രചന : S.വത്സലാജിനിൽ✍

വെന്റിലേറ്ററിൻ പള്ളയിൽ,
എന്റെ അവശവാർദ്ധക്ക്യം
തടവിലായിട്ട്:
ഇന്നേക്ക്
അഞ്ചു മാസങ്ങൾ പിന്നിട്ടിരിക്കുന്നു.
ഇതിനകത്തൊറ്റപ്പെട്ടൊരു
കുള്ളൻ ഗ്രഹം എന്ന വണ്ണം
പ്രതികരിക്കാനോ,
പ്രതിഷേധിക്കാനോ
പ്രതിരോധിക്കാനോ ആകാതെ
ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ടു
ഞാനുറങ്ങുന്നു…. ഉണരുന്നു…
ഇവിടെ,
ഈ ശീതികരണമുറിയിൽ
രാവും പകലും വേർതിരിച്ചറിയാനാകാതെ,,
പുറം കാഴ്ചയിലേയ്ക്കൊന്നെത്തി നോക്കുവാൻ
ഒരു കുഞ്ഞു ജാലകം പോലും ഇല്ലാതെ
ശുദ്ധവായുവിന്റെ രഹസ്യമൊഴി
ശ്വസിച്ചും, നിശ്വസിച്ചും:ഞാൻ
എന്റെ
നാൾവഴികളിലൂടെയുള്ള പ്രയാണം
തുടർന്ന് കൊണ്ടിരിക്കുന്നു….
ഇടയ്ക്ക്
അടഞ്ഞ കൺപോളകളിലേയ്ക്ക്
തിരക്കിട്ടു വരുന്നു :
തഴമ്പേറ്റ് പൊടിഞ്ഞ മോഹത്തിന്റെ
ചില ഭാവനാ ദൃശ്യങ്ങൾ….
നോക്കൂ,,അതാ
ആ തറവാട് വീടിന്റെ തെക്കിനിയിൽ,
ബന്ധുജനങ്ങളുടെയെല്ലാം
പരിചരണങ്ങളും,
സ്നേഹവായ്‌പ്പുമേറ്റ്, ഓരോ
ആർദ്രമുഖങ്ങളും കണ്ടു കൊണ്ടു
സ്വഛ്ചതയോടെ
നാവിലിറ്റിച്ചു വീഴ്ത്തുന്ന
തുളസിതീർത്ഥം നുണഞ്ഞിറക്കി
സംതൃപ്തിയോടെ
കണ്ണടയ്ക്കുന്ന ഞാൻ!!!!
എത്ര നടക്കാത്ത സ്വപ്‌നങ്ങൾ!
വില്പത്രം എഴുതിയപ്പോൾ :
“എന്നെ വെന്റിലേറ്ററിൽ കിടത്തരുതേ ‘
അവസാനം,
എല്ലാരേം കണ്ട് കൊണ്ട്
എനിക്ക് കണ്ണടയ്ക്കണം “ന്ന്
ഒരു വാൽ കഷ്ണം
എഴുതിച്ചേർക്കേണ്ടതായിരുന്നു!!
പ്രിയ വെൻറ്റിലേറ്റർ,
ഞാനിതാ യാത്രയാകുന്നു….
എനിക്ക്….. ഒരിറ്റ്…. വെള്ളം… തരൂ.
തളരുന്ന എന്റെ കൈകാലുകൾ
ഒന്ന് തടവി തരൂ…
സ്നേഹവായ്പ്പോടെ
എന്നോട് എന്തെങ്കിലും പറയൂ…
“മരണമെത്തുന്ന നേരത്ത് നീയെന്റെ
അരികേ ഇത്തിരി നേരം ഇരിക്കണം….. “👍🙏

S.വത്സലാജിനിൽ

By ivayana