രചന : ഹരിദാസ് കൊടകര✍

മഴക്കാലമാണ്..
നിഴൽക്കൂവകൾ,
കാണുന്നതെല്ലാം,
ഖനനം നടത്തി;
തോൽച്ചെപ്പിലാക്കി-
തൻ-ഇഷ്ടം പുതച്ചു.

സമഷ്ടിവാദം-
കുഴിയെടുക്കുവോർ
ചോദ്യങ്ങളെല്ലാം,
കൊത്തിപ്പറുക്കി-
പുൽക്കൂനയിട്ടു.
ഈർപ്പം തുരത്തി;
തടം തോരാനിരുന്നു.

പ്രത്യയദർശനം..
നിത്യവഴുതന;
തെങ്ങറ്റമെത്തി.
നീൾക്കൂടുകെട്ടി,
ഭൂതലിപികളിൽ-
എഴുത്തോല പാകി.

കരിനിഴലായ്
കൊത്തിയാളുന്ന
പക്ഷികൾ
കന്മതിൽച്ചാടി
കനലരികിലെത്തി.
ബാക്കി പ്രാണൻ-
വിശന്നു.

മുറിച്ചൂട്ടിലെത്തീ-
മന്ദാര മൂകത;
മനം തൊട്ടുഴിഞ്ഞും,
മൃതി ചാരി നിന്നു.
കാലറ്റ വീടുകൾ-
പ്രാകിക്കൊഴിച്ചും;
നിലതെറ്റിയെന്ന്-
കൈവിട്ട ലോകം.

അധിനിവേശകർ..
പരക്കുന്ന കാലം;
നാല്പാമരങ്ങൾ,
തണൽ ദേശമാക്കി.
മണ്ണും മരങ്ങളും
ജലനിശ്ചയത്താൽ
ഹരിത വിംശതി
പാകാനെടുത്തു.

ഓർമ്മപ്പതിവുകൾ
മൺമേനിയാക്കി.
നിഴൽക്കൂവ സർപ്പം,
ഇഴയാനുറച്ചു.
സൂക്ഷിച്ച്..
കീഴെ കല്ലിളകിയിട്ടുണ്ട്.

ഹരിദാസ് കൊടകര

By ivayana