രചന : സായ് സുധീഷ് ✍

ബിടെക്കിന്റെ ആറാം സെമസ്റ്ററായപ്പോ ഇനീം അരിയേഴ്സ് വച്ചോണ്ടിരുന്നാ
പാസൗട്ടാവുമ്പോ പണി കിട്ടാണ്ട് പണി കിട്ടുമെന്ന് പേടിച്ച് റോണി അതു വരെയുള്ള ബാക്ക് പേപ്പറൊക്കെ ഒരുമിച്ചെഴുതിയെടുക്കാൻ തീരുമാനിച്ച ഒരു പരീക്ഷക്കാലം.
ബാക്ക് പേപ്പറുണ്ടെങ്കിൽ എല്ലാ ദിവസവും രണ്ടു നേരമൊക്കെ പരീക്ഷയുണ്ടാവണത് സാധാരണമാണ്, ഉറക്കമൊക്കെ ഒരു വഴിയാവും, നൈറ്റൗട്ടൊക്കെ സ്ഥിരവും.
അങ്ങിനെ ആ പരീക്ഷക്കാലത്തെ എല്ലാ പരീക്ഷകളും കഴിഞ്ഞ് റോണി വിശ്രമിക്കാൻ തിരഞ്ഞെടുത്ത വൈകീട്ട് ആറ് മണി മുതലുള്ള സമയം.


സ്വന്തം മുറിയിൽ കിടന്നുറങ്ങിയ റോണിയെ ഏകദേശം വൈകീട്ട് ഏഴരയോടെയാണ് ഉറക്കത്തിൽ എണീറ്റ് നടക്കണ നിലയിൽ അന്ന് താമസിച്ചിരുന്ന വീടിന്റെ പുറകീന്ന് കണ്ട് പിടിക്കപ്പെടുകയായിരുന്നു പുറകിലെ കിണറിന്റെ ഡയറക്ഷനിൽ നടന്ന് പോകായിരുന്ന റോണിയുടെ ആ പോക്കിൽ എന്തോ ഒരു അലെൻ മെന്റ് പ്രോബ്ലം ഫീൽ ചെയ്ത ബിനുവാണ് വിളിച്ചിട്ടും നിൽക്കാതെ പോയ റോണിയെ ഓടിച്ചെന്ന് പിടിച്ച് നിർത്തീത്. ഒരൽപം കൂടി മുന്നോട്ട് പോയിരുന്നേൽ നേരെ കിണറ്റിൽ വീണേനെ!
ഉറക്കത്തീന്നെണീറ്റ റോണി “ഞാനിപ്പെന്താ പറഞ്ഞേ നകുലേട്ടാ, ഞാനെന്തോ പറഞ്ഞല്ലോ ? ” ന്നൊക്കെപ്പറഞ്ഞ് മണിചിത്രത്താഴിൽ ശോഭന സുരേഷ് ഗോപിയോട് ഇമോഷണലായ പോലെ ബിനുവിനോട് എന്തൊക്കെയോ പറഞ്ഞത്രേ!


വൈകാതെ റോണി ഉറക്കത്തിലെ ണീറ്റ് നടന്ന കഥ ഫ്ലാഷ് ന്യൂസാവുകയും എല്ലാരും ചേർന്ന് ആൾടെ മുറിയിൽ ഒരു അഡ് ഹോക്ക് മീറ്റിങ്ങ് ചേരുകയും ചെയ്‌‌തു.
ഇൻക്യുബേറ്ററിലിരിക്കണ കോഴിമുട്ട പോലെ സമീപ ഭാവിയിൽ വിരിഞ്ഞിറങ്ങാനിരിക്കണ എഞ്ചിനീയർമാരായതിനാൽ ഒരു പ്രോബ്ലം കണ്ടാൽ ആദ്യം ഡാറ്റാ കളക്ഷനും, പിന്നെ അനാലിസിസും, അതിന് ശേഷം പോസിബിൾ സ്വല്യൂഷൻസ് ഐഡന്റിഫിക്കേഷനും, അവസാനം ഓപ്റ്റിമൽ സൊല്യൂഷൻ സെലക്ഷനുമാണെന്ന് തിരിച്ചറിഞ്ഞ ഒരോരുത്തരും സീനിയർ ജൂനിയർ ഭേദമന്യേ റോണിയുടെ മുറിയിൽ ചേർന്ന അഡ്ഹോക്ക് മീറ്റിങ്ങിൽ വന്നു ചേർന്നു.


ഡാറ്റാ കലക്ഷന്റെ ഭാഗമായി ഉറങ്ങാൻ കിടന്ന കിടക്ക, കട്ടിൽ, കിടപ്പിന്റെ ദിശ, പുതച്ചിരുന്ന പുതപ്പിന്റെ നിറം സ്വഭാവം തുടങ്ങിയവയും റൂട്ട് കോസ് അനാലിസിസിൽ റോണിയുടെ പ്രപിതാക്കൻമാരുടെ നിദ്രാ രീതികളെക്കുറിച്ചുള്ള സാമാന്യ പഠനവും നടന്നു. ഒരു പാട് ഓപ്ഷനുകൾ വന്നെങ്കിലും രാത്രി വാതിലുകൾ അടച്ച ശേഷം താക്കോലുകൾ റോണിയല്ലാതെ മറ്റാരെങ്കിലും സൂക്ഷിക്കാം എന്ന സ്വലൂഷൻ അവസാനം തിരഞ്ഞെടുക്കപ്പെട്ടു.


മീറ്റിങ്ങിൽ ആദ്യം കട്ടിലിൽ ഇരുന്നു പങ്കെടുത്ത റോണിയെ അവസാനം കൈ രണ്ടും തലക്ക് പിറകിൽ കെട്ടി കട്ടിലിൽ മലർന്ന് കിടന്ന് “ഇവിടെ ഇത്രേം പേരുണ്ടായിട്ടും, എനിക്ക് തന്നെ ഈ മാരക രോഗം വന്ന് പെട്ടല്ലോന്ന് ” ആത്മഗതിച്ച് സർവ്വാഗം ഡെസ്പ്പായി കിടക്കണ സീനിലാണ് മീറ്റിങ്ങവസാനിപ്പിച്ചപ്പോൾ കാണപ്പെട്ടത്.
“നന്നായിട്ടൊന്നുറങ്ങ്യാ മതീടാ, ഒക്കെ ശര്യാവും”ന്നൊക്കെ പറഞ്ഞ് എല്ലാരും റോണിയെ ആശ്വസിപ്പിച്ചെങ്കിലും, റോണിയങ്ങ് ഓക്കേയാവണില്ല.
“ആ കിണറ്റിലെങ്ങാൻ വീണിരുന്നേൽ ഞാൻ ചത്തുപോയീനീർന്നില്ലേ ” ന്നുള്ള ആധി ഷെയറു ചെയ്ത് മനസമാധാനം കിട്ടാതെ കാൽപാദങ്ങൾ രണ്ട് വശത്തേക്കുമാട്ടി റോണി മലർന്ന് കിടന്നു.


അപ്പോഴാണ് ടൗണീപ്പോയ ജയ്സൺ കേറി വരണത്. എന്താ ഏതാന്നൊക്കെ ചോദിച്ച് വന്നപ്പോ ഇതേ കേസ് ജയ്സൺന്റെ ആന്റീടെ മോനുണ്ടായിരുന്നത്രേ, പേര് സോമ്നാംബുലിസം !
“അങ്ങിനെ പേടിക്കേണ്ട കേസൊന്നില്ലടാ, നീയിങ്ങനെ ഉറക്കം കളഞ്ഞ് പഠിക്കാനിരുന്നിട്ടാ, ഇതൊക്കെ ടപ്പേന്ന് മാറില്ലേ, ടെൻഷനടിക്ക്യണ്ടാവശ്യല്ല” ന്നൊക്കെ ജയ്സൺ പറഞ്ഞത് കേട്ട് തളർന്ന് കിടന്നിരുന്ന റോണി “ആണോ?” ന്നൊക്കെ ചോദിച്ചെണീറ്റ് വന്നു ഉഷാറായി. “പിന്നല്ല ! സിവിയറാണേൽ മാത്രം പ്രോപ്പർ ട്രീറ്റ്മെന്റടുത്താൽ മതി”യെന്ന് ജയ്സൺ. അതിനു ശേഷം പത്ത് മിനുട്ട് ജയ്സൺ ഞങ്ങൾക്കെല്ലാം സോമ്നാംബുലിസത്തെക്കുറിച്ച് ക്ലാസെടുത്തു. സമാധാനത്തോടെ എല്ലാവരും പിരിഞ്ഞു.


ഒരു മൂഡില്ലാതിരുന്നോണ്ട് അന്ന് രാത്രി വൈകി ഭക്ഷണം കഴിച്ചോണ്ടിരുന്ന റോണി മറ്റാരും ശ്രദ്ധിക്കാതിരിക്കാൻ ശബ്ദം താഴ്ത്തിയാണ് ജയ്സണോടതു ചോദിച്ചത്, “ഡാ, നിന്റെ ആ സോമ്നാംബുലിസം കസിനില്ലേ? അവനിപ്പോ എവിടുണ്ട്?? “
” അയ്യോ, ഞാനത് പറഞ്ഞില്ലേ?? അവൻ കഴിഞ്ഞ കൊല്ലം ഉറക്കത്തിലെണീറ്റ് നടന്ന് പോയിട്ട് കിണറ്റീ വീണ് മരിച്ചു പോയീട്ടാ, നീ ചോയ്ച്ചത് നന്നായി, അടുത്താഴ്ച്ച അവന്റെ ആണ്ടാണ്, കറക്ട് ഒരു കൊല്ലാവും!!”


വായിലേക്ക് വച്ച ചോറുരുള ഇറക്കാൻ പോലും വെയിറ്റ് ചെയ്യാതെ, ഇരുന്ന ഇരിപ്പിൽ കസേരയോടെ പുറകിലേക്ക് ഒരൊറ്റ മറിച്ചിലായിരുന്നത്രേ റോണി !

സായ് സുധീഷ്

By ivayana