ്.
വികൃതമല്ലാത്ത വിട്ടുവീഴ്ചകളുടെ
വിടർന്ന പുഞ്ചിരി
അതും അനിവാര്യമെന്ന്
നീയായിരുന്നില്ലേ പഠിപ്പിച്ചിരുന്നത് !
പങ്കുവെക്കലിന്റെ പാഠങ്ങൾ
പകർന്നുകൊണ്ട് നീ നൽകിയ
റൊട്ടിക്കഷണങ്ങൾക്കും
വെണ്ണപ്പഴങ്ങൾക്കും
ഹൃദയത്തിന്റെ പരിമളമുണ്ടായിരുന്നു
എന്നാലിന്ന് അതെല്ലാം ചോരയിൽ
കുതിർന്നിരിക്കുന്നു.
എല്ലാം …
ചോരയുടെ മണം പരത്തുന്നു.
നിന്റെ പഴിച്ചവർ പോലും ചിലപ്പോഴെങ്കിലും വാഴ്ത്തിപ്പോകുന്നു.
മതമാണ് പോലും
ആരാധനാലയമാണ് പോലും
പുണ്യഭൂമിക്കാണ് പോലും
വൈറസ് … നീ എന്തെല്ലാം
പഠിപ്പിച്ചു.
എന്തേ ഈ മതവൈറസ് മാത്രം ഇങ്ങനെ ??