രചന : കല ഭാസ്‌കർ ✍
🤭🤭
ഒന്നോർത്താൽ
ഒരു ചിതയും ഒരു കാലത്തും അണയുന്നില്ല.!
🥴🥴
ആയിരക്കണക്കിനു വർഷം മുമ്പ് ,
രാജാവായിട്ടും ശ്മശാന കാവൽക്കാരനായിരിക്കാൻ വിധിക്കപ്പെട്ട
സത്യവാനായ ഒരു മനുഷ്യൻ കൊളുത്തിയ
ചിതാഗ്നിയുടെ തുടർച്ചയായാണ്
ഓരോ ചിതയും കൊളുത്തപ്പെടുന്നതെന്ന്
കേട്ടിട്ടുണ്ട്.
എങ്കിൽ മനുഷ്യരുള്ള കാലം വരെയും
ചിതകൾ കത്തിക്കൊണ്ടിരിക്കും.
അഗ്നിനാവുകളുടെ ആർത്തി
നിങ്ങളുടെ കള്ളവും കന്മഷവും
ഇല്ലാതാക്കുകയും നിങ്ങൾ
സത്യത്തിലേക്ക് പുനർജനിക്കുകയും
ചെയ്യും.
❤️❤️
കത്തി തീരും മുൻപ് ചിത പറഞ്ഞത്
…………………………………………………..
ആളിപ്പടരുന്ന അഗ്നിനാവുകളേക്കാൾ
എത്രമാത്രം ചൂടു കൂടുതലാണ്
അമർന്നു തീരുന്ന ചെങ്കനലുകൾക്കെന്നറിയാമോ..?
ഒരു ജന്മം മുഴുവൻ നീറി നീറി
പുകഞ്ഞതിന്റെ മുഴുവനോർമ്മകളും അവരിലന്നേരം ജ്വലിച്ച് നിൽക്കും.
പാതിവെന്തതും നിന്നെരിഞ്ഞതുമായ
അനുഭവങ്ങളുടെ തീച്ചൂളകൾ
പിന്നീട്
ഒരു ചിതയ്ക്കായി ബാക്കിവെയ്ക്കുക
ഉരുകാത്ത നട്ടെല്ലുറപ്പു മാത്രമാണ്.
അതിസുഗന്ധികളായ വ്യജ്ഞനങ്ങൾ ചേർത്ത്
അതീവഹൃദ്യമായ് ആരോ
പാകമാക്കിയെടുത്തൊരു വിഭവം
രുചിക്കുമ്പോലെ അഗ്നിയൊരൊറ്റ
തൊട്ടു നക്കലിൽ തീർത്തു കളയും
ജീർണ്ണിക്കും മുമ്പേയാ ജീവിതമത്രയും.
കെട്ട രുചിയുടെ വായ്ക്കയ്പിലോ,
വേദനകളുടെ ലഹരി
പിന്നെയും എരിവ്
ബാക്കി വെച്ചിട്ടോ
ആവോ,
തീയൊന്നാളിക്കത്തും അല്പനേരം.
അടക്കി വെച്ച കരച്ചിലുകളും
അമർത്തി താഴ്ത്തിയ ആക്രോശങ്ങളും
എത്ര ആശ്വാസത്തോടെയാണെന്നോ
തലയോട് ,
ഉള്ളിൽ നിന്ന് പൊട്ടിച്ചിതറിച്ച്
പുറത്തുകളയുക…!
ഒരു പക്ഷെ ശ്രദ്ധിച്ചാൽ കേൾക്കും,
ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെ
വരിവരിയായി ഒരു നെഞ്ചിൻകൂട്
തകർത്തിറങ്ങിപ്പോവുന്ന
പിറുപിറുപ്പൊച്ചകൾ.
നിങ്ങളോട്…..
സ്നേഹം സ്നേഹമെന്ന്
അടുത്ത് ചെന്നിരുന്ന്
ആ എരിതീയിൽ എണ്ണയൊഴിക്കരുത്.
കണ്ണീരുകൊണ്ട് നനച്ചണയ്ക്കാൻ
നോക്കുകയും വേണ്ട.
അതങ്ങനെ അമർന്നു കത്തിക്കോട്ടെ..!
കരളുരുകിയും പെരുകിയും
ഒരഗ്നിശിലയായ് മണ്ണിലുറയട്ടെ !
ഒരു ചെന്തെറ്റി മുളയ്ക്കുന്നത്
കാണുന്നേരം ,
തിളയ്ക്കുന്ന ലാവയുറങ്ങുന്ന
ഒരു ഹൃദയത്തിന്റെ വിത്തിവിടെ
കുഴിച്ചിട്ടുണ്ട് എന്നോർത്താൽ
മാത്രം മതി.