രചന : യൂസഫ് ഇരിങ്ങൽ✍
ഒരാളെ ഏത് സാഹചര്യത്തിലും ഉപാധികളില്ലാതെ കേൾക്കുക എന്നത് വളരെ മനോഹരവും വിലയെറിയതുമായ ഒരു കാര്യമാണ് .കരുതലോടെ, സ്നേഹത്തോടെ പറഞ്ഞു കൊണ്ടിരിക്കാൻ ഒരാളും ക്ഷമയോടെ സഹനുഭൂതിയോടെ അത് കേൾക്കാൻ ആരെങ്കിലും ഉണ്ടായിരിക്കുകയും ചെയ്യുമ്പോഴാണ് എല്ലാ ബന്ധങ്ങൾക്കും പൂർണത കൈവരുന്നത്. വ്യഥകളും വേദനകളും പ്രിയപ്പെട്ടവരോട്, ഏറെ അടുപ്പമുള്ളവരോട് പങ്ക് വെക്കാൻ ചിലർ കൊതിക്കും.
ചിലർ ഒന്നും ആരിലേക്കും പകർന്നു വെക്കാൻ മനസില്ലാതെ ദുരുഹതകളാലോ അവ്യക്തതകളാലോ ചുറ്റപെട്ട തുരുത്തുകളിൽ ഒറ്റപ്പെട്ട കഴിയും. വളരെ തിരക്കേറിയതും സങ്കീർണ്ണവുമായ ജീവിത യാത്രയിൽ, ആധികളുടെയും ആവലാതികളുടെയും കെട്ടഴിക്കുമ്പോൾ കേൾക്കാൻ സന്നദ്ധമായി നിലകൊള്ളുന്ന മനസുണ്ടാവുക എന്നത് വലിയൊരു സമ്പാദ്യം ആയിട്ട് കരുതണം.
സന്തോഷങ്ങളെക്കാൾ ഒരാളുടെ സങ്കടം കേൾക്കാനാണ് ഏറെ ക്ഷമയും സന്മനസ്സും വേണ്ടത്. എപ്പോഴും കേൾവിക്കാർ കുറയുന്ന കഥകൾ സങ്കടങ്ങളുടേതാവും. . ഒരാളുടെ സങ്കടകഥകൾക്ക് ചെവിയോർക്കുക എന്നാൽ മരണത്തിന്റെയോ കടുത്ത ഡിപ്രഷന്റെയോ കൂർത്തമുനമ്പിൽ നിന്ന് പതിയെ വെളിച്ചത്തി ലേക്കോ ആശ്വാസതീരത്തേക്കോ കൈപിടിച്ചു നടത്തുക എന്ന് തന്നെയാണ്. അഭിമുഖമായി വന്ന് നിന്ന് പേടിപ്പെടുത്തിയ ഏതോ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട പോലെഅവർ ജീവിതത്തിലേക്കോ മനസാന്നിധ്യത്തിലേക്കോ പതിയെ മടങ്ങി വരും.
ജീവിതത്തിലെ അതി സങ്കീർണമായ സമസ്യകൾക്ക്,അപരിഹാര്യമായ സന്നിഗ്ദാവസ്ഥകൾക്ക്,ചിലപ്പോഴൊക്കെ നമ്മുടെ കയ്യിൽ ഒറ്റ മൂലികൾ ഇല്ലായിരിക്കും. അവരുടെ ചോദ്യങ്ങൾക്ക് ഒരു പക്ഷെ വ്യക്തമായ മറുപടിയും ഇല്ലായിരിക്കും . എങ്കിലും അവരെ യഥാസമയം കേൾക്കാനുള്ള മനസാണ് നമ്മുടെതായിട്ടുള്ള ഏറ്റവും വലിയ സഹായ ഹസ്തം.നല്ലൊരു കേൾവിക്കരനാവുക എന്നത് ഏറെശ്രമകരമാണ്.സഹാനുഭൂതിയും സഹൃദയത്വവും ഉള്ളവർക്ക് മാത്രമേ വിങ്ങുന്ന മനസ്സുകൾക്ക് സാന്ത്വന സ്പർശം നൽകാൻ പറ്റുകയുള്ളൂ.
മറയില്ലാതെ, നാട്യങ്ങളില്ലാതെ സംസാരിക്കാൻ കഴിയുക, കേൾക്കാൻ ആർക്കെങ്കിലും, എവിടെയിരുന്നെങ്കിലും സമയം ഉണ്ടാവുക എന്നത് തന്നെയാണ്എല്ലാകാലവും സ്വച്ഛന്ദമായി കടന്നു പോവാൻ ഏറ്റവും അവശ്യമായിട്ടുള്ളത് എന്ന യാഥാർഥ്യം മറക്കാതിരിക്കാം.