രചന : ജിബിൽ പെരേര✍

ഇന്നെലയാണെന്റെ
മൊബൈൽ പ്രസവിച്ചത്.
ഭംഗിയുള്ള രണ്ട് പോത്തിൻ കുട്ടികൾ
ഒന്ന് വെളുത്തതും
ഒന്ന് കറുത്തതും
കറുത്തതിനെ ഞാൻ കറി വെച്ചു.
വെളുത്തതിനെ OLX ൽ വിറ്റു.
കഴിഞ്ഞ പ്രസവത്തിൽ
മൂന്ന് നീല കുറുക്കന്മാരായിരുന്നു.
മൂന്നിനേം മൃഗശാലയ്ക്ക് കൈമാറി.
ആദ്യപ്രസവത്തിലുണ്ടായ
നാല് കോഴികളെ വളർത്തി,
അതിന്റെ മുട്ടവിറ്റ പൈസ കൊണ്ടാണ്
പുതിയ ബെൻസ് വാങ്ങിയത്.
ലൈക്കുകളും കമന്റുകളും കൊണ്ട് നേടിയ
കോടികൾ ഒളിപ്പിക്കാൻ
ടൗണിൽ
അഞ്ചേക്കർ പറമ്പ് വാങ്ങി..
പച്ചക്കറി വാങ്ങാൻ
അമ്മ വിളിച്ചപ്പോൾ
എനിക്ക് നഷ്ടപ്പെട്ടത്
ആറ് മലേഷ്യൻ ട്രിപ്പുകളാ…
നാളെ ചന്ദ്രനിൽ ഒരു മീറ്റിങ്ങ് ഉണ്ട്.
മറ്റന്നാൾ ചൊവ്വയിലും.
റേഷൻ കടയിൽ പോകാൻ
ഓർമ്മിപ്പിച്ചെത്തിയ
അച്ഛന്റെ മെസ്സേജ്
അതുരണ്ടും തകർത്തു.
കഴിഞ്ഞമാസം
എന്റെ മൊബൈലിൽ
ഒരു മണിക്കൂർ ചാർജ് തീർന്നത് കൊണ്ട്
ഐക്യരാഷ്ട്ര സഭയുടെ
ഏഴ് ഉച്ചകോടികളാണ് മാറ്റി വെച്ചത്.
മൊബൈൽ വെള്ളത്തിൽ വീണ് കംപ്ലൈന്റ് ആയിരുന്നു.
അല്ലേൽ
റഷ്യ-യുക്രെയ്ൻ
യുദ്ധം സംഭവിക്കില്ലായിരുന്നു.
നാശം..
നെറ്റും വാലിഡിറ്റിയും കഴിഞ്ഞു.
ഇനി കസേരയിൽ നിന്ന് എണീക്കണം.
പൈസ ഒപ്പിക്കണം..
ജംഗ്ഷനിലെ കടയിൽ പോണം.
റീചാർജ് ചെയ്യണം.
”അച്ഛാ…
ഒരു 500 രൂപയ്ക്ക് റീചാർജ് ചെയ്യാമോ”

ജിബിൽ പെരേര

By ivayana