രചന : ഷിബു കണിച്ചുകുളങ്ങര ✍

കണിക്കൊന്ന പൂത്തുലഞ്ഞ
മലർവാടിതൻ അങ്കണത്തിൽ
മാധവം പ്രേമോദാരകമായ് ,
വിഷുസംക്രമപ്പക്ഷി
കലമ്പിപ്പറന്നിറങ്ങി
കർണികാരച്ചോട്ടിലാമോദം.
തുള്ളിക്കളിക്കുമാശലഭങ്ങളായിരം കാദംബരിക്കു
ചുറ്റുമാലോലനൃത്തമാടി.
ചിന്നിച്ചിതറിയ കാർമേഘപടലങ്ങൾ
വെമ്പുന്നിതൊന്നിച്ചു
കൂടുവാനെന്തിനോ,
മിന്നിത്തെളിഞ്ഞിത്ര
നേരത്തെയെത്തിയെൻ കാന്തൻ
ചന്തത്തിലൊത്തിരി കൂട്ടരുമായ്
വല്ലാത്ത പ്രൗഢിയിലൊത്തിരി
ഗാനങ്ങൾ മുരളികയിൽ
അമ്പമ്പോ നാദവിസ്മയമായ്.
കണ്ടിട്ടും കാണാതെ നില്ക്കുന്ന
ഗോപികമാർ കള്ളപ്പരിഭവം പിന്നെ
ശൃംഗാരനടനവും വഴിയായ്,
ആഢ്യത്തിലേറ്റം കണ്ണൻ്റ ചാരത്ത്
മാനസലോലയായ് കൂടുന്നു ഞാനും,
വൃന്ദാവനത്തിലന്നോളമിന്നോളം
തൃപ്പാദസേവയുമായടിയനുമുണ്ടാകും.

ഷിബു കണിച്ചുകുളങ്ങര .

By ivayana