രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍

കുഞ്ഞൻപൂച്ച കുട്ടിക്കുറുമ്പൻപൂച്ച
കുഞ്ഞുനാളിലേയെന്റെ വീട്ടിൽവന്നു
അമ്മയെക്കാണാതെ തേടിയലഞ്ഞവൻ
എന്റെമുന്നിൽ നിന്ന് നിലവിളിച്ചു

കണ്ണിലെ ഭീതിയും വയറിലെ നീറ്റലും
കണ്ടപ്പോളെന്നുള്ളം പിടഞ്ഞുപോയി
പതിയെപ്പതിയെ അവനടുത്തുവന്നു
എന്റെ ഭാഷയുംവേഷവുമിഷ്ടപ്പെട്ടു

ചിരട്ടയിലിത്തിരിപ്പാലൊഴിച്ചതും നോക്കി
പേടിയോടെയവൻ മിഴിച്ചുനിന്നു
പൂച്ചതൻഭാഷ പഠിച്ചപോലെഞാൻ
ആംഗ്യവുംശബ്ദവും പുറത്തെടുത്തു

മെല്ലെമെല്ലെയവനടുത്തുവന്നു പിന്നെ
പാലുനുണഞ്ഞെന്നെയൊളിഞ്ഞു നോക്കി
തൊട്ടടുതടവിഞാൻ പേടിമാറ്റി അന്ന്
കുഞ്ഞനെന്നവനൊരു പേരുമിട്ടു

ആരോമൽക്കുഞ്ഞിനെപ്പോലെയവനെ ഞാൻ
താരാട്ടിപ്പാലൂട്ടി പരിപാലിച്ചുപോന്നു
ഞാനുംകളത്രവും മാത്രമാണെങ്കിലും
വീട്ടിലവൻവന്നപ്പോൾ ശബ്ദമുഖരിതമായി

കൊഞ്ചിയുംതടവിയും ഓടിയുംചാടിയും
ഒളിച്ചുകളിച്ചവൻ വളർന്നുവന്നു
കുഞ്ഞായെന്നുള്ളൊരു വിളികേട്ടാലവനുടെ
വട്ടക്കണ്ണിൽവെട്ടം തുളുമ്പിവന്നു

ഇന്നാണവൻവന്ന ദിവസമെന്റെവീട്ടിൽ
ഇന്നവന്റെ പിറന്നാളാഘോഷമായി
കേക്ക്മുറിക്കണം ഫോട്ടോയെടുക്കണം
മൂന്ന്വവയസ് പൂർത്തിയാക്കികുഞ്ഞൻ

രോമവുംമീശയും വളർന്നുവന്നു അവൻ
കാണുവാൻ സുന്ദരനായിമാറി
ചാരനിറംകൊണ്ട് മേനിതെളിഞ്ഞപ്പോൾ
പുള്ളികളായി കുറെ വെള്ളനിറം

ആംഗ്യവുംഭാഷയും പഠിച്ചെടുത്തുഅവൻ
കണ്ണുകൊണ്ടെന്നോട് കഥപറഞ്ഞു
കുഞ്ഞൻപൂച്ച എന്റെ കാടൻപൂച്ച
ഇന്നെന്റെജീവന്റെ ഭാഗമായിമാറി

കൂടെയിരിക്കാനും കൂടെക്കളിക്കാനും
കൂടെ ക്കരയാനുമവൻ മാത്രമായി
ഇന്നൊരു നോവാണവനെന്റെയുള്ളീൽ
എന്നെവിട്ടവനെങ്ങാൻ പോയെങ്കിലോ

ഹൃദയത്തിൽകതിരിട്ട ചേതോവികാരങ്ങൾ
ഹൃദയത്തിൽത്തളച്ചിടാൻ കഴിഞ്ഞീടുമോ…?
മനസിന്റെയുള്ളിലൊരൽപ്പം ഇടംമാറ്റി
മിണ്ടാപ്രാണികൾക്ഖായി വെയ്ക്കരുതോ..?


മോഹനൻ താഴത്തേതിൽ

By ivayana