രചന : ഡോ, ബി, ഉഷാകുമാരി✍

വിജനതീരത്തൊരായിരമോർമ്മയിൽ
മുഴുകി ഞാൻ സ്വയം നഷ്ടമാകുമ്പോഴും
അരികിലെത്താളിൽ കുത്തിക്കുറിച്ചുപോയ്‌
അനഘസ്നേഹത്തെ വാഴ്ത്തുന്നൊരീരടി !
വിരഹസംയോഗമാത്രകളെന്നുമീ
ധരയിലാവർത്തനങ്ങളെന്നാകിലും
സരളസ്നേഹരസത്താൽ തളിർക്കട്ടെ
ഹൃദയബന്ധങ്ങൾ,, ആർദ്രഹൃദന്തങ്ങൾ !
വ്രണിതചിത്തരെ, ഉന്മാദഗ്രസ്തരെ,
വിരഹതപ്തരെ, നിദ്രാവിഹീനരെ,,
കവനപീയൂഷധാരയാലാവോളം
കരകയറ്റുവാനെത്ര യത്നിക്കിലും
അപരിഹാര്യമാമെത്രയോ ക്ലേശങ്ങൾ
അവനിയിൽ മേല്ക്കുമേൽ പെരുകീടവേ
വെറുതെയെങ്കിലും മോഹിക്കയാണ് ഞാൻ
ക്ഷിതിയിൽ കല്പകപാദപമാകുവാൻ

ഡോ, ബി, ഉഷാകുമാരി

By ivayana